ADVERTISEMENT

തിരുവനന്തപുരം ∙ കോന്നിയിലെയും വട്ടിയൂർക്കാവിലെയും ദയനീയ തോൽവിയുടെയും എറണാകുളത്തെ വോട്ടു ചോർച്ചയുടെയും പേരിലുള്ള പരസ്യ വിഴുപ്പലക്കൽ വഴി കോൺഗ്രസിലെ തമ്മിലടി മൂർധന്യത്തിൽ. ഇന്നു ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം 30ലേക്കു മാറ്റി. പരസ്യ പ്രസ്താവനാവിലക്കു ലംഘിച്ച് ഇന്നലെയും നേതാക്കൾ ചേരിതിരിഞ്ഞു ചെളിവാരിയെറിഞ്ഞു. കോൺഗ്രസിലെ പോര് നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഭരണപക്ഷത്തിന് മൂർച്ചയേറിയ ആയുധവുമായി. 

കോന്നിയിൽ പി. മോഹൻരാജിന്റെ തോൽവിക്കു താനാണു കാരണമെന്ന ആരോപണത്തിനു മറുപടിയുമായി അടൂർ പ്രകാശ് ആദ്യം രംഗത്തെത്തി. പത്രസമ്മേളനം ഒഴിവാക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പറയാനുള്ളത് പറയുമെന്ന നിലപാടിൽ പ്രകാശ് ഉറച്ചു നിന്നു.

പത്തനംതിട്ട ഡിസിസിക്കെതിരെ ഒന്നും ബാക്കിവയ്ക്കാതെ പറഞ്ഞുതീർത്തു. ഡിഡിസി നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം ഇന്നലെ പൊതിഞ്ഞു പറഞ്ഞ പ്രകാശ്, പാർട്ടി വേദിയിൽ ഇതു പരസ്യമായി ആവശ്യപ്പെടും. ജില്ലയിലെ ഒരു സീനിയർ നേതാവിനെതിരെയും പ്രകാശിന്റെ അടുപ്പക്കാർ വിരൽ ചൂണ്ടുന്നുണ്ട്. 

തോൽവി വിലയിരുത്തുന്ന യോഗങ്ങളിൽ തന്നെയും പങ്കെടുപ്പിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഈ ആശയക്കുഴപ്പമാണു യോഗം മാറ്റിവയ്ക്കാൻ പ്രധാന കാരണം. പത്തനംതിട്ട ഡിസിസി നേതൃത്വത്തിനൊപ്പം നിന്ന് അടൂർ പ്രകാശിനെതിരെ നിലപാടെടുക്കാനാണു ചില ഉന്നത നേതാക്കൾ ഒരുങ്ങുന്നത്. താൻ ഡിസിസി നേതൃത്വത്തിന് ഒപ്പമാണെന്ന് പി.ജെ.കുര്യൻ വ്യക്തമാക്കിക്കഴിഞ്ഞു. 

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ചെന്നിത്തല നിർദേശിച്ച ആളാണെങ്കിലും കോന്നിയിലെ സ്ഥാനാർഥി എ ഗ്രൂപ്പുകാരനാണ്. അതിനാലാണു തർക്കം എ-ഐ ഗ്രൂപ്പുകൾ തമ്മിലെന്ന നിലയിലേക്കു പോകാത്തത്. വേണ്ടപ്പെട്ടയാളെന്ന നിലയ്ക്ക് അടൂർ പ്രകാശിനെ ചെളിവാരിയെറിയേണ്ടെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്.

വട്ടിയൂർക്കാവിലെ പരാജയകാരണം കെ.മുരളീധരനാണെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും വി.കെ.പ്രശാന്തിന്റെ സ്ഥാനാർഥിത്വമാണു തിരിച്ചടിയായതെന്ന വിലയിരുത്തലാണു മിക്ക നേതാക്കൾക്കുമുള്ളത്. പരാജയപ്പെട്ട കെ.മോഹൻകുമാർ ആർക്കുമെതിരെ ആരോപണമുന്നയിക്കാത്തതും തർക്കം തണുക്കാൻ വഴിയൊരുക്കി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com