ഫാം ഹൗസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; കൊലക്കുറ്റമേറ്റ് മാനേജരുടെ സന്ദേശം

HIGHLIGHTS
  • ജീവനക്കാരന്റെ ഭാര്യയെയും ഫാം ഹൗസ് മാനേജരെയും കാണാതായി
Rijosh, Liji, Wasim
റിജോഷ്, ലിജി, വസീം
SHARE

രാജകുമാരി∙ ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്നു സൂചനയുണ്ട്. യുവാവിനെ കൊന്നു കുഴിച്ചുമൂടിയത് താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജരുടെ വിഡിയോ സന്ദേശം പൊലീസിനു ലഭിച്ചു.

ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ (31) മൃതദേഹമാണ് പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയത്. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബർ 31 മുതലും ഭാര്യ ലിജി(29), ഇളയ മകൾ ജൊവാന(2), ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (32) എന്നിവരെ ഈ മാസം 4 മുതലും കാണാനില്ലെന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.

റിജോഷിനെ റിസോർട്ടിന്റെ ഭൂമിയിൽ കൊന്നു കുഴിച്ചുമൂടിയത് താൻ മാത്രമാണെന്ന് ഏറ്റു പറഞ്ഞാണ് വസീമിന്റെ വിഡിയോ സന്ദേശം. കൃത്യം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും സഹോദരനെയും സുഹൃത്തുക്കളെയും വെറുതേ വിടണമെന്നും പൊലീസിനോട് വിഡിയോയിൽ അപേക്ഷിക്കുന്നു. മൂന്നാർ പൊലീസിനാണ് സന്ദേശം അയച്ചിരിക്കുന്നത്.

റിജോഷിനെ കാണാതായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു. ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് നിർണായകമായി. കേസ് വഴിതിരിച്ചു വിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്തുള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിട്ടുണ്ട്. 

English Summary: Idukki farm house employee rijosh dead body found out

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA