യുഎപിഎ: വിദ്യാർഥികൾക്ക് എതിരെ നടപടിക്ക് സിപിഎം

alan
SHARE

കോഴിക്കോട് ∙ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരം അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കാൻ നീക്കം. ജില്ലാ സെക്രട്ടറി പി.മോഹനന്റെ സാന്നിധ്യത്തിൽ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഇന്നലെ ദീർഘനേരം യോഗം ചേർന്നെങ്കിലും കടുത്ത എതിർപ്പിനെ തുടർന്നു തീരുമാനമാകാതെ പിരിഞ്ഞു. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. 

അലനും താഹയ്ക്കും മാവോയിസ്റ്റ് സംഘടനാ ബന്ധമുണ്ടെന്നു പൊലീസ് റിപ്പോർട്ട് നൽകുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണു പാർട്ടി നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇരുവരുടെയും പ്രവർത്തനങ്ങൾ അന്വേഷിക്കാൻ സൗത്ത് ഏരിയാ കമ്മിറ്റി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയോട് ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

സിപിഎമ്മിൽ നിന്നു കൂടുതൽ പേർ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാകുന്നെന്ന ആരോപണത്തെ തുടർന്നു ജില്ലയിൽ സംഘടനാ യോഗങ്ങൾ വിളിക്കുന്നതുൾപ്പെടെ പാർട്ടി ആലോചിക്കുന്നുണ്ട്. താഹയുടെ വീട്ടിൽനിന്നു മാരകായുധങ്ങൾ പിടിച്ചെടുത്തെന്ന പ്രചാരണം പൊലീസ് നിഷേധിച്ചു. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണു കണ്ടെടുത്തതെന്നും കൊടുവാൾ അടുക്കളയിൽ ഉപയോഗിക്കുന്നതാണെന്നു വ്യക്തമായതോടെ തിരിച്ചുവച്ചെന്നുമാണു വിശദീകരണം. 

അതിനിടെ, അലനെയും താഹയെയും ജില്ലാ ജയിലിൽനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു ജയിൽ വകുപ്പ് അറിയിച്ചു. ഇവരെ വിയ്യൂരിലേക്കു മാറ്റണമെന്ന ജില്ലാ ജയിൽ സൂപ്രണ്ടിന്റെ ആവശ്യമാണു ജയിൽ ഡിജിപി ഋഷിരാജ് സിങ് നിരസിച്ചത്. 

English Summary: CPM to take action against students arrested under UAPA 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA