ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥിയൂണിയൻ പ്രവർത്തനത്തിനു നിയമസാധുത നൽകാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച നിയമനിർമാണത്തിനു മന്ത്രിസഭ അനുമതി നൽകി; കരടുബിൽ അംഗീകരിച്ചു. സംഘടനാ പ്രവർത്തനത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഇത് പരോക്ഷമായി വിദ്യാർഥി രാഷ്ട്രീയപ്രവേശത്തിനുള്ള അവസരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. 

പുതിയ ബിൽ നിയമമാകുന്നതോടെ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാർഥിയൂണിയനുകൾ വരും. കേന്ദ്ര സർവകലാശാലയും കൽപിത സർവകലാശാലകളും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. 

സ്‌കൂളുകളിൽ രാഷ്‌ട്രീയാടിസ്‌ഥാനത്തിലുള്ള തിരഞ്ഞെടുപ്പ നിരോധിക്കുകയും കോളജുകളിൽ രാഷ്‌ട്രീയം നിയന്ത്രിക്കാൻ മാനേജ്മെന്റിന് അധികാരം നൽകുകയും ചെയ്ത കോടതിവിധികളെ പരോക്ഷമായി മറികടക്കുന്നതാകും പുതിയ നിയമം. 

വിദ്യാർഥി യൂണിയനുകൾ രൂപീകരിക്കാനും ന്യായമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കാനും സ്വാതന്ത്ര്യം നൽകുന്ന നിയമമാണു വരുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ പരിഹരിക്കാൻ അതോറിറ്റി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിരമിച്ച ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനാകണം. പരാതിപരിഹാര നിർദേശങ്ങൾ നൽകുന്നതിനൊപ്പം ചട്ടം ലംഘിക്കുന്ന മാനേജ്മെന്റിനു 10,000 രൂപ വരെ പിഴശിക്ഷ വിധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും. 

വീണ്ടും നിയമയുദ്ധത്തിലേക്ക്

ക്യാംപസ് രാഷ്ട്രീയത്തിനെതിരെയുള്ള ഹൈക്കോടതി വിധികൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് ബിൽ. നിയമനി‍ർമാണം നടത്തിയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് മാനേജ്മെന്റുകളുടെ തീരുമാനം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com