ADVERTISEMENT

ഗുരുവായൂർ ∙ കയ്പമംഗലം വഴിയമ്പലത്തെ പെട്രോൾ പമ്പ് ഉടമയെ ശ്വാസംമുട്ടിച്ചുകൊന്ന് വഴിയരികിൽ തള്ളി. കൊലപാതകത്തിനുശേഷം പമ്പുടമയുടെ കാറുമായി കടന്ന മൂന്നംഗ സംഘത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുനിന്ന് റൂറൽ പൊലീസ് പിടികൂടി. കാറും കണ്ടെടുത്തു. വഴിയമ്പലത്തെ ഭാരത് പെട്രോളിയം പെട്രോൾ പമ്പിന്റെ ഉടമ കയ്പമംഗലം കാളമുറി അകമ്പാടം കോഴിപ്പറമ്പിൽ കെ.കെ. മനോഹരനാണ് (68) കൊല്ലപ്പെട്ടത്. കയ്പമംഗലം സ്വദേശികൾ തന്നെയാണ് പ്രതികൾ. പമ്പിൽനിന്നുള്ള കലക്‌ഷൻ തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. നിലവിളി തടയാൻ മുഖംപൊത്തിപ്പിടിച്ചപ്പോൾ ശ്വാസംമുട്ടിയാണ് മരണമെന്നു പൊലീസ് കണ്ടെത്തി. പമ്പിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്.  

തിങ്കൾ രാത്രി 12.50ന് പമ്പിൽനിന്നു സ്വന്തം കാറിൽ വീട്ടിലേക്കു മടങ്ങിയ മനോഹരന്റെ മൃതദേഹം ഇന്നലെ രാവിലെ കുന്നംകുളം – ഗുരുവായൂർ റോഡരികിൽ എൽഎഫ് കോളജ് ജംക്‌ഷനു സമീപം ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനരികിലാണ് കണ്ടത്. കൈകൾ പിന്നിലേക്കു പിണച്ചുവച്ച നിലയിൽ കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത്. ദീർഘനേരം കൈകെട്ടിവച്ച ശേഷം കയർ അഴിച്ചെടുത്തതാകാമെന്നു പൊലീസ് സംശയിക്കുന്നു. പാഴ്സലുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മാസ്ക‍‌ിങ് ടേപ്പ് മൃതദേഹത്തിനരികിൽ നിന്നു ലഭിച്ചു. വാച്ച്, മാല, പഴ്സ്, ചെരിപ്പ് എന്നിവ കാണാതായിട്ടുണ്ട്. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അങ്ങാടിപ്പുറത്തു നിന്നു കാർ കണ്ടെടുത്തത്. പ്രതികളെ ഇവിടെനിന്നു പിടികൂടിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ നിന്നു പുലർച്ചെ രണ്ടോടെയാണ് മനോഹരൻ പതിവായി വീട്ടിലെത്താറുള്ളത്. ആ നേരമായിട്ടും കാണാതായപ്പോൾ മകൾ ലക്ഷ്മി, മനോഹരന്റെ ഫോണിലേക്കു വിളിച്ചു.

ഫോൺ എടുത്ത മറ്റാരോ ‘അച്ഛൻ കാറ‍ിലിരുന്ന് ഉറങ്ങുകയാണ്’ എന്നു പറഞ്ഞു. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ചോഫ് ആയിരുന്നു. ഉടൻ പമ്പിൽ നേരിട്ടെത്തി അന്വേഷിച്ചശേഷം കയ്പമംഗലം സ്റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര, എസിപി ടി. ബിജു ഭാസ്കർ, ടെംപിൾ എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മനോഹരന്റെ ഭാര്യ: ഗീത. മക്കൾ: ലാൽ, സന്ദീപ് (ഇരുവരും ലണ്ടൻ), ലക്ഷ്മി. മരുമകൾ: ഗീതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com