ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലക്കേസിൽ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടു മക്കളുടെ രഹസ്യമൊഴി കുന്നമംഗലം മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ രഹസ്യമൊഴി 7ന് കോഴിക്കോട് സിജെഎം കോടതിയിൽ രേഖപ്പെടുത്തും.

കേസിന്റെ വിചാരണ സമയത്തു മൊഴി മാറ്റാതിരിക്കാനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം അന്വേഷണഘട്ടത്തിൽ തന്നെ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തുന്നത്. റോയ് തോമസ് വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണു കേസന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ രണ്ടു മക്കൾ, ഭർത്താവ് ഷാജു, കൊല്ലപ്പെട്ട സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ സിജോയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പിന്നീടു പിൻവലിച്ചു.

സിജോയുടെ സാക്ഷിമൊഴി റോയ് തോമസ് വധക്കേസിൽ സഹായകരമാവില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. സിലി വധക്കേസ് അന്വേഷിക്കുന്ന സംഘം സിജോയുടെ മൊഴി രേഖപ്പെടുത്താനായി പുതിയ അപേക്ഷ നൽകാൻ സാധ്യതയുണ്ട്. 

ആൽഫൈൻ വധക്കേസ്: ജോളി 3 ദിവസം കൂടി കസ്റ്റഡിയിൽ

താമരശ്ശേരി∙ കൂടത്തായി കൊലക്കേസ് മുഖ്യപ്രതി ജോളി ജോസഫിനെ ആൽഫൈൻ വധക്കേസിൽ 3 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 4 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച ഇന്നലെയാണു ജോളിയെ താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. തെളിവെടുപ്പു പൂർത്തിയായില്ലെന്നു കാണിച്ച് പൊലീസ് 5 ദിവസം കൂടി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. 3നു വൈകിട്ട് 4 വരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ മജിസ്ട്രേട്ട് എം.അബ്ദുൽ റഹിം ഉത്തരവിട്ടു. 

അപേക്ഷ ഇന്ന് പരിഗണിക്കും

താമരശ്ശേരി∙ കൂടത്തായി വധക്കേസിലെ മുഖ്യ പ്രതി ജോളിയുടെ ഒപ്പും കയ്യക്ഷരവും സാക്ഷ്യപ്പെടുത്തുന്നതിന് പ്രോസിക്യൂഷൻ നൽകിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. വ്യാജ ഒസ്യത്തും മറ്റു രേഖകളും സംബന്ധിച്ചുള്ള അന്വേഷണത്തിനു വേണ്ടിയാണ് ജോളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി കിട്ടുന്നതിനുള്ള അപേക്ഷ താമരശ്ശേരി രണ്ടാം കോടതി മജിസ്ട്രേട്ട് മുൻപാകെ സമർപ്പിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com