ADVERTISEMENT

കൊച്ചി∙ മരടിൽ പൊളിക്കൽ പുരോഗമിക്കുന്ന ഫ്ലാറ്റുകളിൽ വ്യാപക മോഷണം എന്ന പരാതിയുമായി ഫ്ലാറ്റ് ഉടമകൾ. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതിയുടെ നിർദേശ പ്രകാരം ഫ്ലാറ്റുകളിൽ നിന്നു സാധനങ്ങൾ നീക്കാൻ ഉടമകൾക്ക് ഇന്നലെ സമയം അനുവദിച്ചിരുന്നു. അതിനായി ഫ്ലാറ്റുകളിൽ എത്തിയപ്പോഴാണു പല സാധനങ്ങളും മോഷണം പോയതായി അറിഞ്ഞതെന്ന് ഉടമകൾ പറഞ്ഞു.

സമിതിയുടെ അനുമതി ലഭിച്ച ഉടമകളെ മാത്രമാണ് ഫ്ലാറ്റുകളിലേക്കു കടത്തിവിട്ടത്. ഇന്നലെ വൈകിട്ട് ഏഴര വരെ സമയം നൽകി. ഫ്ലാറ്റുകളിൽ നിന്ന് എസിയും ഫാനും ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളും വിലകൂടിയ സാനിറ്ററി ഉപകരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് ഉടമകളുടെ ആരോപണം. പരാതി നൽകിയാൽ ഇതെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

വാതിൽ, ജനൽ തുടങ്ങിയ സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കാനുള്ള കമ്പനികൾക്കു നൽകിയതിൽ വ്യാപകമായ ക്രമക്കേടുണ്ടെന്നും ഫ്ലാറ്റ് ഉടമകൾ ആരോപിച്ചു. ഉടമകൾ സ്വന്തം നിലയിൽ പിടിപ്പിച്ച വാതിലുകൾ പോലും പൊളിക്കുന്ന കമ്പനിക്കു നൽകിയിട്ടുണ്ട്.

കണക്കെടുപ്പ് നടത്താതെയാണു വാതിലുകളും സ്റ്റീൽ കൈവരികൾ ഉൾപ്പെടെയുള്ളവയും പൊളിക്കുന്ന കമ്പനികൾക്കു നൽകിയത്. 5–6 കോടി രൂപയുടെ സാധനങ്ങളാണ് ഇത്തരത്തിൽ കൊണ്ടുപോയതെന്ന് ഫ്ലാറ്റ് ഉടമ ബിയോജ് ചേന്നാട്ട് പറഞ്ഞു. ബോട്ട് ഉപയോഗിച്ചു കായൽവഴി വലിയ തോതിൽ സാധനങ്ങൾ കടത്തിയെന്നും ബിയോജ് ആരോപിച്ചു.

നഷ്ടപരിഹാരം ഇതുവരെ 57.75 കോടി

കൊച്ചി∙ മരടിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശിച്ച ഫ്ലാറ്റുകളുടെ ഉടമകളിൽ 231 പേർക്ക് ഇടക്കാല നഷ്ട പരിഹാരമായ 25 ലക്ഷം രൂപ നൽകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി ഇതുവരെ നിർദേശിച്ചു. ഒരാൾക്ക് 25 ലക്ഷം രൂപ വീതം മൊത്തം 57.75 കോടി രൂപയാണ് അനുവദിച്ചത്.

ഇന്നലെ ചേർന്ന സമിതി യോഗം നഷ്ട പരിഹാരത്തിനുള്ള 4 അപേക്ഷകൾ കൂടി അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, സംവിധായകരായ ബ്ലെസി, അമൽ നീരദ്, നടൻ സൗബിൻ ഷാഹിർ, ഡോ. വി.പി. ഗംഗാധരൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ഇടക്കാല നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഇതിനകം സമിതി അനുവദിച്ചിട്ടുണ്ട്.

English summary: Theft in Maradu flat

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com