ADVERTISEMENT

കൊച്ചി ∙ അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ടിന്റെ തിരച്ചിലിനിടെ ആദ്യം വെടിവച്ചതു മാവോയിസ്റ്റുകളാണെന്നും അവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 2004 ഫെബ്രുവരിയിൽ ഒഡീഷയിലെ കോരാപ്പുട് ജില്ലാ ആയുധശേഖരം ആക്രമിച്ചു തട്ടിയെടുത്ത എകെ 47 തോക്കുകളും റൈഫിളുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അറിയിച്ചു. 

എന്നാൽ, മുൻകൂട്ടി ആസൂത്രണം ചെയ്ത ഏറ്റുമുട്ടലാണു നടന്നതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകൻ വാദിച്ചു.   ഏറ്റുമുട്ടൽ വ്യാജമാണോ അല്ലയോ എന്നറിയാൻ അന്വേഷണം പൂർത്തിയാകണമെന്ന് വാദത്തിനിടെ കോടതി പ്രതികരിച്ചു. കേസ് ഡയറിയും രേഖകളും സർക്കാർ കോടതിക്കു നൽകി.    

പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിയുടെ സഹോദരൻ തമിഴ്നാട് പുതുക്കോട്ട സ്വദേശി എം. മുരുകേശൻ, മണിവാസകത്തിന്റെ സഹോദരി തമിഴ്നാട് സേലം സ്വദേശി ലക്ഷ്മി എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി പരിഗണിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവും ചോദ്യം ചെയ്തിരുന്നു. സംസ്കാരം തടഞ്ഞ മുൻ ഉത്തരവു തുടരും. കേസ് 12നു വീണ്ടും പരിഗണിക്കും. 

പൊലീസിന്റെ കസ്റ്റഡിയിൽ മർദനമേറ്റെന്ന ആരോപണത്തിനു തെളിവില്ലെന്ന് സർക്കാർ അറിയിച്ചു. ഏറ്റമുട്ടൽ മരണമാണെന്നു പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ നിന്നു വ്യക്തമാണ്. അകലെ നിന്നുള്ള വെടിവയ്പായിരുന്നു. എകെ 47 തോക്ക് ഉപയോഗിച്ച് ഇവർ തലങ്ങും വിലങ്ങും വെടിവച്ചു. ഇൻക്വസ്റ്റ് ടീമിനെയും ആക്രമിച്ചു. വിഡിയോ ഉണ്ടെന്നും ബോധിപ്പിച്ചു. 

ഒരു മിനിറ്റ് 3 സെക്കൻഡ് മാത്രമുള്ള വിഡിയോ ആണെന്നും അതു ഹാജരാക്കാൻ നിർദേശിക്കണമെന്നും ഹർജിഭാഗം ആവശ്യപ്പെട്ടു. സമീപത്തു നിന്നാണു വെടിയേറ്റതെന്നും ആരോപിച്ചു.

അന്വേഷണം പാലക്കാട് കലക്ടർക്ക് 

പാലക്കാട് ∙ അട്ടപ്പാടി മേലേ മഞ്ചിക്കണ്ടിയിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേട്ട്തല അന്വേഷണത്തിനു  ജില്ലാ കലക്ടർ ഡി.ബാലമുരളിയെ സർക്കാർ നിയോഗിച്ചു. 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. വരും ദിവസങ്ങളിൽ മൊഴിയെടുപ്പും തെളിവു ശേഖരണവും നടക്കും. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം രണ്ടായി നടക്കും.

ഒക്ടോബർ 28നും 29നുമുണ്ടായ വെടിവയ്പു മരണങ്ങൾ തമ്മിൽ 24 മണിക്കൂറിലേറെ വ്യത്യാസമുണ്ട്. വെവ്വേറെ അന്വേഷിക്കേണ്ട ഘടകങ്ങളുമുണ്ട്. ആദ്യ ദിവസത്തെ വെടിവയ്പ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖും രണ്ടാമത്തേത് വി.എ. ഉല്ലാസുമാണ് അന്വേഷിക്കുക. വെടിവയ്പു നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പി ഫിറോസിനെ സംഘത്തിൽ നിന്നു മാറ്റിയിരുന്നു. എസ്പി കെ.വി.സന്തോഷാണു ക്രൈം ബാഞ്ച് സംഘത്തെ നയിക്കുന്നത്.

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ജീർണിക്കാതിരിക്കാൻ നടപടിയില്ല

മുളങ്കുന്നത്തുകാവ് ∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ജീർണിക്കാതെ സൂക്ഷിക്കാൻ നടപടി വൈകുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. മൃതദേഹം ജീർണിക്കാതിരിക്കണമെങ്കിൽ എംബാം ചെയ്യണം. അനാട്ടമി വിഭാഗമാണ് ഇതു ചെയ്യുക. ഇതിന് പൊലീസിൽ നിന്ന് പ്രത്യേക നിർദേശമൊന്നും മെഡി. കോളജ് അധികൃതർക്ക് ലഭിച്ചിട്ടില്ല.

ശീതീകരണ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ മൂന്നെണ്ണം ജീർണിക്കാനാരംഭിച്ച നിലയിലാണ് പോസ്റ്റ്‌മോർട്ടത്തിന് എത്തിച്ചിരുന്നത്. തിരിച്ചറിയാനായി ആളുകൾ എത്തുമ്പോഴെല്ലാം ഇവ പുറത്തെടുക്കണം. ഈ സമയം അസഹ്യമായ ദുർഗന്ധമാണു പരിസരമാകെ വ്യാപിക്കുന്നത്.

മണിവാസകത്തിന്റെ മൃതദേഹം മാത്രമാണു സഹോദരി ലക്ഷ്മി മെഡിക്കൽ കോളജ് മോർച്ചറിയിലെത്തി ഇതുവരെ തിരിച്ചറിഞ്ഞത്. കാർത്തികിന്റെ മൃതദേഹത്തിന് 2 പേരാണ് അവകാശവാദം ഉന്നയിച്ചെത്തിയത്. യഥാർഥ അവകാശിയെ സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല. അരവിന്ദിന്റെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ ഇന്ന് എത്തുമെന്നു സൂചനയുണ്ട്. 

‘മാവോയിസ്റ്റുകൾ ഭീകരവാദ സംഘടന മാത്രമാണ്. ഇടതുപക്ഷത്തിനും സിപിഎമ്മിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മാവോയിസ്റ്റുകൾ മാർക്സിസം–ലെനിനിസം പിന്തുടരുന്ന കമ്യൂണിസ്റ്റ് പാർട്ടിയല്ല. ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി പ്രവർത്തനം നടത്തുന്നതിന്‌ എക്കാലത്തും മാവോയിസ്റ്റുകൾ ശ്രമിക്കുന്നുണ്ട്‌.’

  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

‘മഹാത്മജിയെ വധിച്ച നാഥുറാം ഗോഡ്സെയെപ്പോലും കോടതി വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനുശേഷമാണു വധശിക്ഷ നടപ്പാക്കിയത്. മാവോയിസ്റ്റുകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമെ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയൂ. ഇവരെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണ്.’

  കാനം രാജേന്ദ്രൻ, സിപിഐ സെക്രട്ടറി (ഫെയ്സ്ബുക്കിൽ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com