ADVERTISEMENT

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി നിയന്ത്രിത സ്ഫോടനം നടത്തുമ്പോൾ 50 മീറ്റർ ചുറ്റളവിൽ അതീവ ജാഗ്രത പാലിക്കും. അപകടസാധ്യത കൂടുതലുള്ള മേഖലയാണിത്. ഈ മേഖലയിലെ കെട്ടിടങ്ങൾക്കു മുകളിൽ പ്രത്യേക ഷീറ്റുകൾ ഉൾപ്പെടെയുള്ളവ വിരിക്കുമെന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു.

നിയന്ത്രിത സ്ഫോടനം നടത്തുന്ന തീയതി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ഇൻഡോറിൽ നിന്നുള്ള വിദഗ്ധൻ എസ്.ബി. സർവാതെയും പങ്കെടുക്കും. പൊളിക്കാൻ കരാറെടുത്ത കമ്പനികൾ സംസ്ഥാന സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധ സമിതിക്കു മുൻപാകെ ഇന്നലെ സ്ഫോടന പദ്ധതി വിശദീകരിച്ചു.

ഈ പദ്ധതികളിൽ ചില ഭേദഗതികൾ വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്. നിയന്ത്രിത സ്ഫോടനം നടത്താനായി ഡിസംബർ 15നു ശേഷമുള്ള തീയതിയാണു പരിഗണനയിലുള്ളത്. 50 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ സ്ട്രക്ചറൽ പഠനം സ്ഫോടനത്തിനു മുൻപും ശേഷവും നടത്തും.

ഫ്ലാറ്റിന്റെ വിവിധ നിലകളിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണു സ്ഫോടനം നടത്തുക. കെട്ടിടം ഒരുമിച്ചല്ല, ഘട്ടം ഘട്ടമായാണു ഭൂമിയിൽ പതിക്കുക. അതുകൊണ്ടു തന്നെ ഇതു ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതം കുറവായിരിക്കും. സമീപ പ്രദേശങ്ങളെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചതിനു ശേഷം മാത്രമേ സ്ഫോടനം നടത്തുകയുള്ളൂ.

സ്ഫോ‌ടക വസ്തുക്കൾ സ്ഥാപിക്കാനായി ഫ്ലാറ്റുകളുടെ തൂണുകളിൽ ദ്വാരങ്ങളിട്ടു തുടങ്ങി. പൊടി കൂടുതൽ ഭാഗത്തേക്കു വ്യാപിക്കാതിരിക്കാൻ മുൻകരുതലുകളെടുക്കും. പ്രദേശവാസികളുടെ ആശങ്കകൾ ദൂരീകരിക്കാനായി താൻ അവരെ നേരിൽ കാണുമെന്നും സബ് കലക്ടർ പറഞ്ഞു.

നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ  കമ്പനികൾ തയാറാണോ? കോടതി

മൂവാറ്റുപുഴ ∙ തീരമേഖല പരിപാലന നിയമം ലംഘിച്ചു മരടിൽ ഫ്ലാറ്റുകൾ നിർമിച്ച കേസിൽ സുപ്രീം കോടതി നിർദേശിച്ച നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടി വയ്ക്കാൻ അറസ്റ്റിലായ ഫ്ലാറ്റ് നിർമാണ കമ്പനി ഉടമകൾ തയാറാണോ എന്നു വിജിലൻസ് കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണു ജ‍ഡ്ജി ഡോ.ബി.കലാം പാഷ ഇക്കാര്യം തിരക്കിയത്.

സ്വത്തുക്കൾ മരവിപ്പിച്ചിരിക്കുന്നതിനാൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാൽ മാത്രമേ മറുപടി നൽകാൻ കഴിയുകയുള്ളുവെന്നായിരുന്നു പ്രതികളുടെ മറുപടി. ജാമ്യാപേക്ഷയിൽ വാദം 13നു തുടരും. അറസ്റ്റിലായ ആൽഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡി പോൾ രാജ്, ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, പി.ഇ.ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയാണു കോടതി പരിഗണിച്ചത്. ജാമ്യാപേക്ഷയെ വിജിലൻസ് ശക്തമായി എതിർത്തു.

English summary: Maradu flat demolition precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com