ADVERTISEMENT

അഗളി (പാലക്കാട്) ∙ അട്ടപ്പാടി വനമേഖലയിൽ മേലേ മഞ്ചിക്കണ്ടിയിൽ കേരള പൊലീസിന്റെ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ 3 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചു. 4 പേർ ഓടിപ്പോയി. ഇവരിൽ 2 പേർക്കു ഗുരുതര പരുക്കേറ്റതായാണു വിവരം. 

കർണാടക സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാർത്തിക് എന്നിവരാണു കൊല്ലപ്പെട്ടത്. സിപിഐ (മാവോയിസ്റ്റ്) ഭവാനി ദളം അംഗങ്ങളായ ഇവർക്കായി കേരള, തമിഴ്നാട്, കർണാടക പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഓടിപ്പോയവരിൽ സിപിഐ (മാവോയിസ്റ്റ്) മുതിർന്ന നേതാവ് മണിവാസകം, അരവിന്ദ് എന്നിവരുണ്ടെന്നാണു സൂചന. മൃതദേഹങ്ങൾ വനത്തിൽ കനത്ത കാവലിലാണ്. തുടർനടപടികളും പോസ്റ്റ്മോർട്ടവും ഇന്നു നടക്കും. 

ഇന്നലെ ഉച്ചയ്ക്ക് 12.15 നും 12.35 നും ഇടയിലായിരുന്നു വെടിവയ്പ്. മേലേമഞ്ചിക്കണ്ടി ഊരിൽ നിന്നു രണ്ടര കിലോമീറ്റർ അകലെ വനത്തിനുള്ളിൽ തമ്പടിച്ച മാവോയിസ്റ്റ് സംഘത്തെ പതിവു തിരച്ചിലിനു പോയ സംഘം കണ്ടു. മാവോയിസ്റ്റുകൾ ആദ്യം വെടിവച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒരു തോക്കും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. വെടിവയ്പിൽ ഷെഡ് തകർന്നു. സമീപത്തെ മരങ്ങളിലെല്ലാം വെടിയടയാളങ്ങളുണ്ട്. സംഭവസ്ഥലത്തേക്കു മറ്റു സേനാംഗങ്ങളെയോ മാധ്യമപ്രവർത്തകരെയോ പൊലീസ് കടത്തിവിട്ടില്ല. 

കീഴടങ്ങിയില്ല; പിടിക്കാനുമായില്ല

കൊല്ലപ്പെട്ടവർ ഉൾപ്പെട്ട സംഘത്തെ കീഴടങ്ങാൻ പ്രേരിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ശ്രമം നടത്തിയിരുന്നതായി വിവരം. ഇടനിലക്കാർ വഴി ചില ഉപാധികൾ വച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനു ശേഷം എഎസ്പി ഡോ. നവനീത് ശർമയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടാൻ നീക്കം നടത്തി.

വയനാട്ടിൽ കബനീദളം നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടതോടെ സംഘടനയിലുണ്ടായ മാറ്റത്തെത്തുടർന്നാണു കുറച്ചുപേർ അട്ടപ്പാടി കേന്ദ്രീകരിച്ച ഭവാനി ദളത്തിലേക്കും ചിലർ മലപ്പുറത്തുള്ള നാടുകാണി ദളത്തിലേക്കും മാറിയത്.

English summary: 3 Maoists killed in police encounter

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com