ADVERTISEMENT

കൊച്ചി∙ രാജ്യാന്തര ഭീകര സംഘടനയായ ഐഎസിനു വേണ്ടി പോരാടാൻ സിറിയയിലേക്കു യുവാക്കളെ കടത്താൻ ശ്രമിച്ച വളപട്ടണം കേസിലെ മുഖ്യ മാപ്പുസാക്ഷിയുടെ മൊഴികൾ ചോർന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിൽ രഹസ്യ വിചാരണയ്ക്കിടെ മാപ്പുസാക്ഷി നൽകിയ മൊഴികളുടെ അസ്സൽ പകർപ്പാണ് ചോർന്നത്.

മൊഴികൾ ചോർന്നതോടെ രഹസ്യ വിചാരണയിൽ ഇനിയും വിസ്തരിക്കാനുള്ള മാപ്പുസാക്ഷി സമ്മർദത്തിലായി. ചോർന്ന മൊഴികൾ നൽകിയ മാപ്പുസാക്ഷിയും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി എൻഐഎ ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞു.

രഹസ്യ വിചാരണയിൽ എൻഐഎ ജഡ്ജി രേഖപ്പെടുത്തിയ മൊഴികൾ കോടതിയിൽ നിന്നു ചോരാനിടയായ സംഭവത്തിൽ എൻഐഎ അന്വേഷണം തുടങ്ങി. അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കിയ 2 പേരുടെയും മൊഴികൾ കേസിൽ നിർണായകമാണ്. ഇതിൽ ആദ്യ മാപ്പുസാക്ഷിയുടെ മൊഴികളാണു ചോർന്നത്. അസ്സൽ മൊഴിപ്പകർപ്പിലെ വിവരങ്ങൾ പുറത്തുവിട്ട വാർത്താചാനലിൽ നിന്നു തെളിവുകൾ ശേഖരിക്കും.

വളപട്ടണം കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. കേസിൽ അറസ്റ്റിലായ കണ്ണൂർ മണ്ടേരി മിഥിലജ് (28), ചെക്കികുളം അബ്ദുൽ റസാഖ് (25), തലശ്ശേരി യു.കെ. ഹംസ (58) എന്നിവരുടെ ഒന്നാംഘട്ട വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസിലെ കൂട്ടുപ്രതിയായ ചെക്കികുളം അബ്ദുൽ ഖയൂം (24) ഒളിവിലാണ്. കുറ്റപത്രം സമർപ്പിച്ച ശേഷം അറസ്റ്റിലായ കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് വട്ടംകണ്ടത്തിൽ ഷൈജു നിഹാറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കും. വളപട്ടണം പൊലീസാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. കേസിലെ സാക്ഷി വിസ്താരം നവംബർ 5നു തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com