ADVERTISEMENT

കോഴിക്കോട് ∙ ‘‘ഒന്നും അറിയേണ്ടായിരുന്നെന്നു തോന്നും ചില നേരത്ത്. മോളും കുഞ്ഞും പോയതിൽ പിന്നെ കണ്ണു തോർന്ന ദിവസമില്ല. അപ്പോഴാണ്, എന്റെ കുഞ്ഞുങ്ങൾ ഇപ്പോൾ പോകേണ്ടതായിരുന്നില്ലെന്ന് അറിയുന്നത്. അവരെ പറഞ്ഞുവിട്ടതല്ലേ... എത്ര സന്തോഷമായിട്ടു ജീവിച്ചുവന്നതാണ്. ഇല്ലാതാക്കിക്കളഞ്ഞില്ലേ..’’

കൂടത്തായി കൊലപാതക വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുതുടങ്ങി 3–ാം ദിവസമാണ് കൊല്ലപ്പെട്ട സിലിയുടെ മാതാവ്  അന്നമ്മ വിവരമറിയുന്നത്. ആദ്യ ദിവസങ്ങളിൽ മകൻ സിജോയും ഭാര്യയും ടിവി വയ്ക്കാതിരുന്നും പത്രം മാറ്റിവച്ചും വിവരം ഒളിപ്പിച്ചു. സിജോയുടെ കുട്ടികൾ വാർത്ത കാണുന്നതിനിടെ യാദൃച്ഛികമായാണ് വിവരങ്ങളറിഞ്ഞത്. സിലിയുടെ ഭത്താവ് ഷാജുവിന് മരണങ്ങളിൽ പങ്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അന്നമ്മ. എല്ലാവരോടും പെട്ടെന്നു കൂട്ടുകൂടുന്ന പ്രകൃതമാണു സിലിക്ക്. എപ്പോഴും പ്രസന്നവതി. കുടുംബത്തിലെ എന്തുകാര്യത്തിനും ചുറുചുറുക്കോടെ മുന്നിലുണ്ടാകും. 

അവൾക്കു കിട്ടുന്ന സ്വീകാര്യതയും സിലിയുടെയും ഷാജുവിന്റെയും ജീവിതം കണ്ടുള്ള അസൂയയുമായിരിക്കും ജോളിയെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്നാണ് അന്നമ്മയുടെ വിശ്വാസം. 

‘‘സിലിയുടെ മൂത്ത മകന്റെ ആദ്യകുർബാനച്ചടങ്ങിന് ജോളിയുൾപ്പെടെ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു. എന്റെ മടിയിയിലിരുന്ന ഇളയ മോളെ ഷാജുവിന്റെ പെങ്ങൾ ഷീന ഭക്ഷണം കൊടുക്കാൻ എടുത്തോണ്ടു പോയി. കുറച്ചുകഴിഞ്ഞു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിച്ചെല്ലുമ്പോൾ മൂത്ത കുട്ടി അവളെ കയ്യിലെടുത്തു വെള്ളംകൊടുക്കാൻ നോക്കുന്നു. ഞാൻ കുഞ്ഞിനെ വാരിയെടുത്തപ്പോഴേക്ക് വല്ലാതെ ഛർദിച്ചു. പിന്നെ കുഴഞ്ഞുവീണ് അനക്കമില്ലാതായി.’’.

ആ ദുരന്തത്തിനു ശേഷം ഒരു കുഞ്ഞുകൂടി വേണമെന്ന ആഗ്രഹത്തിലായിരുന്നു സിലി. ഈ പ്രായത്തിൽ അത് എളുപ്പമല്ലെന്നും മരുന്നു കഴിക്കണമെന്നും പറഞ്ഞ് ജോളിയാണ് ആയു‍ർവേദ ആശുപത്രിയൽ കൊണ്ടുപോയത്. അവിടുന്നു കിട്ടിയ കഷായം ദിവസവും കഴിച്ചിരുന്നു. 

താമരശ്ശേരിയിൽ ഒരു വിവാഹച്ചടങ്ങ് കഴിഞ്ഞു മടങ്ങുമ്പോൾ ഷാജു ദന്തഡോക്ടറെ കാണാൻ കയറി. ജോളിയും മക്കളും ഒപ്പമുണ്ടായിരുന്നു. 

അന്നമ്മയും കുടുംബവും നിലമ്പൂരിൽ മനസ്സമ്മതച്ചടങ്ങു കഴിഞ്ഞുവരുന്നതും അതേ സമയത്ത്. താൻ അവരെക്കൂടി കണ്ടിട്ടുവരാമെന്നു പറഞ്ഞു സിജോ (സിലിയുടെ സഹോദരൻ) ദന്താശുപത്രിയിലേക്കു പോയി. 

ചെല്ലുമ്പോൾ വിസിറ്റിങ് റൂമിൽ ജോളിയുടെ മടിയിൽ തലവച്ചു കിടക്കുകയാണു സിലി. ചോദിച്ചപ്പോൾ തലകറങ്ങുന്നപോലെ തോന്നുന്നു എന്നുപറഞ്ഞു കിടന്നതാണ് എന്നായിരുന്നു ജോളിയുടെ മറുപടി. തട്ടിവിളിക്കാൻ നോക്കിയപ്പോഴാണു ബോധരഹിതയാണെന്നറിഞ്ഞത്. 

ജോളിക്കത് അറിയാമായിരുന്നു. ഡോക്ടറുടെ റൂമിലായിരുന്ന ഷാജുവിനെയും അറിയിച്ചിരുന്നില്ല. ആശുപത്രിയിലെത്തിച്ചത് സിജോയാണ്. പക്ഷേ, വൈകിപ്പോയിരുന്നു. സിലിയുടെ മകനും ജോളിയെപ്പറ്റി നല്ല അഭിപ്രായമായിരുന്നു. പത്താം ക്ലാസിലാണ് അവൻ. ഈ വിവരം അറിഞ്ഞതിൽപിന്നെ വലിയ ഷോക്കിലാണ്. ഒരു ബന്ധുവിന്റെ വീട്ടിലാണിപ്പോൾ. 

‘സ്ത്രീധനത്തിന്റെ പേരിൽ ഷാജുവും കുടുംബവും സിലിയെ ഉപദ്രവിച്ചിരുന്നു എന്നു ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. അവർക്കിടയിൽ അങ്ങനെ പ്രശ്നങ്ങളില്ലായിരുന്നു. ഒരിക്കൽപോലും അങ്ങനെയെന്തെങ്കിലും സിലി സൂചിപ്പിച്ചിട്ടുമില്ല. കുടുംബപ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കിയെന്നു വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഈ പ്രചാരണം. 5 പേരുടേത് ആത്മഹത്യയാണെന്നു ജോളിയുടെ വക്കീൽ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ ബാക്കിയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ.’

സിജോ, സിലിയുടെ സഹോദരൻ

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com