ADVERTISEMENT

രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അ​ഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലത്തിനായി. രണ്ടു മുന്നണികളും ബിജെപിയും കടുത്ത പോരിനിറങ്ങിയിരിക്കുന്ന മണ്ഡലങ്ങളുടെ ചരിത്രത്തിലൂടെ...

മാറ്റമില്ലാതെ മഞ്ചേശ്വരം

കേരള സംസ്ഥാന രൂപീകരണത്തോടെയാണ് (1956) മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലം രൂപീകരിച്ചത്. കാസർകോട് താലൂക്കിലെ മഞ്ചേശ്വരം ഫർക്കായും മധൂർ, പാട്്ല, ബേല, നെതിൻജേ, ബെല്ലൂർ വില്ലേജുകൾ ഒഴികെയുള്ള കുമ്പള ഫർക്കായും ആണ് 1956ലെ ഡീലിമിറ്റേഷനിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുത്തിയത്. മഞ്ചേശ്വരം, വൊർകാടി, മീൻജ, പൈവെലികെ, മംഗലപാടി, കുമ്പള,  പുത്തിഗെ, എൻമകജെ,  ബദിയടുക്ക എന്നീ പഞ്ചായത്തുകൾ 1964ൽ ഉൾപ്പെടുത്തി. ഇവയിൽ ബദിയടുക്ക ഒഴികെയുള്ള  പഞ്ചായത്തുകൾ 1976ലും 2008ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുത്തി. ചുരുക്കത്തിൽ 1977ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ മഞ്ചേശ്വരത്തിന് മാറ്റമില്ല. സുൽത്താൻ ബത്തേരി, കൽപറ്റ, നാദാപുരം, ചേലക്കര, പെരുമ്പാവൂർ, കുന്നത്തുനാട്, തൊടുപുഴ, ചങ്ങനാശേരി എന്നീ നിയമസഭാമണ്ഡലങ്ങൾക്കും 1977 മുതൽ  മാറ്റമില്ല.

∙ ഉമേഷ് റാവു കേരളത്തിലെ ആദ്യ വിജയി

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ വിജയി മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള കർണാടക പ്രാന്തീയ സമിതി (ഔദ്യോഗിക രേഖയിൽ സ്വതന്ത്രൻ) സ്‌ഥാനാർഥി എം. ഉമേഷ് റാവുവാണ്. എതിരില്ലാത്തതിനാൽ വോട്ടെടുപ്പു നടക്കുന്നതിനു മുൻപുതന്നെ അദ്ദേഹം വിജയിച്ചു. 

കേരളത്തിലെ ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയാണു നടന്നത്. മഞ്ചേശ്വരത്തെ വോട്ടെടുപ്പ് ഫെബ്രുവരി 28നാണ് ഉദ്ദേശിച്ചിരുന്നത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി നാലിനു മത്സരരംഗത്ത് അവശേഷിച്ചതു സ്വതന്ത്രനായ ഉമേഷ് റാവു മാത്രം. 

ഡോ. എ. സുബ്ബറാവു, യു. പി. അബ്‌ദുൽ ഖാദർ, അഹമ്മദ് ഹനി ഷെറിഫ് തുടങ്ങിയവർ കൂടി ഇവിടെ പത്രിക നൽകിയിരുന്നെങ്കിലും പിന്നീടു പിൻവലിക്കുകയായിരുന്നു. അങ്ങനെ ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ വിജയി എന്നതിനോടൊപ്പം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം എന്ന റെക്കോർഡും എം. ഉമേഷ് റാവു നേടി. 

കർണാടകയിലെ കാർക്കള താലൂക്കിലെ മുഡ്ബിദ്രെ സ്വദേശിയായ ഉമേഷ് റാവു ദക്ഷിണ കാനറയിലെ പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ദക്ഷിണ കാനറ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗമായിരുന്നു. കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കാസർകോട് താലൂക്ക് കേരളത്തിൽ ലയിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ചു.

കേരള നിയമസഭയിൽ ഇതേവരെ പാസായ ഏക സ്വകാര്യ ബിൽ അവതരിപ്പിച്ചതും ഉമേഷ് റാവു ആയിരുന്നു. നിയമസഭാംഗങ്ങളുടെ ശമ്പളവും അലവൻസുകളും സംബന്ധിച്ച അനൗദ്യോഗിക ബില്ലാണ് ഇങ്ങനെ 1958ൽ പാസാക്കപ്പെട്ടത്. 1968 ഏപ്രിൽ 22ന് നിര്യാതനായി. 

തിരു–കൊച്ചിയിൽ 1951 – 52ലെ നിയമസഭാതെരഞ്ഞെടുപ്പിൽ നാലു പേർ എതിരില്ലാതെ വിജയിച്ചിരുന്നു – കെ.പി. നീലകണ്‌ഠപിള്ള (വാമനപുരം), ഒ.സി. നൈനാൻ (കല്ലൂപ്പാറ), ടി.ടി. കേശവൻ ശാസ്‌ത്രി (ചങ്ങനാശേരി ദ്വയാംഗം – പട്ടികജാതി സംവരണ സീറ്റ്), പി.ടി. തോമസ് (വിജയപുരം).

∙ സഭ കാണാത്ത കുമ്പള

സ്വന്തം പേരിൽ ഒരു നിയോജകമണ്ഡലമുണ്ടായിട്ടും അവിടെനിന്ന് ഒരംഗത്തെ നിയമസഭയിലേക്കു തിരഞ്ഞെടുത്തയയ്‌ക്കാൻ കുമ്പളയ്‌ക്ക് അവസരമുണ്ടായില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് (1951-52) കഴിഞ്ഞ് 1954ൽ നടന്ന നിയോജകമണ്ഡല അതിർത്തി നിർണയത്തിലാണ് അന്നത്തെ മദ്രാസ് സംസ്ഥാനത്തു (ഇന്നത്തെ കേരളത്തിന്റെ വടക്കേയറ്റത്തു) രൂപം കൊണ്ട കുമ്പള നിയമസഭാ മണ്ഡലത്തിന് ഈ ഗതികേടുണ്ടായത്.

പഴയ മദ്രാസ് സംസ്‌ഥാനത്തിലെ സൗത്ത് കാനറ ജില്ലയിൽ കാസർകോട് താലൂക്കിലെ കുമ്പള, മഞ്ചേശ്വരം ഫർക്കാകളും മാംഗ്ലൂർ താലൂക്കിലെ മാംഗ്ലൂർ (മംഗലാപുരം) മുനിസിപ്പാലിറ്റി ഒഴികെയുള്ള മാംഗ്ലൂർ-എ ഫർക്കായും ചേർത്താണ് ഈ നിയമസഭാ മണ്ഡലം രൂപീകരിച്ചത്. ഇതിനെ മാംഗ്ലൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്‌ഥാന പുനഃസംഘടനയോടെ (1956) കുമ്പള, മഞ്ചേശ്വരം ഫർക്കാകൾ കേരളത്തിലും മാംഗ്ലൂർ-എ ഫർക്ക മൈസൂർ (പിന്നീട് കർണാടക) സംസ്ഥാനത്തിലുമായി. കേരളത്തിൽ 1956ൽ നടന്ന നിയോജകമണ്ഡല അതിർത്തി നിർണയത്തിൽ മഞ്ചേശ്വരം, കുമ്പള ഫർക്കാകൾ മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളുടെ ഭാഗമായതോടെ കുമ്പള മണ്ഡലം അപ്രത്യക്ഷമായി. ചുരുക്കത്തിൽ കുമ്പള മണ്ഡലം ഉണ്ടായിരുന്ന കാലത്ത് (1954-1956) മദ്രാസിൽ നിയമസഭാ തിരഞ്ഞെടുപ്പൊന്നും നടന്നില്ല. കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് 1957ൽ ആയിരുന്നു. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് (1951-52) നടക്കുമ്പോൾ പനമാംഗ്ലൂർ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു കാസർകോട് താലൂക്കിലെ മഞ്ചേശ്വരം ഫർക്കാ. മാംഗ്ലൂർ താലൂക്കിലെ ബന്തവാൾ, പനമാംഗ്ലൂർ ഫർക്കാകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ബന്തവാൾ വൈകുണ്ഠ ബാലിഗ (കോൺഗ്രസ്) ആയിരുന്നു ഈ നിയോജകമണ്ഡലത്തിൽ നിന്ന് മദ്രാസ് നിയമസഭയിലേക്ക് വിജയിച്ചത്. അദ്ദേഹം പിൽക്കാലത്ത് മൈസൂർ സംസ്ഥാനത്തു നിയമ മന്ത്രിയും നിയമസഭാ സ്പീക്കറും ആയി.

കാസർകോട്, പുത്തൂർ (ദ്വയാംഗം), മാംഗ്ലൂർ, പനമാംഗ്ലൂർ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതായിരുന്നു അന്നത്തെ സൗത്ത് കാനറ (സൗത്ത്) ലോക്‌സഭാ മണ്ഡലം. അതേസമയം സൗത്ത് കാനറ ജില്ലയിലെ ഹൊസ്‌ദുർഗ് നിയമസഭാ മണ്ഡലം കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ബി. ശിവ റാവു (കോൺഗ്രസ്), എ.കെ. ഗോപാലൻ (സിപിഐ) എന്നിവരായിരുന്നു യഥാക്രമം ഈ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ. ബി. ശിവ റാവു പത്രപ്രവർത്തകനായിരുന്നു.

പഴയ തിരു–കൊച്ചിയിൽ (ഇന്നത്തെ കേരളത്തിന്റെ തെക്കേയറ്റത്തു) രൂപം കൊണ്ട ഒരു ലോക്‌സഭാ മണ്ഡലത്തിനും കുമ്പളയുടെ അതേ ഗതികേടുണ്ടായി. സ്വന്തം പേരിൽ ഒരു നിയോജകമണ്ഡലമുണ്ടായിട്ടും അവിടെനിന്ന് ഒരംഗത്തെ ലോക്‌സഭയിലേക്കു തിരഞ്ഞെടുത്തയയ്‌ക്കാൻ നെയ്യാറ്റിൻകരയ്‌ക്ക് അവസരമുണ്ടായില്ല. ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് (1951-52) കഴിഞ്ഞ് 1953ൽ നടന്ന ഡീലിമിറ്റേഷനിലാണ് തിരുകൊച്ചിയിൽ നെയ്യാറ്റിൻകര ലോക്‌സഭാ നിയോജകമണ്ഡലത്തിനു രൂപം നൽകിയത്.

കേരളത്തിൽ 1956ൽ നടന്ന ഡീലിമിറ്റേഷനോടെ നെയ്യാറ്റിൻകര അപ്രത്യക്ഷമായി. രണ്ടാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 1957ൽ ആയിരുന്നു. ചുരുക്കത്തിൽ നെയ്യാറ്റിൻകര മണ്ഡലം ഉണ്ടായിരുന്ന കാലത്ത് (1953-1956) ലോക്‌സഭാ തിരഞ്ഞെടുപ്പൊന്നും നടന്നില്ല.

എറണാകുളത്ത് മൂന്നാം ഉപതിരഞ്ഞെടുപ്പ്

എറണാകുളം നിയമസഭാമണ്ഡലത്തിൽ ഒക്ടോബർ 21നു നടക്കുന്നതു കേരള നിയമസഭയിലേക്കുള്ള മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ്. ഇതു റെക്കോർഡാണ്. രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടന്ന കേരളത്തിലെ ഏക  ലോക്സഭാ മണ്ഡലവും എറണാകുളം ആണ്. രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടന്ന നിയമസഭാമണ്ഡലങ്ങളാണ് നിലമ്പൂർ, പറവൂർ, ആറ്റിങ്ങൽ, താനൂർ, പുനലൂർ, തലശേരി, തിരുവല്ല. 

ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സിറ്റിങ് എംഎൽഎമാരുടെ രാജിയാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളുടെയും കാരണം. 12–ാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജോർജ് ഈഡൻ രാജിവച്ച ഒഴിവിൽ 1998 ജൂൺ 2നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡോ. സെബാസ്‌റ്റ്യൻ പോൾ (ഇടതു മുന്നണി) വിജയിച്ചു. 15–ാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.വി. തോമസ് രാജിവച്ച ഒഴിവിൽ 2009 നവംബർ 7നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസന്റേഷൻ (കോൺഗ്രസ്) വിജയിച്ചു. യഥാക്രമം ലിനോ ജേക്കബ്, പി.എൻ. സീനുലാൽ എന്നിവരായിരുന്നു മുഖ്യ എതിരാളികൾ. ഹൈബി ഈഡൻ 17–ാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജിവച്ച ഒഴിവിലാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പ്.

