ADVERTISEMENT

കോഴിക്കോട് ∙ എൻഐടി പ്രഫസറായി നാട്ടിൽ വിലസിയിരുന്ന ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാർഥികൾക്ക് ‘കരിയർ കൗൺസലി’ങ്ങും നൽകി. പെൺകുട്ടികൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എൻഐടി അധ്യാപികയായ മരുമകൾ ജോളിയോടും നാട്ടുകാർക്കുണ്ടായിരുന്നെന്ന് അയൽവാസിയായ സറീന പറയുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയൽക്കാർ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകൾ 2015 ൽ പ്ലസ് ടു പാസായപ്പോൾ എൻട്രൻസ് കോച്ചിങ് കാര്യങ്ങളിൽ നിർദേശം നൽകി. ‘റോയ്‌ച്ചായൻ മരിച്ച ശേഷം തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയൽക്കാർ ഓർക്കുന്നു. 

2002 മുതൽ എൻഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എൻഐടി പ്രഫസർ’ ആയി ജോളി കയറിപ്പറ്റി.

അഭിഭാഷകനും സംശയനിഴലിൽ 

കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്.  കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും. 

ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com