ADVERTISEMENT

തൃശൂർ ∙ ലക്ഷങ്ങൾ വരുന്ന കലക്‌ഷൻ തുകയുമായി ദിവസവും അർധരാത്രി മനോഹരൻ ഒറ്റയ്ക്കു വീട്ടിലേക്കു സഞ്ചരിക്കുമെന്ന വിവരമാണ് പ്രതികളെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നു വിവരം. എന്നാൽ, തിങ്കളാഴ്ചത്തെ കലക്‌ഷൻ തുകയായ 5 ലക്ഷം രൂപ പമ്പിലെ ഓഫിസിൽ തന്നെ സൂക്ഷിച്ചാണ് മനോഹരൻ വീട്ടിലേക്കു മടങ്ങിയത്. ഇതറിയാതെ മറ്റൊരു വാഹനത്തിൽ മനോഹരനെ പിന്തുടർന്ന മൂന്നംഗ സംഘം, അതിവേഗം മറികടന്നെത്തി കാറിൽ ഇരച്ചുകയറുകയും മനോഹരനെ കീഴ്പ്പെടുത്തുകയുമായിരുന്നെന്നു പൊലീസ് കരുതുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ആളുകൾ ഓടിക്കൂടുമെന്നു കരുതി പ്രതികളിലൊരാൾ വായ പൊത്തിപ്പിടിക്കുകയും മനോഹരൻ ശ്വാസംമുട്ടി മരിക്കുകയും ചെയ്തെന്നു പൊലീസ് കണക്കുകൂട്ടുന്നു. 

ഏകദേശ കലക്‌ഷൻ തുകയെക്കുറിച്ചും മനോഹരൻ പമ്പിൽനിന്നു വീട്ടിലേക്കു പുറപ്പെടുന്ന സമയത്തെക്കുറിച്ചും കുറ്റവാളികൾക്കു കൃത്യമായ ധാരണ ഉണ്ടായിരുന്നെന്നാണ് വിവരം. പമ്പിൽനിന്നു 2 കിലോമീറ്റർ ദൂരമേയുള്ളൂ വീട്ടിലേക്ക്. പമ്പിന്റെ പരിസരത്തുനിന്ന് മനോഹരന്റെ കാറിനെ 300 മീറ്ററിലേറെ പിന്തുടർന്ന ശേഷമാണ് കുറ്റവാളികൾ മറികടക്കാൻ ശ്രമം തുടങ്ങിയത്. പരിഭ്രമത്തിനിടെ കാറിന്റെ പിന്നിൽ കുറ്റവാളികളുടെ വാഹനം തട്ടിയതായും സംശയമുണ്ട്. മറികടന്നു മുന്നിൽ നിർത്തിയശേഷം കാറിൽ കയറി ബലപ്രയോഗത്തിലൂടെ മനോഹരനെ അക്രമികൾ കീഴടക്കി. 

പണം വാഹനത്തിലില്ലെന്നു മനസ്സിലായതോടെ 30 കിലോമീറ്ററിലേറെ ദൂരെ മമ്മിയൂരിൽ മൃതദേഹം റോഡരികിൽ തള്ളി മലപ്പുറം ഭാഗത്തേക്കു കടക്കുകയായിരുന്നു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന് 200 മീറ്ററകലെയുള്ള പാർക്കിങ് ഏരിയയിൽ കാർ ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെടാൻ നോക്കുമ്പോഴാണ് പിടിയിലായതെന്നു വിവരമുണ്ട്. കെഎൽ 47 ഡി 8181 നമ്പർ കാറിൽ നിന്നിറങ്ങി മൂന്നുപേർ നടന്നുപോകുന്നതു കണ്ടതായി പ്രദേശവാസി പൊലീസിനെ അറിയിച്ചു. 

കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഗുരുവായൂർ ∙ പമ്പുടമ കെ.കെ. മനോഹരനെ കൊലപ്പെടുത്തിയതു ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം. കൈകൾ പിന്നിലേക്കു പിടിച്ചുവച്ച് മൂക്കും വായും പൊത്തിപ്പിടിച്ചതാണ് മരണത്തിനു കാരണമായത്.മൃതദേഹത്തിൽ പുറമെ പരുക്കുകളോ പാടുകളോ ഉണ്ടായിരുന്നില്ല. മൂക്കിൽ നിന്നു രക്തം ഒഴുകിയിരുന്നു. 

ഫോണെടുത്തയാൾ പറഞ്ഞു,‘അച്ഛൻ ഉറങ്ങുകയാണ്..’

പതിവായി എത്തുന്നനേരം കഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോൾ മകൾ ലക്ഷ്മി മൊബൈൽ ഫോണിൽ വിളിച്ചു. അപരിചിതനാണ് ഫോണെടുത്തത്. ‘അച്ഛൻ കാറിലിരുന്ന് ഉറങ്ങുകയാണ്’ എന്നു മറുപടി പറഞ്ഞശേഷം അപരിചിതൻ ഫോൺ കട്ട് ചെയ്തു. സംശയം തോന്നിയ ലക്ഷ്മി വീണ്ടും വിളിച്ചപ്പോൾ ‘എഴുന്നേറ്റിട്ടില്ല’ എന്നായിരുന്നു പിന്നെയും മറുപടി. വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ഉടൻ പെട്രോൾ പമ്പിലെത്തി അന്വേഷിച്ചപ്പോൾ 12.50നു പോയതായി അറിയിച്ചു. ഇതോടെയാണ് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചത്. 

പൊലീസ് വിളിച്ചുനോക്കിയപ്പോൾ ഫോൺ നമ്പർ സ്വിച്ചോഫ് ആണെന്നു കണ്ടെത്തി. പൊലീസ് ഉടൻ മനോഹരന്റെ കാറിന്റെ നമ്പർ സഹിതം മറ്റു സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. ദേശീയപാതയിലും അനുബന്ധപാതകളിലുമൊക്കെ രാത്രി പട്രോളിങ് സംഘങ്ങൾ തിരഞ്ഞെങ്കിലും കാർ കണ്ടെത്താനായില്ല. ഇന്നലെ രാവിലെയാണ് ഗുരുവായൂരിൽ മൃതദേഹം കണ്ടെത്തിയത്. സിറ്റി ഫൊറൻസിക് ഓഫിസർ സൗഫിനോ, വിരലടയാള വിദഗ്ധൻ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊലീസ് നായ ഡോണ സ്ഥലത്തെത്തി മണം പിടിച്ച് മമ്മിയൂർ അത്താണി ജംക്‌ഷൻ വരെ പോയി തിരികെ വന്നു. 

പമ്പ് തുടങ്ങിയത് 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം

കയ്പമംഗലം ∙ 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് മനോഹരൻ വഴിയമ്പലത്തു പമ്പ് ആരംഭിച്ചത്. 12 വർഷം മുൻപാണ് മൂന്നുപീടിക ഫ്യൂവൽസ് എന്ന പേരിൽ ഭാരത് പെട്രോളിയത്തിന്റെ പമ്പ് തുടങ്ങിയത്. 10 വർഷം മുൻപ് ദുബായിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയശേഷം പമ്പിൽ സജീവമായി. 

തൃശൂരിലെ പമ്പുകൾ ഇന്ന് 4 മണിക്കൂർ അടയ്ക്കും

ഗുരുവായൂർ ∙ പെട്രോൾ പമ്പുടമ കെ.കെ.മനോഹരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ 5 വരെ അടച്ചിടാൻ പമ്പുടമകളുടെ അസോസിയേഷൻ തീരുമാനിച്ചു. മനോഹരന്റെ സംസ്കാരം  ഇന്ന് ഉച്ചയ്ക്കുശേഷം കയ്പമംഗലത്ത് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com