ഒന്നിലധികം ഉപതിരഞ്ഞെടുപ്പുകൾ നടന്ന കേരളത്തിലെ ഏക ലോക്‌സഭാ നിയോജകമണ്ഡലമാണ് എറണാകുളം. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകൾ നടന്ന മഞ്ചേരിയെയും (1973) മലപ്പുറത്തെയും (2017) രണ്ടായി പരിഗണിക്കാം. സിറ്റിങ് എംപിമാരുടെ നിര്യാണമാണ് അടുത്തടുത്തുണ്ടായ രണ്ട് എറണാകുളം  ഉപതിരഞ്ഞെടുപ്പുകളുടെയും കാരണം. രണ്ടു തവണയും വിജയിച്ചത്  ഇടതു മുന്നണി സ്വതന്ത്രനായ സെബാസ്‌റ്റ്യൻ പോൾ ആണ്. 1997 ഫെബ്രുവരി 9–ന് സേവ്യർ അറയ്‌ക്കലും (11–ാം ലോക്‌സഭ) 2003 ജൂലൈ 26ന് ജോർജ് ഈഡനുമാണ് (13–ാം ലോക്‌സഭ) മരണമടഞ്ഞത്. 1997 മേയ് 29 നും 2003 സെപ്റ്റംബർ 23 നും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ ആന്റണി ഐസക്കും എം.ഒ. ജോണും ആയിരുന്നു മുഖ്യ എതിരാളികൾ. 

സെബാസ്‌റ്റ്യൻ പോൾ രണ്ടു വട്ടം നിയമസഭയിലേക്കും നാലു വട്ടം ലോക്‌സഭയിലേക്കും എറണാകുളത്തു നിന്നു മൽസരിച്ചിട്ടുണ്ട്. 1997 മേയ് മുതൽ 2004 മേയ് വരെയുള്ള ഏഴു വർഷത്തിനിടയിലാണ് ഈ തിരഞ്ഞെടുപ്പുകളെല്ലാം. ഒരു തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തു മായും മുൻപേ മറ്റൊരു തിരഞ്ഞെടുപ്പിനു സെബാസ്‌റ്റ്യൻ പോൾ റെഡി. ഇതിൽ കേരള രാഷ്‌ട്രീയത്തിന്റെ ഗതിമാറ്റിവിട്ട ഉപതിരഞ്ഞെടുപ്പുകളുമുണ്ട്. വിജയിച്ച മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ (1997, 1998, 2003) കൂടാതെ ലോക്സഭാ പൊതുതിരഞ്ഞെടുപ്പിൽ 1998ൽ പരാജയവും 2004ൽ വിജയവും നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ 2001 ൽ പരാജയവും അദ്ദേഹത്തെ തേടിയെത്തി.

കേരളപ്പിറവിക്കു മുൻപും എറണാകുളം ഉൾപ്പെട്ട പ്രദേശത്ത്  ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. കണയന്നൂർ ദ്വയാംഗമണ്ഡലത്തിലെ അധഃകൃത വർഗ സീറ്റിൽ നിന്ന് കൊച്ചി നിയമസഭയിലേക്കും (1949 മേയ് 30) എറണാകുളം വനിതാ നിയോജകമണ്ഡലത്തിൽ നിന്ന് തിരു–കൊച്ചി നിയമസഭയിലേക്കും (1951 ഓഗസ്റ്റ് 27) നടന്നത് ഉദാഹരണം. കെ.കെ.കണ്ണൻ കോൺഗസ് വിട്ടതിനാൽ രാജിവച്ച സീറ്റിൽ അദ്ദേഹം തന്നെ വിജയിച്ചു. ‍‍ഡോ. മിസിസ് ടി. ഫ്രാൻസിസ് നിര്യാതയായ ഒഴിവിൽ തങ്കമ്മ എൻ. മേനോൻ എതിരില്ലാതെ വിജയിച്ചെങ്കിലും അവർ ഉടൻ തന്നെ രാജിവച്ചു. 

പി.വി. അവിരാ തരകൻ : അരൂരിന്റെ ആദ്യ എംഎൽഎ

1951ലാണ് അരൂർ നിയമസഭാ നിയോജകമണ്ഡലം രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ ചേർത്തല താലൂക്കിലുള്ള അരൂർ, പാണാവള്ളി, മറ്റത്തിൽഭാഗം എന്നീ പകുതികളും തൃശൂർ ജില്ലയിലെ കൊച്ചി-കണയന്നൂർ താലൂക്കിലുള്ള ചെല്ലാനം, കുമ്പളങ്ങി എന്നീ വില്ലേജുകളുമാണ് ഉൾപ്പെടുത്തിയിരുന്നത്. 

പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളാണിത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും അടിസ്‌ഥാന ഘടകങ്ങൾ യഥാക്രമം പകുതിയും വില്ലേജും ആയിരുന്നു. സാധാരണയായി ഒരു ജില്ലയുടെ പരിധിക്കുള്ളിലാണ് ഒരു നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്നത്. നിയോജകമണ്ഡല അതിർത്തി നിർണയവേളയിൽ, ഒന്നിലധികം ജില്ലകളിൽ നിന്നു പകുതികളോ, വില്ലേജുകളോ, പഞ്ചായത്തുകളോ ചേർത്തു നിയമസഭാമണ്ഡലങ്ങൾ രൂപീകരിക്കാറില്ല.

തിരുവിതാംകൂർ - കൊച്ചിയിൽ 1952 ജനുവരി 4നു നടന്ന തിരഞ്ഞെടുപ്പിൽ ഇവിടെ നിന്നു വിജയിച്ചത് ഐക്യമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അവിരാ തരകൻ ആണ്. അലക്സാണ്ടർ വാകയിൽ (കോൺഗ്രസ്), കെ.കെ. കൃഷ്ണ പിള്ള (സോഷ്യലിസ്റ്റ്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. 

തിരു - കൊച്ചി നിയമസഭയിലേക്ക് 1954 ഫെബ്രുവരി 26നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും വിജയിച്ചത് ഇടതുപക്ഷ സ്വതന്ത്രനായ പി.വി. അവിരാ തരകൻ തന്നെ. പി.വി. വർക്കി തരകൻ (കോൺഗ്രസ്), സി.കെ. മാധവൻ കമ്പക്കാരൻ (സ്വതന്ത്രൻ) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. 

തിരു–കൊച്ചിയിലെ 1953ലെ ഡീലിമിറ്റേഷൻ അനുസരിച്ച് അരൂർ, വടുതല മറ്റത്തിൽഭാഗം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ വില്ലേജുകളാണ് ഈ തിരഞ്ഞെടുപ്പു നടക്കുമ്പോൾ അരൂർ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നത്. 

1915 മാർച്ച് 3നു ജനിച്ച എഴുപുന്ന പാറായിൽ പി.വി. അവിരാ തരകൻ ‘കാഹളം’ വാരികയുടെ എഡിറ്ററും പബ്ലിഷറും ആയിരുന്നു. 1984 ഒക്ടോബർ 20ന് മദ്രാസിൽ നിര്യാതനായി. വർക്കി തരകൻ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. 

∙ പി.വി. ഉറുമീസ് തരകൻ : ആദ്യ സ്വതന്ത്ര എംഎൽഎ

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ (1948 ഫെബ്രുവരി) സ്വതന്ത്രനായി വിജയിച്ച ഏക സ്ഥാനാർത്ഥി എഴുപുന്ന പാറായിൽ പി.വി. ഉറുമീസ് തരകൻ അരൂർ ഉൾപ്പെടുന്ന ചേർത്തല – 1 നിയോജകമണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തു തിരഞ്ഞെടുപ്പു നടത്തി ആദ്യം നിലവിൽ വന്ന നിയമസഭയാണ് 1948ലെ തിരുവിതാംകൂർ നിയമസഭ. 1949ൽ അതു തിരു–കൊച്ചി നിയമസഭയായി മാറി. 

അരൂർ, തുറവൂർ നോർത്ത്, തുറവൂർ സൗത്ത് പകുതികൾ അടങ്ങുന്നതായിരുന്നു ചേർത്തല – 1 നിയോജകമണ്ഡലം. വടുതല മറ്റത്തിൽഭാഗം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, കോക്കോതമംഗലം പകുതികൾ അടങ്ങുന്ന  ചേർത്തല – 2 നിയോജകമണ്ഡലത്തിൽ നിന്ന് സ്റ്റേറ്റ് കോൺഗ്രസിലെ പി.കെ. രാമൻ വിജയിച്ചു. ചേർത്തല താലൂക്കിന്റെ ശേഷിച്ച ഭാഗം അടങ്ങുന്നതായിരുന്നു  ചേർത്തല – 3 ദ്വയാംഗ നിയോജകമണ്ഡലം. ഒരു സീറ്റ് ജനറലും ഒരു സീറ്റ് ലത്തീൻ കത്തോലിക്കാ സംവരണവും ആയിരുന്നു.

