മുക്കുപണ്ടം: യഥാർഥ പ്രതിയെ പിടിച്ചു; മാനക്കേടിൽ നിന്ന് രക്ഷപ്പെട്ട് യുവാവ്

shamon
പ്രതി ഷാമോൻ
SHARE

ചങ്ങനാശേരി ∙ പേരിലെയും രൂപത്തിലെയും സാമ്യം വിനയായി. ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവ്, നാട്ടിൽ മുക്കുപണ്ടം പണയം വച്ചു പണം തട്ടിയെന്ന കേസിൽ പ്രതിയായി. യഥാർഥ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതോടെ യുവാവ് മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടു.

നാലുകോടിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തിൽ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോനെ (30) തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഒരു കുടുംബം മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടത്. എഎസ്പി ചമഞ്ഞ് മൂന്നാറിലെ ഹോട്ടലിൽ തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുള്ള കേസുകളിൽ ഷാമോൻ പ്രതിയാണ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം സിഐ സാജു വർഗീസ്, എസ്ഐ സാബു, ജിജു തോമസ്, പി.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മുക്കുപണ്ടംവച്ച് 95,000 രൂപ ഷാമോൻ തട്ടിയെടുത്തെന്നാണ് പരാതി. സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി. സ്വർണപ്പണയം സ്വീകരിക്കുന്ന വിവിധ സ്ഥാപന ഉടമകൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിലും ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിരുന്നു.

വാട്സാപ്പിൽ പങ്കുവച്ച അടയാളമുള്ള ഒരാൾ കോന്നിയിലെ ഒരു സ്ഥാപനത്തിൽ സ്വർണം പണയം വയ്ക്കാൻ എത്തിയതായി കണ്ടെത്തിയതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ ഷാമോൻ ആണു പ്രതി എന്നു മനസ്സിലായി. പൊലീസിൽ നിന്ന് പ്രതിയുടെ പേരു മനസ്സിലാക്കിയ സ്ഥാപന ഉടമ ഫെയ്സ്ബുക്കിൽ പേര് തിരഞ്ഞതോടെ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ പ്രൊഫൈൽ കണ്ടെത്തി. കടയുടമ ഫാത്തിമാപുരം സ്വദേശി ഷാമോന്റെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തുകയും സമൂഹമാധ്യമങ്ങളിൽ ഫോട്ടോ വച്ച് പോസ്റ്റ് ഇടുകയും ചെയ്തു. വിദേശത്ത് ജോലി ചെയ്യുന്ന ഷാമോൻ പൊലീസുമായി ബന്ധപ്പെട്ട് നിരപരാധിത്വം ബോധ്യപ്പെടുത്തി. 

English Summary: Actual culprit arrested in fake gold case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA