ADVERTISEMENT
കോഴിക്കോട്∙ 14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ബോക്സ് ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങി കോഴ്സുകൾക്ക് ചേർന്നെന്ന് സംശയം എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com