വയലാർ ഈസ്റ്റ്, വയലാർ വെസ്റ്റ്,  ചേർത്തല നോർത്ത്, ചേർത്തല സൗത്ത് , മാരാരിക്കുളം നോർത്ത്, തണ്ണീർമുക്കം നോർത്ത്, തണ്ണീർമുക്കം സൗത്ത് പകുതികളാണ് ചേർത്തല – 3 ദ്വയാംഗ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കൃഷ്ണൻ അയ്യപ്പൻ, പി.പി. വിത്സൻ  എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. വിത്സന്‍ രാജിവച്ച ഒഴിവിലേക്ക് ലത്തീൻ കത്തോലിക്കാ സംവരണ സീറ്റിൽ 1949 മേയ് 18 നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസഫ് മാത്തൻ വിജയിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി രാജിവച്ച എംഎൽഎ ആണ് വിത്സന്‍. സാഹിത്യവിമർശകനായിരുന്ന ‘ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ’ക്ക് 1981ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1984 നവംബർ 7ന് നിര്യാതനായി.

∙  അരൂർ രണ്ട് ജില്ലകളിൽ

തിരുവിതാംകൂർ - കൊച്ചിയിൽ 1951ൽ രൂപീകരിച്ച അരൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ കൊല്ലം ജില്ലയിലെ ചേർത്തല താലൂക്കിലുള്ള അരൂർ, പാണാവള്ളി, മറ്റത്തിൽഭാഗം എന്നീ പകുതികളും തൃശൂർ ജില്ലയിലെ കൊച്ചി-കണയന്നൂർ താലൂക്കിലുള്ള ചെല്ലാനം, കുമ്പളങ്ങി എന്നീ വില്ലേജുകളുമാണ് ഉൾപ്പെടുത്തിയിരുന്നത്. അതിർത്തി നിർണയവേളയിൽ തന്നെ ഇപ്രകാരം ചെയ്യുകയാണുണ്ടായത്. ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലത്തിലാണ് അരൂർ നിയമസഭാമണ്ഡലം ഉൾപ്പെടുത്തിയിരുന്നത്.

പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളാണിത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും അടിസ്‌ഥാന ഘടകങ്ങൾ യഥാക്രമം പകുതിയും വില്ലേജും ആയിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.

തിരുവനന്തപുരവും കോട്ടയവും ആയിരുന്നു തിരു-കൊച്ചിയിലെ മറ്റു ജില്ലകൾ. തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ (1949 ജൂലൈ ഒന്ന്) കൊച്ചിയിലെ ആറു താലൂക്കുകളും തിരുവിതാംകൂറിലെ കോട്ടയം ഡിവിഷനിൽപെട്ട രണ്ടു താലൂക്കുകളും ചേർത്താണ് തൃശൂർ ജില്ല രൂപീകരിച്ചത്. സാധാരണയായി ഒരു ജില്ലയുടെ പരിധിക്കുള്ളിലാണ് ഒരു നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്നത്. നിയോജകമണ്ഡല അതിർത്തി നിർണയവേളയിൽ, ഒന്നിലധികം ജില്ലകളിൽ നിന്നു പകുതികളോ, വില്ലേജുകളോ, പഞ്ചായത്തുകളോ ചേർത്തു നിയമസഭാമണ്ഡലങ്ങൾ രൂപീകരിക്കാറില്ല. ഒന്നിലധികം ജില്ലകളിലോ, താലൂക്കുകളിലോ വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തുകളെ വെട്ടിമുറിക്കാറുമില്ല. എന്നാൽ, പുതിയ ജില്ലകൾ രൂപീകരിക്കുമ്പോൾ ചില നിയമസഭാമണ്ഡലങ്ങൾ ഒന്നിലധികം ജില്ലകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

1976ൽ രൂപീകരിച്ച തൃക്കരിപ്പൂർ, നോർത്ത് വയനാട്, ആറന്മുള, പന്തളം എന്നീ നിയമസഭാമണ്ഡലങ്ങൾ ഉദാഹരണങ്ങളാണ്. കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകൾ രൂപീകരിച്ചപ്പോഴാണ് ഇവ ഒന്നിലധികം ജില്ലകളിലായത്.

