ADVERTISEMENT

തിരുവനന്തപുരം ∙ കോന്നി, വട്ടിയൂർക്കാവ് തോൽവികളിൽ അന്വേഷണമല്ല, പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുകയാണു വേണ്ടതെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. കെപിസിസി പുനഃസംഘടന ഒരാഴ്ചയ്ക്കകം പൂർത്തിയാക്കി പട്ടിക കൈമാറാനും യോഗം നിർദേശിച്ചു.

വട്ടിയൂർക്കാവിലും കോന്നിയിലും എംഎൽഎമാരെ ലോക്സഭയിലേക്കു മത്സരിപ്പിക്കാനുള്ള തീരുമാനം അനാവശ്യമായിരുന്നെന്നും വലിയ വില കൊടുക്കേണ്ടി വന്നെന്നും എം.എം.ഹസൻ ചർച്ചയ്ക്കു തുടക്കമിട്ടു. ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് 5 വർഷത്തേക്കാണെന്നിരിക്കെ അടിച്ചേൽപിച്ച തിര‍ഞ്ഞെടുപ്പ് ജനങ്ങളെ വെറുപ്പിക്കുമെന്ന് ഇപ്പോൾ വ്യക്തമായെന്നു കെ.മുരളീധരനും അഭിപ്രായപ്പെട്ടു. 

രണ്ടിടത്തും സ്ഥാനാർഥി നിർണയ തർക്കങ്ങൾ കോൺഗ്രസിന്റെ സാധ്യതയെ തുടക്കത്തിൽ തന്നെ ബാധിച്ചുവെന്ന പൊതുവികാരം യോഗത്തിലുണ്ടായി. വട്ടിയൂർക്കാവിൽ എൻ.പീതാംബരക്കുറുപ്പിനെ നിർദേശിച്ചപ്പോൾ ഇന്ദിരാഭവനിൽ ബഹളം വച്ചുവന്നു കരുതി നേതൃത്വം ഇളകരുതായിരുന്നെന്നു മുരളി പറഞ്ഞു. പ്രബല സമുദായത്തിൽപെട്ട ഏക യുഡിഎഫ് എംഎൽഎ ആയ അടൂർ പ്രകാശിനെ ലോക്സഭയിലേക്കു പറഞ്ഞുവിട്ടപ്പോൾ ഉപതിരഞ്ഞെടുപ്പിൽ ആ വിഭാഗത്തിൽ നിന്നൊരാളെ പരിഗണിക്കണ്ട സൂക്ഷ്മതയെങ്കിലും നേതൃത്വം കാട്ടേണ്ടിയിരുന്നുവെന്ന അഭിപ്രായവുമുണ്ടായി. കോന്നിയിലെ പരാജയം അന്വേഷിക്കണമെന്നു പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.

എറണാകുളം മണ്ഡലത്തിലെ പാർട്ടി സംവിധാനത്തിൽ പോരായ്മയുണ്ടെന്ന കെ.വി.തോമസിന്റെ അഭിപ്രായത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണച്ചപ്പോൾ വി.ഡി. സതീശൻ എതിർത്തു. പ്രളയസമാനമായ മഴയാണ് അവിടെ ഭൂരിപക്ഷം കുറച്ചതെന്നു സതീശൻ ന്യായീകരിച്ചു. പരാജയങ്ങളുടെ പൂർണ ഉത്തരവാദിത്തം മുല്ലപ്പള്ളി ഏറ്റെടുത്തപ്പോൾ, സംഘടനയെ ശക്തമാക്കാനുള്ള കടമ എല്ലാവരും ചേർന്ന് ഏറ്റെടുക്കണമെന്ന പ്രതികരണമാണ് ഉയർന്നത്.

‘ബിജെപിയെ ചെറുക്കുന്നത് എൻഎസ്എസ് ’

∙ കേരളത്തിൽ ബിജെപിയെ പടിക്കു പുറത്തുനിർത്തുന്നതിൽ എൻഎസ്എസ് വഹിക്കുന്ന മാതൃകാപരമായ പങ്കിനെ വിലമതിക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. എൻഎസ്എസ് യുഡിഎഫിനു നൽകിയ പിന്തുണയുടെ പേരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കണം.

എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ആർജിക്കാനുള്ള നടപടികളാണു വേണ്ടത്. എസ്എൻഡിപിയെ ശത്രുപക്ഷത്തു നിർത്തരുതെന്നു കെ.സുധാകരൻ അഭിപ്രായപ്പെട്ടപ്പോൾ ഒരേസമയം സിപിഎമ്മിന്റെയും ബിജെപിയുടെയും ആനുകൂല്യങ്ങൾ പറ്റുന്ന വെള്ളാപ്പള്ളി നടേശനെ എങ്ങനെ വിശ്വസിക്കുമെന്നു വി.എം.സുധീരൻ ചോദിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com