ADVERTISEMENT

തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിലെ നിത്യപൂജ മുടങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ സർക്കാരിനു മനംമാറ്റം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാസങ്ങൾക്കു മുൻപു തിരുവിതാംകൂർ ദേവസ്വം ബോർഡിനു നൽകുമെന്ന പ്രഖ്യാപിച്ചിരുന്ന 100 കോടി രൂപയിലെ ആദ്യവിഹിതമായ 30 കോടി സർക്കാർ കൈമാറി. ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന സഹായധനത്തിന്റെ ആദ്യഗഡു ദേവസ്വം ബോർഡ് കമ്മിഷണറുടെ പേരിലുള്ള അക്കൗണ്ടിലാണു നിക്ഷേപിച്ചത്.

ബോർഡ് വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പ്രതിപക്ഷ പാർട്ടികളും ജീവനക്കാരുടെ സംഘടനകളും ബോർഡു തന്നെയും  ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സർക്കാർ അനുകൂലമായ ഒരു നടപടിയുമെടുത്തിരുന്നില്ല ശബരിമല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗത്തിനു തൊട്ടുമുൻപാണ് പണം കൈമാറാൻ സർക്കാർ തീരുമാനിച്ചത്. യോഗത്തിൽ സാമ്പത്തിക പരാധീനത ബോർഡ് ഭാരവാഹികൾ തുറന്നു പറയുമെന്നും സൂചനയുണ്ടായിരുന്നു.

30 കോടി കിട്ടിയെങ്കിലും ശബരിമല സീസൺ അടുത്തിരിക്കെ ഈ പണം ഒന്നിനും തികയില്ലെന്ന സ്ഥിതിയാണ്. സർക്കാർ പ്രഖ്യാപിച്ച മുഴുവൻ തുകയും കിട്ടിയാൽ മാത്രമേ ബോർഡിനു പിടിച്ചു നിൽക്കാൻ കഴിയൂ എന്നു ബോർഡിലെ ഉന്നതൻ പ്രതികരിച്ചു.

പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സ്വീകരിക്കുന്ന പോംവഴിയായ കരുതൽ ഫണ്ടിൽ നിന്നുള്ള വായ്പ വഴിയാണ് ബോർഡ് ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. 35 കോടിയാണ് കരുതൽ ഫണ്ടിൽ നിന്നും വായ്പ എടുത്തിരിക്കുന്നത്. യുവതീപ്രവേശ പ്രക്ഷോഭങ്ങളെ തുടർന്നായിരുന്നു കഴിഞ്ഞ മണ്ഡലകാലത്തു വരുമാനം കുത്തനെ കുറഞ്ഞത്. ഇതോടെ ശബരിമലയ്ക്കു പുറമേ ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ നിത്യവൃത്തിക്കായി  ചെലവഴിച്ച തുകയും വെട്ടിച്ചുരുക്കി. വരുമാനമില്ലാത്ത ക്ഷേത്രങ്ങൾ ഇപ്പോൾ ചെലവിനു പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അടയ്ക്കുന്നതിലും വീഴ്ചയുണ്ടായി. 

വരുന്ന തീർഥാടന കാലത്തേക്കുള്ള ലേലത്തിലൂടെ പണം സമാഹരിച്ചു പ്രതിസന്ധി തീർക്കാമെന്ന പദ്ധതിയും പാളി. 30 കോടി കൈമാറിയെങ്കിലും ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും സമ്മതിക്കുന്നു. വരും മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ ബുദ്ധിമുട്ടുമെന്നാണു മന്ത്രിയുടെ മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com