ADVERTISEMENT

തൃശൂർ ∙ ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ വത്തിക്കാനിൽ നടക്കുമ്പോൾ വിശുദ്ധയെ കിരീടം ധരിപ്പിക്കുന്ന ചടങ്ങിനൊരുങ്ങി ജന്മദേശമായ പുത്തൻചിറ ഗ്രാമം.

വാഴ്ത്തപ്പെട്ടവർ വിശുദ്ധ പദവിയേറുമ്പോൾ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സിൽ അണിയിക്കും. തുടർന്നു സ്വരൂപം വഹിച്ചുകൊണ്ടുള്ള ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങ് തൽസമയം പ്രദർശിപ്പിക്കാനും അനുബന്ധ ചടങ്ങുകൾ സംഘടിപ്പിക്കാനും പുത്തൻചിറ ഗ്രാമവും കുഴിക്കാട്ടുശേരി തീർഥകേന്ദ്രവും ഒരുങ്ങി. ഊട്ടുനേർച്ചയുമുണ്ടാകും. അതേസമയം, കേരളത്തിൽ നിന്നുള്ള സംഘങ്ങൾ വത്തിക്കാനിൽ എത്തിച്ചേർന്നു.

വിശുദ്ധ പ്രഖ്യാപനത്തിനു സെന്റ് പീറ്റേഴ്സ് ചത്വരം ഒരുങ്ങി. ഇന്നു റോമിലെ മരിയ മജോരേ മേജർ ബസിലിക്കയിൽ നടക്കുന്ന പ്രത്യേക ജാഗരണ പ്രാർഥനാ ശുശ്രൂഷകൾക്കു വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്രിഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും.

നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 നാണു ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവി പ്രഖ്യാപനം നടത്തുക. മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകൾ പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിക്കും.

14നു റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയിൽ രാവിലെ 10.30ന് നടക്കുന്ന കൃതജ്ഞതാബലിയിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. മറിയം ത്രേസ്യയുടെ നാമകരണ പരിപാടികളിൽ പങ്കെടുക്കാനായി ആയിരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു റോമിൽ എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com