ഐപിഎസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

vipin-karthik
വിപിൻ കാർത്തികിനെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ എത്തിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ ഐപിഎസുകാരനെന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാക്കഥയെ വെല്ലുംവിധം ബാങ്കുകളെയും വ്യക്തികളെയും കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ 27ന് ഗുരുവായൂരിൽ‌  പൊലീസ് വാടകവീടു വളഞ്ഞപ്പോൾ കടന്നുകളഞ്ഞ തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വിപിൻ കാർത്തിക് (29) ആണ് ബുധനാഴ്ച രാത്രി പാലക്കാട്ടെ തത്തമംഗലത്തു  പിടിയിലായത്. അമ്മ ശ്യാമളയെ (58) അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പണത്തിനു കോയമ്പത്തൂരിലെ സുഹൃത്തിനെ ബന്ധപ്പെട്ടതറിഞ്ഞ പൊലീസ് തന്ത്രപൂർവം  വലയിലാക്കുകയായിരുന്നു. അര കിലോമീറ്റർ  ഓടിച്ചാണു പിടികൂടിയത്. നിലവിൽ 16 പരാതികളുണ്ട് കശ്മീരിലെ കുപ്‌വാര ജില്ലയിൽ എസ്പി ആണെന്നാണു പരിചയപ്പെടുത്തിയിരുന്നത്. വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഐപിഎസ് ഓഫിസറുടെ യൂണിഫോമിലുള്ള ഫോട്ടോയും വൻതുക ബാലൻസ് ഉള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നൽകി വായ്പയെടുക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് കാറുകൾ വാങ്ങുകയും അവയുടെ ബാധ്യത റദ്ദായതായി ബാങ്കിന്റെ വ്യാജരേഖ ഉണ്ടാക്കി മറിച്ചുവിൽക്കുകയും ചെയ്തിരുന്നു. ഗുരുവായൂരിനു പുറമേ, നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളിൽ നിന്നായി 16 കാറുകൾ വായ്പയെടുത്തു വാങ്ങി വിറ്റിട്ടുണ്ട്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖാ മാനേജരെ കബളിപ്പിച്ചു സ്വന്തമാക്കിയ 95 പവൻ തൃശൂരിൽ വിറ്റതായി സമ്മതിച്ചു. ഐപിഎസ് ഓഫിസർ ആണെന്നു ധരിപ്പിച്ചു വിവാഹം നിശ്ചയിച്ച് അവരിൽ നിന്നു  സ്വർണം വാങ്ങിയിട്ടുണ്ടെന്നു സൂചനയുണ്ടെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഹാജരില്ലാത്തതിനെത്തുടർന്നു കോഴിക്കോട് എൻഐടിയിൽ നിന്നു പുറത്താക്കപ്പെട്ട വിപിൻ ഹോട്ടൽ മാനേജ്മെന്റും പഠിച്ചിട്ടുണ്ട്. സിസ്റ്റം മാനേജർ എന്നു പരിചയപ്പെടുത്തി തട്ടിപ്പു നടത്തി 3 തവണയായി ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പൊലീസ് വേഷത്തിൽ സ്റ്റേഷനുകളിൽ എത്തി ശുപാർശ തുടങ്ങിയതോടെ സംശയത്തിന്റെ നിഴലിലാവുകയായിരുന്നു.

English Summary: Fake IPS officer arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA