ADVERTISEMENT

പാലക്കാട്∙ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞവർഷം ഡിസംബർ 4 വരെ 6934 പോക്സോ കേസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തതായും ഇതിൽ 90 കേസിൽ മാത്രമാണു പ്രതികൾക്കു ശിക്ഷ ഉറപ്പാക്കാൻ സാധിച്ചതെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു.

കെ.ജെ.മാക്സി എംഎൽഎയുടെ 2018 ഡിസംബർ 12ലെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വരെ പാലക്കാട് ജില്ലയിൽ മാത്രം ഈ വർഷം 201 പോക്സോ കേസുകളാണു റജിസ്റ്റർ ചെയ്തത്. നിയമസഭാ രേഖകൾ പ്രകാരം സംസ്ഥാനത്തു പോക്സോ കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണു പാലക്കാട്.

സംസ്ഥാനത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന പോക്സോ കേസുകളുടെ എണ്ണം 7668. പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചു ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ എന്തൊക്കെ ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന ചോദ്യത്തിന്റെ മറുപടി ശ്രദ്ധേയമാണ്.

കേസുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാനും കുറ്റമറ്റ അന്വേഷണം നടത്തി 2 മാസത്തിനകം കുറ്റപത്രം നൽകാനും നടപടിയെടുക്കുമെന്നാണു മറുപടി. വിചാരണ വേളയിൽ പ്രോസിക്യുഷനെ സഹായിച്ചു പ്രതികൾക്കു കർശന ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക പ്രോസിക്യൂട്ടർമാരെ നിയമിക്കുമെന്നും പറയുന്നു. 

പോക്സോ കേസുകളിൽ പൊലീസ് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ

∙ കുട്ടിക്കു സൗകര്യമുള്ള സ്ഥലത്തു വച്ചു സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ ഉദ്യോഗസ്ഥ മൊഴി രേഖപ്പെടുത്തണം. ഉദ്യോഗസ്ഥ യൂണിഫോമിലായിരിക്കരുത്.

∙ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തുകയാണെങ്കിൽ കുട്ടിയുടെ വാക്കുകൾ അതുപോലെ തന്നെ റെക്കോർഡ് ചെയ്യണം.

∙ പീഡനത്തിന് ഇരയായതു പെൺകുട്ടിയാണെങ്കിൽ കുട്ടിക്കു വിശ്വാസമുള്ള ആളുകളുടെ സാന്നിധ്യത്തിൽ വനിതാ ഡോക്ടറായിരിക്കണം പരിശോധിക്കേണ്ടത്.

∙ കുറ്റവാളിയും പീഡനത്തിനിരയായ കുട്ടിയും നേരിൽ കാണാതെയായിരിക്കണം വിചാരണ നടപടികൾ.

∙ പീഡനത്തിന് ഇരയായ കുട്ടികൾക്കു നിയമ/ കൗൺസലിങ്ങിനു ശിശുക്ഷേമ സമിതിക്കു സഹായിയെ നിയോഗിക്കാം.

പൊലീസിന്റെ വീഴ്ച

∙ ആദ്യത്തെ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ ലോക്കൽ പൊലീസാണ് അന്വേഷിച്ചത്.

∙ പെൺകുട്ടി കൊല്ലപ്പെട്ടതാകാമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും പൊലീസ് അന്വേഷിച്ചില്ല.

∙ മൂത്ത പെൺകുട്ടി മരിച്ച ദിവസം വീട്ടിൽ രണ്ടുപേരെ കണ്ടെന്ന ഇളയ കുട്ടിയുടെ മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. 

∙ ഇളയ കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സമഗ്ര അന്വേഷണമുണ്ടായില്ല. 

∙ മതിയായ സാക്ഷികളെ കോടതിയിൽ ഹാജരാക്കിയില്ല. 

പൊലീസ് സൈറ്റിൽ കാണാനില്ല, പോക്സോ കേസ് വിവരങ്ങൾ

പാലക്കാട് ∙ വാളയാർ പീഡനക്കേസ് വിവാദം കത്തുന്നതിനിടെ സംസ്ഥാനത്തെ പോക്സോ കേസുകളുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. 27നു രാവിലെ 10നാണു വിവരങ്ങൾ അപ്രത്യക്ഷമായത്. മറ്റു കേസുകളുടെ വിവരങ്ങൾ ലഭ്യമാണ്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പേജിലും പോക്സോ കേസ് വിവരങ്ങൾ ലഭ്യമല്ല.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു തലേന്നാണു വിവരങ്ങൾ അപ്രത്യക്ഷമായത്. സഭയിൽ പ്രതിപക്ഷം സർക്കാരിനും പൊലീസിനുമെതിരെ പോക്സോ കേസുകൾ ആയുധമാക്കുമെന്ന ഭയത്തിൽ ഇവ നീക്കം ചെയ്തെന്ന ആക്ഷേപമുണ്ട്. താൽക്കാലിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നുമാണു പൊലീസിന്റെ വിശദീകരണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com