ADVERTISEMENT

കോട്ടയം ∙ വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നു ശുപാർശ ചെയ്തതിനു പിന്നാലെ ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുന്നതിനു റവന്യു വകുപ്പ് നിയമ നടപടികൾ ആരംഭിച്ചു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത തിരിച്ചെടുക്കുന്നതിനായി കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകാൻ റവന്യു വകുപ്പ് നിർദേശം നൽകി. 

ചെറുവള്ളി എസ്റ്റേറ്റ് അടക്കം ജില്ലയിലെ മറ്റു തോട്ടങ്ങൾ സംബന്ധിച്ച കേസുകളിലും ഇതോടനുബന്ധിച്ചു നിയമനടപടികൾ ആരംഭിക്കും. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് നൽകുന്നതു സംബന്ധിച്ചു ജില്ലാ കലക്ടർ പി.കെ.സുധീർ ബാബുവും ജില്ലാ ഗവ. പ്ലീഡർ സജി കൊടുവത്തും ചർച്ച നടത്തി. തോട്ടങ്ങൾ സംബന്ധിച്ച കേസുകളുടെ രേഖകളും കൈമാറി.

വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ ഇതുസംബന്ധിച്ച സിവിൽ കേസ് നടത്തുന്നതിൽ അപാകതയില്ലെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. എന്നാൽ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചു സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത ഇതോടെ മറ നീക്കി പുറത്തുവരുന്നു.

ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള എരുമേലിയിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണു ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയത്. എന്നാൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച തർക്കമാണു ഭൂമി ഏറ്റെടുക്കൽ ദുഷ്കരമാക്കുന്നത്.

തോട്ടങ്ങൾ സർക്കാരിന്റേതാണെന്നും കരാർ കാലാവധി കഴിഞ്ഞാൽ സർക്കാർ തിരിച്ചെടുക്കണമെന്നുമാണു രാജമാണിക്യം റിപ്പോർട്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ ഏറ്റെടുത്ത നടപടി നിയമപ്രകാരമല്ലെന്നു കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷം ഏറ്റെടുക്കാൻ സർക്കാരിനു നിർദേശം നൽകിയിരുന്നു.

എന്നാൽ കേസ് നടത്താൻ ഇതുവരെ റവന്യു വകുപ്പ് നടപടി ആരംഭിച്ചിരുന്നില്ല. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നാണു റവന്യു വകുപ്പിന്റെയും സിപിഐയുടെയും നിലപാട്. അതിനിടെയാണു ശബരിമല വിമാനത്താവള പദ്ധതി വീണ്ടും സജീവമായത്.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണു ശബരിമല വിമാനത്താവള പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടു പോകണമെന്നാണു സർക്കാരിന്റെ നിർബന്ധം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തത നീക്കുന്നതിനു സർക്കാർ റവന്യു വകുപ്പിന്റെ അഭിപ്രായം തേടി. 2013 കേന്ദ്ര സ്ഥലമെടുപ്പു നിയമം അനുസരിച്ച് കോടതിയിൽ പണം കെട്ടിവച്ചു തർക്കത്തിലുള്ള ഭൂമി ഏറ്റെടുക്കാമെന്നു റവന്യു വകുപ്പ് മറുപടി  നൽകി. എന്നാൽ അതിനു പിന്നാലെ ചെറുവള്ളി അടക്കമുള്ള തോട്ടങ്ങളിൽ തിരിച്ചെടുക്കാനുള്ള നടപടി ആരംഭിക്കാൻ ജില്ലാ കലക്ടർമാർക്കു സർക്കുലർ അയച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com