∙ അരൂർ നിയമസഭാ മണ്ഡലം വിവിധ കാലങ്ങളിൽ

1953, 1956, 1964, 1976, 2008 വർഷങ്ങളിൽ അരൂർ നിയമസഭാ മണ്ഡലത്തിന് മാറ്റമുണ്ടായി. ചേർത്തല താലൂക്കിലെ വില്ലേജുകളും പഞ്ചായത്തുകളും മാത്രമാണ് അരൂർ നിയമസഭാ മണ്ഡലത്തിൽ ചേർത്തത്. 

തിരു–കൊച്ചിയിലെ 1953ലെ ഡീലിമിറ്റേഷൻ അനുസരിച്ച് അരൂർ, വടുതല മറ്റത്തിൽഭാഗം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ വില്ലേജുകളാണ് അരൂർ മണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 1954ലെ തിരു–കൊച്ചി ഇടക്കാല തിരഞ്ഞെടുപ്പ് ഇതനുസരിച്ചു നടന്നു.

കേരള സംസ്ഥാന രൂപീകരണത്തോടൊപ്പം 1956ൽ നടന്ന ഡീലിമിറ്റേഷൻ അനുസരിച്ച് തുറവൂർ തെക്ക്, തുറവൂർ വടക്ക്, അരൂർ, വടുതല മറ്റത്തിൽ ഭാഗം, പാണാവള്ളി, തൈക്കാട്ടുശ്ശേരി വില്ലേജുകൾ ഉൾപ്പെടുത്തി.

1964ലെ  ഡീലിമിറ്റേഷൻ പ്രകാരം അരൂർ, എഴുപുന്ന, കോടന്തുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി പഞ്ചായത്തുകൾ.

1976ലെ ഡീലിമിറ്റേഷൻ പ്രകാരം അരൂർ, എഴുപുന്ന, കടക്കരപ്പള്ളി, കോടന്തുരുത്ത്, കുത്തിയതോട്, പട്ടണക്കാട്, തുറവൂർ, വയലാർ പഞ്ചായത്തുകൾ.

2008ലെ ഡീലിമിറ്റേഷൻ പ്രകാരം അരൂക്കുറ്റി, അരൂർ, ചെന്നംപള്ളിപ്പുറം, എഴുപുന്ന, കോടന്തുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ പഞ്ചായത്തുകൾ.

തിരുവിതാംകൂർ നിയമസഭാ തിരഞ്ഞെടുപ്പ് (1948) നടക്കുമ്പോൾ ഈ പ്രദേശം മുഖ്യമായും ചേർത്തല 1, 2 നിയോജകമണ്ഡലങ്ങളുടെ ഭാഗമായിരുന്നു.

കോന്നി നിയമസഭാ നിയോജകമണ്ഡലം

1964ലാണ് കോന്നി മണ്ഡലം രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ കോന്നി, അരുവാപ്പുലം, പ്രമാടം, വള്ളിക്കോട്, കുന്നത്തൂർ താലൂക്കിലെ കലഞ്ഞൂർ, കൊടുമൺ പഞ്ചായത്തുകൾ ചേർത്താണ് ഈ മണ്ഡലം രൂപീകരിച്ചത്. 1965, 1967, 1970 നിയമസഭാ തിരഞ്ഞെടുപ്പുകൾ ഇതനുസരിച്ചു നടന്നു.

1976ൽ പത്തനംതിട്ട താലൂക്കിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം,  കുന്നത്തൂർ താലൂക്കിലെ കലഞ്ഞൂർ, കൊടുമൺ പഞ്ചായത്തുകളും ഈ താലൂക്കുകളിലെ വനപ്രദേശങ്ങളും കോന്നി മണ്ഡലത്തിന്റെ ഭാഗമായി. വള്ളിക്കോട് പത്തനംതിട്ട മണ്ഡലത്തിലായി. എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ (1977, 1980, 1982, 1987, 1991, 1996, 2001, 2006) ഇതനുസരിച്ചു നടന്നു. ഈ രണ്ടു ഡീലിമിറ്റേഷനുകളിലും കോന്നി നിയമസഭാമണ്ഡലം അ‌‌ടൂർ ലോക്സഭാ മണ്ഡലത്തിലാണ് ഉൾപ്പെടുത്തിയത്. 

പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളിൽ ഉൾപ്പെടുന്ന 11 ഗ്രാമപഞ്ചായത്തുകളാണ് 2008ലെ ഡീലിമിറ്റേഷനിൽ കോന്നി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുത്തിയത്. കോഴഞ്ചേരി താലൂക്കിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, അട‌ൂർ താലൂക്കിലെ ഏനാദിമംഗലം, കലഞ്ഞൂർ, റാന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് ഗ്രാമപഞ്ചായത്തുകളാണ് ഇതിൽ ഉൾപ്പെടുത്തിയത്. (മണലൂർ, കാഞ്ഞിരപ്പള്ളി, കുന്നത്തൂർ മണ്ഡലങ്ങളും രൂപീകരണസമയത്ത് മൂന്നു താലൂക്കുകളിലായിരുന്നു). കോന്നി താലൂക്ക് രൂപീകരണത്തോടെ ഏനാദിമംഗലം ഒഴികെയുള്ള പഞ്ചായത്തുകൾ പുതിയ താലൂക്കിന്റെ ഭാഗമായി.

കേരളപ്പിറവിയോടൊപ്പം (1956) നടന്ന അതിർത്തിനിർണയത്തിൽ കോന്നി മുഖ്യമായും പത്തനംതിട്ട, കുന്നത്തൂർ മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. തിരു–കൊച്ചിയിൽ (1952 – 1956) മുഖ്യമായും  പത്തനംതിട്ട, ഓമല്ലൂർ തുടങ്ങിയ മണ്ഡലങ്ങളുടെയും  തിരുവിതാംകൂറിൽ (1948) പത്തനംതിട്ട – 2, കുന്നത്തൂർ – 1 മണ്ഡലങ്ങളുടെയും ഭാഗമായിരുന്നു.

കെ. അനിരുദ്ധൻ : വട്ടിയൂർക്കാവിലെ ഇരട്ട വിജയി

വട്ടിയൂർക്കാവ് എന്നു പേരുള്ള നിയമസഭാമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആദ്യമായിട്ടാണെങ്കിലും വട്ടിയൂർക്കാവ് പോലെ തിരുവനന്തപുരം കോർപറേഷൻ ഭാഗികമായോ പൂർണ്ണമായോ ഉൾപ്പെടുന്ന നിയമസഭാമണ്ഡലങ്ങളിൽ മുൻപ് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. രണ്ടിലും വിജയിച്ചത് കെ. അനിരുദ്ധൻ ആണ്.

പഞ്ചാബ് ഗവർണർ ആയതിനെ തുടർന്ന് മുഖ്യമന്ത്രി പട്ടം താണുപിള്ള (പിഎസ്പി) രാജിവച്ച ഒഴിവിൽ തിരുവനന്തപുരം – 2 നിയോജകമണ്ഡലത്തിൽ 1963 മേയ് 15 നു നടന്നതാണ് ആദ്യ ഉപതിരഞ്ഞെടുപ്പ്. എം.പി. നാരായണൻ നായർ (എൻഡിപി) നിര്യാതനായതിനെ തുടർന്ന് 1978 സെപ്റ്റംബർ 22ന് തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലത്തിൽ നടന്നതാണ് രണ്ടാമത്തേത്. രണ്ടിലും വിജയിച്ച കെ. അനിരുദ്ധൻ ആദ്യം സിപിഐയുടെയും അടുത്തതിൽ സിപിഎമ്മിന്റെയും സ്ഥാനാർത്ഥിയായിരുന്നു. തിരുവനന്തപുരം കോർപറേഷന്റെ ഏതെങ്കിലും ഒരു ഭാഗം ഈ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടിരുന്നു. 1980ൽ വട്ടിയൂർക്കാവ് ഉൾപ്പെട്ട തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലത്തിൽ നിന്നും 1967ൽ ചിറയിൻകീഴ് ലോക്സഭാമണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിച്ചിട്ടുണ്ട്.  ഇ.കെ. നായനാരും എ.കെ. ആന്റണിയും ആണ് ഒന്നിലധികം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ച മറ്റുള്ളവർ.

2008ലെ ഡീലിമിറ്റേഷൻ ഉത്തരവു പ്രകാരം വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും തിരുവനന്തപുരം കോർപറേഷന്റെ ഒരു ഭാഗവുമാണ് വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പി.കെ. വാസുദേവൻ നായർ നിര്യാതനായ ഒഴിവിൽ തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിൽ 2005 നവംബർ 18നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ (സിപിഐ) വിജയിച്ചു. വി.എസ്. ശിവകുമാർ (കോൺഗ്രസ്) ആയിരുന്നു മുഖ്യ എതിരാളി. 

English Summary: Five Assembly Constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com