ADVERTISEMENT

പാലക്കാട് ∙ നെല്ലുസംഭരണത്തിനു സ്വകാര്യ മില്ലുകളുമായി കരാറുണ്ടാക്കാനുള്ള സർക്കാർ ശ്രമം വീണ്ടും പരാജയപ്പെട്ടു. മിൽ ഉടമ സംഘത്തിന്റെ പ്രതിനിധികൾ ഇന്നലെ സപ്ലൈകോ ആസ്ഥാനത്തു ചെന്നെങ്കിലും ഇൻഷുറൻസുമായി ബന്ധപ്പെട്ട വ്യവസ്ഥ മാറ്റാതെ കരാർ ഒപ്പിടാനാകില്ലെന്നു പറഞ്ഞു മടങ്ങി.

സംഭരണം നീളുന്നതു കർഷകരെ ആശങ്കയിലാക്കി. നെല്ലെടുപ്പു കരാർ കഴിഞ്ഞ വർഷത്തെ അതേ മാതൃകയിൽ തുടരണമെന്നും ബാക്കിയുള്ള പ്രശ്നങ്ങൾ അടുത്ത സംഭരണത്തിനു മുൻപു ചർച്ച ചെയ്യാമെന്നും സർക്കാർ, മിൽ ഉടമകൾക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും ഇൻഷുറൻസുമായി ബന്ധപ്പെട്ടു ദോഷമായ വ്യവസ്ഥ മാറ്റണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ആറാം തവണയാണു മിൽ ഉടമകളുമായി സർക്കാർ ഈ വിഷയത്തിൽ ചർച്ച നടത്തുന്നത്.

എല്ലാ വർഷവും കൊയ്ത്തു തുടങ്ങിയ ശേഷം  സംഭരണ ചർച്ചകൾ ആരംഭിക്കുന്നതു സർക്കാരും മിൽ ഉടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപമുയർന്നു. നെല്ലുസംഭരണം നടത്താൻ താൽപര്യമുള്ള മില്ലുകളുമായി ചർച്ച നടത്താൻ സർക്കാർ നീക്കങ്ങൾ തുടങ്ങി. ഏതാനും മില്ലുകൾ സമവായത്തിലെത്തിയതായി അറിയുന്നു. ഇവരുമായി ഇന്നും നാളെയും ചർച്ചകൾ നടത്തും. 

‘പ്രതിസന്ധിയിലാക്കുന്ന നീക്കം അംഗീകരിക്കില്ല. എല്ലാ വർഷവും കർഷകരെ പ്രതിസന്ധിയിലാക്കുന്ന മിൽ ഉടമകളുടെ നീക്കം അംഗീകരിക്കാൻ കഴിയില്ല. സർക്കാരിന്റെ മില്ലുകൾ സജ്ജമാക്കി അടുത്ത വർഷം മുതൽ സംഭരണം നടത്താൻ ശ്രമിക്കും.’ 

   മന്ത്രി വി.എസ്. സുനിൽകുമാർ

‘സർക്കാർ ആവശ്യപ്പെട്ട മറ്റെല്ലാ വ്യവസ്ഥകളും തങ്ങൾ അംഗീകരിച്ചു. ഇൻഷുറൻസുമായി ബന്ധപ്പെട്ട വിഷയം കോടികളുടെ നഷ്ടമുണ്ടാക്കുന്നതാണ്. സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താൽ കരാറിൽ ഒപ്പിടാം.’

     വർക്കി പീറ്റർ (കേരള റൈസ് മില്ലേഴ്സ് അസോ. സംസ്ഥാന സെക്രട്ടറി) 
                                                                 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com