ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ഭരണകൂടം രാഷ്ട്രീയപ്രവർത്തകരെ ഉന്മൂലനം ചെയ്യാനിറങ്ങുന്നതും വെടിവച്ചുകൊല്ലുന്നതും ന്യായീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഇതു വ്യാജ ഏറ്റുമുട്ടലാണെന്നാണ് തങ്ങൾക്കു ലഭിച്ച വിവരമെന്നും പറഞ്ഞു. ‘മഞ്ചിക്കണ്ടി ഉൾപ്പെടുന്ന പഞ്ചായത്തിന്റെ ഭരണം എൽഡിഎഫിനാണ്. പ്രസിഡന്റ് ജ്യോതി അനിൽകുമാർ സിപിഐ മണ്ഡലം കമ്മിറ്റി അംഗമാണ്. ഇതു വ്യാജ ഏറ്റുമുട്ടലാണെന്നാണ് അവർ നൽകുന്ന വിവരം. സിപിഎമ്മിനും ഇവിടെ സ്വാധീനമുണ്ട്. അവരും കാര്യങ്ങൾ വിലയിരുത്തണം. സംഭവത്തെക്കുറിച്ചു മജിസ്റ്റീരിയൽ അന്വേഷണം നടത്തണം’ – സിപിഐ സംസ്ഥാന കൗൺസിൽ യോഗശേഷം കാനം ആവശ്യപ്പെട്ടു.

‘വെടിവയ്പ് നടന്നതു ഘോരവനത്തിലല്ല. അര കിലോമീറ്റർ അകലെ ആദിവാസി ഊരുണ്ട്. ടെന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോവാദികൾക്കു നേരെ  ക്ലോസ് േറഞ്ചിൽ (തൊട്ടടുത്തു നിന്ന്) പൊലീസ് വെടിവയ്ക്കുകയായിരുന്നു. വെടിയുണ്ട കൊണ്ട് എല്ലാം പരിഹരിക്കാമെന്നു കരുതുന്നതു പ്രാകൃതമാണ്. കേന്ദ്രം പറഞ്ഞാലും വഴങ്ങാൻ പാടില്ലാത്തതാണ്. മാവോവാദികൾ ഉയർത്തുന്ന പ്രശ്നങ്ങൾക്കു വെടിയുണ്ട പരിഹാരമല്ല. അവരുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പക്ഷേ, അവർ ഏറ്റെടുത്ത ജനകീയ പ്രശ്നങ്ങൾക്കു രാഷ്ട്രീയപരിഹാരം വേണം’.

‘കൊല്ലപ്പെട്ട മണിവാസകൻ രോഗാതുരനായി നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. ഇയാളിൽ നിന്ന് എകെ 47 തോക്ക് പിടിച്ചെടുത്തു എന്നാണു പൊലീസ് പറയുന്നത്. തമ്പടിച്ചവരെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനുളള നീക്കമാണു പൊലീസ് നടത്തേണ്ടത്. അല്ലാതെ തണ്ടർ ബോൾട്ട് വധശിക്ഷ വിധിക്കുന്ന രീതി അംഗീകരിക്കാനാവില്ല’ – കാനം പറഞ്ഞു.

വെടിവച്ചത് സ്വരക്ഷയ്ക്ക്: മുഖ്യമന്ത്രി

തിരച്ചിൽ നടത്തിയ പൊലീസുകാർക്കെതിരെ മാവോയിസ്റ്റുകൾ നിറയൊഴിച്ചപ്പോൾ സ്വയരക്ഷയ്ക്കായി പൊലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റുകളിൽ നിന്ന് എകെ 47, എകെ 56 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി. രണ്ടു കേസുകളും മജിസ്റ്റീരിയൽ തലത്തിലും ക്രൈംബ്രാഞ്ചും  അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻ.ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവരുടെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ നടന്നതു വ്യാജ ഏറ്റമുട്ടലാണെന്നു പറഞ്ഞ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. 

2 പേർക്ക് വെടിയേറ്റത് അടുത്തു നിന്ന്

തൃശൂർ ∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ 2 പേർക്ക് വെടിയേറ്റത് അടുത്തു നിന്നാകാൻ സാധ്യത. അരവിന്ദിന്റെയും കാർത്തിയുടെയും ശരീരത്തിൽ വെടിയുണ്ടകളില്ലെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വെടിയുണ്ട ശരീരം തുളച്ചു പുറത്തു കടന്നതാകാം എന്നാണ് ഫൊറൻസിക് നിഗമനം.

രേഖ ഹാജരാക്കിയാൽ മൃതദേഹം ബന്ധുക്കളെ കാണിക്കാനാണു പൊലീസ് തീരുമാനം. ‘അജ്ഞാത മൃതദേഹം’ എന്നാണ് ആശുപത്രി രേഖകളിൽ. മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ ഇന്നു കോടതിയെ സമീപിക്കും. അതേസമയം, മണിവാസകത്തിന്റെ സംസ്കാരം തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ബന്ധുക്കൾ ഹർജി നൽകി.

∙ ‘ഏറ്റുമുട്ടലാണെങ്കിൽ മാവോയിസ്റ്റുകൾ വച്ച വെടി പൊലീസിന്റെ ദേഹത്തു കൊള്ളില്ലേ? അതോ ഇനി അതെല്ലാം മരത്തിലാണോ കൊണ്ടത്?’ – കാനം രാജേന്ദ്രൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com