'പ്രീഡിഗ്രി പാസായിട്ടില്ല'; ജോളിയുടെ കൈവശം ഉന്നത സർവകലാശാല എംകോം ബിരുദം

HIGHLIGHTS
  • കണ്ടെത്തിയത് എംജി, കേരള സർവകലാശാലകളുടെ ബികോം, എംകോം സർട്ടിഫിക്കറ്റുകൾ
jolly
SHARE

കോഴിക്കോട്∙ പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ പക്കലുള്ളതു ബികോമും എംകോമും പാസായതിന്റെ സർട്ടിഫിക്കറ്റുകൾ.

എംജി സർവകലാശാലയുടെ ബികോം, കേരള സർവകലാശാലയുടെ എംകോം പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളാണു കൂടത്തായിയിലെ വീട്ടിൽ  നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്.  എൻഐടിയിലെ പ്രഫസറാണെന്നു സ്ഥാപിക്കാനാണു ജോളി വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചതെന്നു പൊലീസ് കരുതുന്നു. 

സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് കേരള, എംജി റജിസ്ട്രാർമാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റുകൾ ജോളി വ്യാജമായി നിർമിച്ചതാണെന്നു തെളിഞ്ഞാൽ വ്യാജ ഒസ്യത്തു തയാറാക്കുന്നതിനു മുൻപും ജോളി വ്യാജരേഖകൾ ചമച്ചിട്ടുണ്ടെന്നു സ്ഥാപിക്കാൻ പൊലീസിനു കഴിയും. 

വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിയിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞതു താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. 

പക്ഷേ, പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണു ബികോമിനു ചേർന്നതെന്നതു സംബന്ധിച്ച് അന്വേഷണസംഘത്തിനു കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.

പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല. പാലായിലെ പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. ചില കംപ്യൂട്ടർ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും ജോളിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. 

ജോളി വീണ്ടും ജയിലിലെത്തി; അടുത്ത കേസിൽ അറസ്റ്റ് ഉടൻ

താമരശ്ശേരി∙ ആൽഫൈൻ വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജോളി ജോസഫ് വീണ്ടും ജയിലിലെത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നലെ കോടതി അവധിയായതിനാൽ മജിസ്ട്രേട്ടിന്റെ വീട്ടിലാണു ജോളിയെ ഹാജരാക്കിയത്.

ഈ കേസിലെ റിമാൻഡ് കാലാവധി 16 വരെയാണ്. അതേസമയം, സിലി വധക്കേസിൽ ജോളി ജോസഫിന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാൻ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഈ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്നു ജയിലിലെത്തി രേഖപ്പെടുത്തിയേക്കും.

എം.എസ്.മാത്യുവിനെയും പ്രജികുമാറിനെയും മറ്റു കേസുകളിലും അറസ്റ്റ് ചെയ്യും

കോഴിക്കോട്∙ കൂടത്തായി കൊലക്കേസ് പ്രതികളായ എം.എസ്.മാത്യുവിനെയും കെ.പ്രജികുമാറിനെയും മറ്റു കേസുകളിലും അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി.

 സിലി വധക്കേസിൽ പ്രജികുമാറിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്നു കോടതിയിൽ നൽകും. ആൽഫൈൻ വധക്കേസിൽ എം.എസ്.മാത്യുവിനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ അടുത്ത ദിവസം നൽകും. 

കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മ തോമസിന്റേത് ഒഴികെയുള്ള 5 കൊലപാതകങ്ങളും നടത്തിയതു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണെന്നു  ജോളി ജോസഫ് പൊലീസിനു മൊഴി നൽകിയിരുന്നു. പ്രജികുമാറിൽ നിന്നു വാങ്ങിയ സയനൈഡ് എം.എസ്.മാത്യുവാണു ജോളിക്കു കൈമാറിയത്. അതിനാൽ 5 കേസുകളിലും മാത്യുവും പ്രജികുമാറും പ്രതികളാകും. നിലവിൽ പ്രജികുമാറിനെ റോയ് തോമസ് വധക്കേസിൽ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.  മാത്യുവിനെ റോയ് തോമസ്, സിലി വധക്കേസുകളിൽ അറസ്റ്റ് ചെയ്തു. 

ഓരോ കേസുകളിലും ജോളിയെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുന്നതിനു പിന്നാലെ മാത്യുവിനെയും പ്രജികുമാറിനെയും കൂടി അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ തീരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA