ADVERTISEMENT

തിരുവനന്തപുരം∙ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നൽകുന്നതു ‘തർക്കുത്തരങ്ങൾ’. പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളിൽ പോയി ചോദിക്കാനുമാണു മറുപടി. വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ എത്ര റിപ്പോർട്ടുകൾ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോടു ചോദിക്കാനാണു മറുപടി.

ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിനു തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ പറയുന്നു. ചുരുക്കത്തിൽ 26 ചോദ്യങ്ങളിൽ ഒന്നിനു മാത്രമാണു പകുതി മറുപടിയെങ്കിലും നൽകിയത്. 

വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചോദ്യങ്ങൾ ചോദിച്ചാൽ അവിടെ ഇല്ലെങ്കിൽ അതു ലഭിക്കുന്ന ഓഫിസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. അതു ചെയ്തില്ലെന്നു മാത്രമല്ല ഉത്തരം വേണമെങ്കിൽ അതു കിട്ടുന്ന ഓഫിസിൽ വേറെ അപേക്ഷ നൽകാനാണു മറുപടിയും. 

കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്തരത്തിൽ മുഖം തിരിച്ചത്. 

ചില ചോദ്യങ്ങളും ഉത്തരവും : 

?മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ. 

∙ഉത്തരം ഇവിടെ ലഭ്യമല്ല. 

അപേക്ഷ പൊതുഭരണ വകുപ്പിനു കൈമാറി. പൊതുഭരണ വകുപ്പിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയുടെ ചെലവ് അവർക്കും അറിയില്ലെന്നാണു മറുപടി. 

?യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു.

∙ ഇവിടെ അറിയില്ല. ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ചോദിക്കൂ. 

?മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ ചെലവ് എത്ര. എത്ര ജീവനക്കാരെ നിയോഗിച്ചു.

∙ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫിസിൽ ചോദിക്കൂ. 

? നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര.

∙ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഓഫിസിൽ ചോദിക്കൂ. 

?മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര.

∙പൊതുഭരണ വകുപ്പിൽ ചോദിക്കൂ.

?മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, നേട്ടം എന്താണ്. 

∙പൊതുഭരണ വകുപ്പിൽ ചോദിക്കൂ. 

?വെള്ളപ്പൊക്കത്തിൽ  അകപ്പെട്ട എത്ര പേർക്ക് 10,000 രൂപ വീതം നൽകി, എത്ര പേർക്കു ചികിത്സാ ധനസഹായം നൽകി. 

∙റവന്യൂ വകുപ്പിൽ അപേക്ഷിക്കൂ. 

?പ്രളയ ദുരിതാശ്വാസ ഫണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നൽകി, കേന്ദ്രത്തിൽ നിന്ന് എന്തു സഹായം ലഭിച്ചു.

∙ധനകാര്യ വകുപ്പിനോടു ചോദിക്കൂ. 

?റീബിൽഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാർ, ശമ്പളം എത്ര.

∙റീബിൽഡ് കേരള ഓഫിസിൽ ചോദിക്കൂ. 

?ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോർട്ടിൽ എന്തു നടപടിയായി.

∙ഗതാഗത വകുപ്പിൽ ചോദിക്കൂ. 

 ഈ ഉത്തരങ്ങൾക്കെതിരെ അപേക്ഷകൻ അപ്പീൽ അധികാരിക്കു പരാതി നൽകിയിട്ടുണ്ട്. 

അപേക്ഷകൾ ലക്ഷത്തോളം

∙ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതു 96,483 അപേക്ഷകൾ. 

ഈ സർക്കാർ വന്ന ശേഷം കഴിഞ്ഞ ഓഗസ്റ്റ് 19 വരെ 237386 അപേക്ഷകൾ സെല്ലിൽ ലഭിച്ചു. 122014 അപേക്ഷകൾ തീർപ്പാക്കി. . വിവരാവകാശ നിയമ പ്രകാരം 26 ചോദ്യങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഏക മറുപടി ഇതാണ്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫിസി‍ൽ നിന്നു സംസ്ഥാന സർക്കാരിന് എത്ര പരാതികൾ കൈമാറിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ചോദിക്കണമെന്നായിരുന്നു മറുപടി.  പരാതി പരിഹാര സെല്ലിൽ എത്ര ജീവനക്കാർ ഉണ്ടെന്നു ചോദിച്ചപ്പോൾ പൊതുഭരണ വകുപ്പിൽ ചോദിക്കാനും മറുപടി നൽകി. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com