sections
MORE

കൊലപാതകം മറയ്ക്കാൻ ദൃശ്യം മോഡ‍ൽ; ആദ്യ ശ്രമത്തിൽ തിരിച്ചറിഞ്ഞ് ‘ജെനി’

rijosh-body-search
മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്നും മണ്ണ് നീക്കുന്നു.
SHARE

രാജകുമാരി ∙ എല്ലാ സിനിമകളും കാണുന്ന വസീം, റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചത് ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഫാമിലെ ഒരു പശു കുട്ടി ചത്തു എന്നും താൻ അതിനെ ചെറിയ കുഴിയിൽ ഇട്ട് മൂടി എന്നും സമീപവാസിയായ മണ്ണുമാന്തി ഓപ്പറേറ്ററോട് കഴിഞ്ഞ 2 ന് വസീം പറഞ്ഞിരുന്നു.

കുഴി മുഴുവൻ മൂടി മേൽ ഭാഗം ഉറപ്പിച്ചില്ലെങ്കിൽ നായ്ക്കൾ പശു കുട്ടിയുടെ ജഡം മാന്തി എടുക്കും, അതു കൊണ്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്തെ മൺ തിട്ടയും ഇടിച്ചു നിരത്തി കുഴി നികത്തണം എന്ന് വസീം ഓപ്പറേറ്ററോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അന്ന് പകൽ മണ്ണ് മാന്തി യന്ത്രം എത്തിച്ച് കുഴി മുഴുവൻ മൂടിയിരുന്നു. ഇതിന്റെ കൂലിയും വസീം നൽകി.

ഞെട്ടൽ മാറാതെ ബന്ധുക്കളും നാട്ടുകാരും

rijosh-house
ശാന്തൻപാറ പുത്തടിയിലെ റിജോഷിന്റെ കുടുംബ വീട്.

ഒരാഴ്ച മുൻപ് കാണാതായ ശാന്തൻപാറ പുത്തടി മുല്ലൂർ വീട്ടിൽ റിജോഷ്(31)ന്റെ മൃതദേഹം സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ട സംഭവത്തിന്റെ ‍ഞെട്ടലിലാണ് റിജോഷിന്റെ ബന്ധുക്കളും നാട്ടുകാരും.

റിജോഷിന്റെ മരണത്തോടെ അനാഥരായ ഇവരുടെ മക്കൾ 10 വയസ്സുള്ള ജോയലും 8 വയസ്സുള്ള ജോഫിറ്റയും നാടിന്റെ ദുഃഖമായി. ഇളയ മകൾ രണ്ട് വയസ്സ് ഉള്ള ജൊവാനയെയും കൊണ്ടാണ് ലിജിയും കാമുകൻ വസീമും ഒളിവിൽ പോയത്.

ഭാര്യയും കാമുകൻ വസീമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. ഒരു വർഷം മുൻപ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികൾ ചെയ്യുന്നത് ലിജിയും ആയിരുന്നു. 4 വർഷം മുൻപ് ആണ് ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഫാം ഹൗസിൽ മാനേജരായി തൃശൂർ ഇരിങ്ങാലക്കുട, കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം(32) എത്തുന്നത്.

വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായി. 12 വർഷം മുൻപ് റിജോഷും ലിജിയും സ്നേഹിച്ച് വിവാഹം ചെയ്തവരാണ്.

ജെനി ഇടുക്കിയിലെ മിടുക്കി

police-dog-jeni
റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ആദ്യ പരിശോധനയിൽ തന്നെ തിരിച്ചറിഞ്ഞ ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി ഉദ്യോഗസ്ഥർക്ക് ഒപ്പം.

രാജകുമാരി ∙ ആദ്യ ശ്രമത്തിൽ തന്നെ റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ സ്ഥലം തിരിച്ചറിഞ്ഞ് ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന പെൺ നായ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രശംസ നേടി.

റിജോഷിന്റെ മൃതദേഹം ഫാം ഹൗസിന്റെ  കൃഷിയിടത്തിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന സൂചന ലഭിച്ചതോടെ ശാസ്ത്രീയ പരിശോധന നടത്താൻ ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനി എന്ന നായയെ സ്ഥലത്ത് എത്തിച്ചിരുന്നു.

ഇന്നലെ 10 മണിയോടെ ഫാം ഹൗസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ഉള്ള റിജോഷിന്റെ വീട്ടിൽ ജെനിയെ എത്തിച്ചു തെളിവെടുത്തു. റിജോഷിന്റെ വസ്ത്രത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ ജെനി നേരെ പോയത് ഫാം ഹൗസിലേക്ക്.  അവിടെ നിന്ന് 100 മീറ്റർ അകലെ ജലസംഭരണിയുടെ സമീപം റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്ത് ജെനി പല തവണ വലം വച്ച് മണം പിടിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലം ഇതാണ് എന്ന് ഉറപ്പിച്ചു. തുടർന്ന് ഇവിടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി.

ചോരവീണ് ചുവന്ന് ഇടുക്കി

∙ 2019 ൽ ജില്ലയിലെ കൊലപാതകങ്ങൾ (ഒക്ടോബർ 31 വരെ)–13

മരിച്ചവർ– 13

സ്ത്രീകൾ – 4

∙ 2018 ൽ കൊലപാതകങ്ങൾ–19

മരിച്ചവർ – 20

സ്ത്രീകൾ– 3

∙ 2017 ൽ കൊലപാതകങ്ങൾ– 20

മരിച്ചവർ – 20

സ്ത്രീകൾ– 10

English Summary: Idukki Rijosh murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA