ADVERTISEMENT

കോഴിക്കോട്∙ വ്യാജ ഒസ്യത്ത് വഴി സ്വന്തമാക്കാൻ ശ്രമിച്ച സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതിനു ശേഷമാണ് ഷാജു സഖറിയാസിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തി ഷാജുവിനെ സ്വന്തമാക്കാൻ തീരുമാനിച്ചതെന്നു ജോളിയുടെ മൊഴി. സ്വത്ത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൻ ആയിരുന്നു മനസ്സിൽ. എന്നാൽ ജോളിയുമായുള്ള ബന്ധത്തെ എതിർത്തതിന്റെ പേരിൽ ഭർത്താവ് ഉപദ്രവിക്കുന്നെന്നു കാണിച്ചു ജോൺസന്റെ ഭാര്യ താമരശ്ശേരി പൊലീസിൽ പരാതി നൽകിയതോടെ ഈ നീക്കം ഉപേക്ഷിച്ചു. പിന്നീടാണു ഷാജുവിനെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നും ജോളി പൊലീസിനോടു പറഞ്ഞു. ഭർതൃപിതാവ് ടോം തോമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള സ്വത്തുക്കൾ തനിക്കും ഭർത്താവ് റോയ് തോമസിനുമാണെന്ന വ്യാജ ഒസ്യത്ത് ജോളി തയാറാക്കിയിരുന്നു. 2008ലാണ് ടോം തോമസ് മരിക്കുന്നത്. 2011ൽ റോയ് തോമസും മരിച്ചതോടെ സ്വത്തുക്കൾ സ്വന്തം പേരിലേക്കു മാറ്റി. എന്നാൽ ഇതിനെതിരെ 2013ൽ റോയിയുടെ സഹോദരൻ റോജോ പരാതി നൽകിയതോടെ ഇത് അസാധുവായി. ജോളിയുടെ കൈവശമുള്ള ഒസ്യത്ത് വ്യാജമാണെന്നും തെളിഞ്ഞു. ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിക്കും റോജോയ്ക്കും തുല്യമായി വീതിക്കാനും ഇരുവരും ചേർന്നു 10 ലക്ഷം രൂപ റോയിയുടെ സഹോദരി രഞ്ജിക്കു നൽകാനും നാട്ടുകാരും ബന്ധുക്കളും ഇടപെട്ടു നടത്തിയ ചർച്ചയിൽ ധാരണയായി. ആഗ്രഹിച്ച സ്വത്ത് പൂർണമായി കിട്ടില്ല എന്നുറപ്പായി. രഞ്ജിക്കു കൊടുക്കാനുള്ള തുകയുടെ പകുതി കണ്ടെത്തുകയും വേണം. ഇതോടെയാണ് സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ ജോളി തീരുമാനമെടുത്തതെന്നു പൊലീസ് പറയുന്നു. മാത്യു മഞ്ചാടിയിലിനോട് പക സ്വത്തിന്റെ പേരിലും സ്വത്ത് രണ്ടായി വീതം വയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വീട് ആർക്കു വേണമെന്ന കാര്യത്തിൽ ധാരണയായിരുന്നില്ല. എന്നാൽ വീട് ജോളിക്കു കൊടുക്കരുതെന്ന് ബന്ധുവായ മാത്യു മഞ്ചാടിയിൽ കർശന നിലപാടെടുത്തു. വ്യാജ ഒസ്യത്ത് റദ്ദാക്കാനും സ്വത്ത് വീതം വയ്ക്കാനുമുള്ള ചർച്ചകൾക്കും മുൻകൈയെടുത്തതും മാത്യുവായിരുന്നു. റോയിയുടെ മരണശേഷം മറ്റു പലരും പൊന്നാമറ്റം വീട്ടിൽ വരുന്നുണ്ടെന്നും വീട് ജോളിക്കു കൊടുക്കരുതെന്നും മാത്യു റോയിയുടെ ബന്ധുക്കളോടു പറഞ്ഞു. ഇതാണ് മാത്യുവിനോടുള്ള പക വർധിക്കാനുള്ള കാരണമെന്നു ജോളി പൊലീസിനു മൊഴി നൽകി. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും മാത്യു ആയിരുന്നു. ഇതും മാത്യുവിനെ കൊലപ്പെടുത്താനുള്ള കാരണമായെന്നു പൊലീസ് പറയുന്നു.

 

English summary: Koodathai serial murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com