ADVERTISEMENT

കോഴിക്കോട് ∙‘ആത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കു നീതി കിട്ടട്ടെ. സത്യം പുറത്തുവരട്ടെ’ – പത്തര മണിക്കൂർ നീണ്ട മൊഴിയെടുപ്പിനു ശേഷം പുറത്തിറങ്ങിയപ്പോൾ കൂടത്തായ് കൊലക്കേസിലെ പരാതിക്കാരനും മരിച്ച  റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസിനു പറയാനുണ്ടായിരുന്നത് ഇതായിരുന്നു. അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ടെന്നും അന്വേഷണസംഘത്തിൽ വിശ്വാസമുണ്ടെന്നും റോജോ പറഞ്ഞു. 

കുടുബാംഗങ്ങളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു നൽകിയ പരാതി പിൻവലിക്കാൻ ജോളി പലവട്ടം നിർബന്ധിച്ചിരുന്നെന്നു റോജോ. മറ്റു പലരെക്കൊണ്ടും പറയിപ്പിച്ചു. വലിയ സമ്മർദമുണ്ടായിരുന്നു. സ്വത്തു ഭാഗം വയ്ക്കണമെന്നാവശ്യപ്പെട്ടു കോടതിയിൽ നൽകിയ ഭാഗപത്ര ഹർജി ഒത്തുതീർപ്പിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ചു നൽകിയ പരാതി പിൻവലിക്കണമെന്നായിരുന്നു ഒത്തുതീർപ്പിന് ജോളി മുന്നോട്ടുവച്ച ഉപാധി. രണ്ടും രണ്ടു കേസാണെന്നും പരാതി പിൻവലിക്കില്ലെന്നും തീർത്തു പറഞ്ഞു,

വൈരുധ്യങ്ങളുടെ റിപ്പോർട്ട് 

സഹോദരൻ റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോഴാണു മരണത്തെക്കുറിച്ചുള്ള സംശയങ്ങൾ തുടങ്ങിയത്. മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു.പരാതി നൽകുമ്പോൾ ഇത്രയും വ്യാപ്തിയുണ്ടെന്ന് കരുതിയിരുന്നില്ല. ചില ഘട്ടങ്ങളിൽ തിരിച്ചടിക്കുമെന്നുപോലും ഭയപ്പെട്ടു. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണു ഓരോ ദിവസവും ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്നത്. 

മൊഴിയെടുക്കൽ ഇന്നും

റോജോ തോമസ്, സഹോദരി രഞ്ജി തോമസ് എന്നിവരുടെ മൊഴിയെടുക്കൽ ഇന്നും തുടരും. റോയ് തോമസിന്റെയും ജോളിയുടെയും മക്കളായ റോമോ, റൊണാൾഡ് എന്നിവർക്കൊപ്പമാണ് ഇന്നലെ രാവിലെ 10.30ന് ഇരുവരും വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തിയത്. പിന്നാലെ പ്രതിയായ ജോളി ജോസഫിനെയും ഇവിടെയെത്തിച്ചു.

12ന് മക്കളെ പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ ഓഫിസിലേക്കു മാറ്റി. ചോദ്യം ചെയ്യലിനു ശേഷം  രാത്രി 7.30ന് ജോളിയെ വടകര വനിതാ സെല്ലിലേക്കു കൊണ്ടുപോയ ശേഷമാണു മക്കളെ റൂറൽ ജില്ലാ പൊലീസ് ഓഫിസിലേക്കു തിരിച്ചെത്തിച്ചത്. രാവിലെ 10.30ന് ആരംഭിച്ച രഞ്ജിയുടെയും റോജോയുടെയും മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി ഒൻപതിന്. 

പഞ്ചായത്ത് വിവരം തന്നില്ല 

സ്വത്തുക്കൾ തന്റെ പേരിലേക്കു മാറ്റാൻ ജോളി വ്യാജ ഒസ്യത്തു തയാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ഓമശ്ശേരി പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. കാലാവധിയായ ഒരു മാസം കഴിഞ്ഞിട്ടും മറുപടി തരാതായതോടെ 10 ദിവസത്തോളം ഓഫിസ് കയറിയിറങ്ങി. എന്നിട്ടും മറുപടി നൽകിയില്ല. ഒടുവിൽ ഒരു ഹർത്താൽ ദിവസം ഒരു ജീവനക്കാരൻ രേഖകളുടെ പകർപ്പെടുക്കാൻ അനുവദിക്കുകയായിരുന്നു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com