ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ വധിച്ച കേസിൽ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം. ഇതിനായുള്ള അപേക്ഷ ഇന്നു രാവിലെ താമരശ്ശേരി കോടതിയിൽ സമർപ്പിക്കും.

പൊന്നാമറ്റം റോയ് വധക്കേസിൽ ഇന്നു വൈകിട്ട് കസ്റ്റഡി പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾത്തന്നെ പുതിയ അറസ്റ്റിനുള്ള അനുമതിയും വാങ്ങാനാണ് ശ്രമം. സിലി വധക്കേസിലെ എഫ്ഐആറിൽ എം.എസ്.മാത്യുവിനെയും പ്രതി ചേർത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോൾ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിച്ചേക്കും.  

ജാമ്യം കിട്ടിയില്ലെങ്കിൽ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്ന ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ തിങ്കളാഴ്ചയാകും പ്രൊഡക്‌ഷൻ വാറന്റ് സമർപ്പിക്കുക. താമരശ്ശേരിയിലെ ദന്താശുപത്രിയിൽവച്ച് ജോളി ഗുളികയിൽ സയനൈഡ് ചേർത്ത് സിലിയെ കൊലപ്പെടുത്തി എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. എഫ്ഐആർ തയാറായ മറ്റു 4 കൊലപാതക കേസുകളിൽക്കൂടി അറസ്റ്റ് നടക്കാനുണ്ട്. 

അതിനിടെ ജോളിയെ ഇന്നലെ പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫിസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പ്രജികുമാറുമായി കോയമ്പത്തൂരിൽ തെളിവെടുപ്പിനു പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പോയില്ല. 

റോയിയുടെ മക്കളുടെയും സഹോദരങ്ങളായ റോജോ, രഞ്ജി എന്നിവരുടെയും ഡിഎൻഎ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎയുമായി ഒത്തുനോക്കാനാണിത്.

ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ

കൊയിലാണ്ടി ∙ ജോളി ജോസഫിനെ വൈദ്യപരിശോധനയ്ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ ഫോട്ടോ എടുക്കാനായി അവരുടെ ഷാൾ എടുത്തുമാറ്റാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളിയേരി രാരോത്ത് ഷാജുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷാജു ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജു.

അന്വേഷണ സംഘത്തോട് സഹകരിക്കാതെ ജോളി

കൊയിലാണ്ടി ∙ കൂടത്തായി കൊലക്കേസിൽ അന്വേഷണ സംഘത്തോട് ജോളിയുടെ നിസ്സഹകരണം. അസുഖമാണെന്നു പറഞ്ഞ് ഇന്നലെ ചികിത്സ തേടിയ ജോളി പിന്നീട് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും, ദീർഘനേരം ഇരിക്കാനാകുന്നില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം വരെ ചോദ്യങ്ങൾക്കു മറുപടി നൽകിയിരുന്നെങ്കിലും കോടതിയിൽ വച്ച് അഭിഭാഷകന്റെ നിർദേശം കിട്ടിയ ശേഷമാണ് നിസ്സഹകരണം തുടങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

ബുധനാഴ്ച, കസ്റ്റഡിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നു മറുപടി നൽകിയ ജോളിയോട് ‘ക്ഷീണിതയാണെന്ന് പറയാമായിരുന്നു’ എന്നാണ് അഭിഭാഷകൻ പറഞ്ഞത്. 

ഇന്നലെ പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഓഫിസിൽ കൊണ്ടുവന്നാണ് ചോദ്യം ചെയ്തത്. മൊഴിയെടുക്കൽ തുടങ്ങിയപ്പോൾത്തന്നെ അസുഖമാണെന്ന് ജോളി പറഞ്ഞതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം തിരിച്ചെത്തിച്ചപ്പോഴും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാൽ വിവരങ്ങളുടെ അവസാനവട്ട പരിശോധനയ്ക്ക് ഇതു തടസ്സമായെന്ന് അന്വേഷണ സംഘം പറയുന്നു. 

നേരത്തേ ചോദ്യം ചെയ്യലിൽ ജോളി വെളിപ്പെടുത്തിയ പലതും കള്ളമാണെന്നും പൊലീസിനു വ്യക്തമാകുന്നുണ്ട്. മാത്യു മഞ്ചാടിയിലിനൊപ്പം മദ്യം കഴിച്ചപ്പോഴാണ് സയനൈഡ് ചേർത്തു നൽകിയതെന്ന മൊഴി കള്ളമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com