ADVERTISEMENT

മരട് ∙ വെറും 10– 15 സെക്കൻഡുകൾക്കുള്ളിൽ തീരുന്ന മരടിലെ ഫ്ലാറ്റ് പൊളിക്കൽ അത്ര ഗുരുതര പ്രശ്നമല്ലെന്ന് മേൽനോട്ട ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽകുമാർ സിങ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയ ശേഷമേ പൊളിക്കൽ തുടങ്ങൂ. അതിൽ ആശങ്ക വേണ്ട. 120 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണം എന്നാണു തീരുമാനിച്ചിട്ടുള്ളത്. തയാറെടുപ്പ് ഒന്നോ രണ്ടോ മാസമെടുക്കും എന്നു മാത്രം.

ഡിസംബർ അവസാന വാരമോ ജനുവരി ആദ്യമോ പൊളിക്കാനാകും വിധമാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളതെന്ന് സ്നേഹിൽകുമാർ സിങ് പറഞ്ഞു. 2 മീറ്ററിനപ്പുറം പ്രത്യാഘാതം ഉണ്ടാകില്ല. 50 മീറ്റർ വരെ ചിലപ്പോൾ പൊടിപടലം ഉണ്ടാകാമെങ്കിലും 500 മീറ്റർ വരെ ആളുകളെ ഒഴിപ്പിക്കും. ഫയർ എൻജിൻ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു പൊടി കുറയ്ക്കും.

സമീപവാസികൾക്കു നാലോ അഞ്ചോ മണിക്കൂർ മാത്രമേ മാറി നിൽക്കേണ്ടി വരൂ. ഇതിന്റെ കാര്യങ്ങൾ ജില്ലാ ഭരണകൂടം നോക്കുന്നുണ്ട്. പൊളിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഫ്ലാറ്റായി കണ്ടെത്തിയത് ഹോളി ഫെയ്ത് എച്ച്ടുഒ ആണ്. റിഫൈനറിയിലേക്കുള്ള എണ്ണക്കുഴൽ 15 മീറ്റർ അടുത്തു കൂടിയാണു പോകുന്നത്. 500 എംഎം കുടിവെള്ള പൈപ്പും അടുത്തുണ്ട്. കുണ്ടന്നൂർ– തേവര, കുണ്ടന്നൂർ– നെട്ടൂർ സമാന്തര പാലങ്ങളും ഇതിനടുത്താണ്.

ഇതിനെക്കാൾ ബുദ്ധിമുട്ടായി കണ്ടെത്തിയിട്ടുള്ളത് ഈ ഫ്ലാറ്റിനോടു ചേർന്നുള്ള ഒരു വീടാണ്. ഒരു മീറ്റർ മാത്രമാണ് ഈ വീടും ഫ്ലാറ്റും തമ്മിൽ അകലം. ഇതിനും പരിഹാരം കണ്ടിട്ടുണ്ട്. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു വീടു മുഴുവൻ മൂടാനാണു തീരുമാനം. മുൻകരുതൽ എന്ന നിലയിൽ എണ്ണ, കുടിവെള്ള പൈപ്പുകളിൽ പമ്പിങ് നിർത്തിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അംഗീകാരം നൽകാതെ മരട് നഗരസഭ

ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികളെ തിരഞ്ഞെടുത്തത് അടക്കമുള്ള തീരുമാനങ്ങൾക്കു മരട് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകിയില്ല. അജൻഡയിൽ ഇല്ലാത്ത വിഷയത്തിന് അംഗീകാരം നൽകാനാവില്ലെന്ന് രാഷ്ട്രീയ ഭേദമില്ലാതെ അംഗങ്ങൾ നിലപാടെടുത്തു. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാ‍ൽ, പരിസരവാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷം നിയമപ്രകാരം അജൻഡ തീരുമാനിച്ചു യോഗം വിളിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com