സഹോദരിക്കു നേരെ വധശ്രമമുണ്ടായി, ഞാൻ മുൻകരുതലെടുത്തു: റോജോ

koodathai-jolly-and-rojo
ജോളി, റോജോ
SHARE

കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു സഹോദരൻ റോജോ തോമസ്. താൻ അമേരിക്കയിൽ ആയതിനാൽ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. 

രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവർ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നൽകിയ മൊഴി. ലീറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. 

ഏലസ്സിനെക്കുറിച്ച് അന്വേഷണം

തൊടുപുഴ ∙ കൂടത്തായി കൂട്ടമരണ കേസിൽ പൊന്നാമറ്റം റോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഏലസിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ‌ കൂടുതൽ വിവര ശേഖരണത്തിനായി കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാറിനെ വടകരയിലെ റൂറൽ എസ്പി ഓഫിസിലേക്കു വിളിപ്പിച്ചു. 

ഇന്നലെ രാവിലെയോടെ കൃഷ്ണകുമാർ വടകരയിലേക്കു പുറപ്പെട്ടു. ഏലസ് നേരിട്ടു കണ്ടാൽ തിരിച്ചറിയാമെന്നു ജോത്സ്യൻ കൃഷ്ണകുമാർ ‌ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ജോളിയുടെ പൂർവകാലത്തെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ വിവര ശേഖരണം ഇന്നലെയും തുടർന്നു. 

മൊഴികളിലെ വൈരുധ്യം: തഹസിൽദാർ ജയശ്രീ ഇന്നും വീണ്ടും ഹാജരാകും

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തിൽ തഹസിൽദാർ ജയശ്രീയുടെ മൊഴി ഇന്നുവീണ്ടും എടുക്കുമെന്നു വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടി കലക്ടർ സി.ബിജു പറഞ്ഞു. ജയശ്രീയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയെങ്കിലും ഇന്നലെ തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ വച്ചു വ്യക്തത വരുത്താനാണു വീണ്ടും മൊഴിയെടുക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചു ജോളി ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ സ്വത്ത് കൈവശപ്പെടുത്താൻ ശ്രമിച്ച സംഭവം നടക്കുന്ന കാലത്തെ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറിയോട് ഉച്ചയ്ക്കു ശേഷം എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ മൊഴിയും ഇന്നു വിശദമായി എടുക്കും.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളെ ഇന്ന് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(രണ്ട്) യിൽ ഹാജരാക്കും. റിമാൻഡിലായിരുന്ന  കേസിലെ മുഖ്യ പ്രതി ജോളി മറ്റു പ്രതികളായ എം.എസ്. മാത്യ, പ്രജികുമാർ എന്നിവരെ കഴിഞ്ഞ 10നാണ് കോടതി തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. 

റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.  എന്നാൽ ഇതിനു ശേഷം ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയിൽ, സിലി, കുഞ്ഞ് ആൽഫൈൻ എന്നിവരുടെ മരണവും പൊലീസ് കൊലപാതകമാണന്ന് കണ്ടെത്തി പുതിയ 5 കേസുകൾ കൂടി റജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഈ കേസുകളുടെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി കാലാവധി നീട്ടി കിട്ടാൻ ഇന്ന് അപേക്ഷ നൽകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA