sections
MORE

നയത്തെയും നേതാക്കളെയും തള്ളി ‘കേരള സിപിഎം’

cpm-flag
SHARE

തിരുവനന്തപുരം ∙ യുഎപിഎ കരിനിയമമെന്ന് ആവർത്തിക്കുമ്പോൾ തന്നെ അതുപ്രകാരം അറസ്റ്റിലായ 2 പാർട്ടി അംഗങ്ങളെ കയ്യൊഴിയേണ്ടി വന്നത് അണികളിലും അനുഭാവികളിലും ഉയർത്താനിടയുള്ള പ്രതികരണത്തിൽ ആശങ്കയോടെ സിപിഎം. രാഷ്ട്രീയ വിശദീകരണത്തിനു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.

സിപിഎം ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയുമടക്കമുള്ളവർ തിരുത്തൽ ആവശ്യപ്പെട്ട കാര്യത്തിൽ പൊലീസിനെ തിരുത്താനില്ലെന്നാണു സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ടുകൾ വിശ്വസിക്കാനേ കഴിയൂ എന്നതാണു മുഖ്യമന്ത്രി എടുക്കുന്ന നിലപാട്. കോഴിക്കോട്ടെ പാർട്ടി റിപ്പോർട്ട് പൊലീസ് റിപ്പോർട്ടിനു സമാനസ്വഭാവമുള്ളതായതോടെ പിണറായി വിജയനു കാര്യങ്ങൾ എളുപ്പവുമായി.

യുഎപിഎയ്ക്കെതിരായ വികാരം സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. കേന്ദ്ര കൈകടത്തലിനു വഴങ്ങിയാണോ സംസ്ഥാന പൊലീസ് പ്രവർത്തിക്കേണ്ടതെന്ന ചോദ്യവും ഉയർന്നു. പക്ഷേ തെളിവുകളും ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവും സർക്കാരിനുള്ള പരിമിതിയായി മുഖ്യമന്ത്രിയും പിന്തുണയ്ക്കുന്നവരും ചൂണ്ടിക്കാട്ടി. യുഎപിഎയെ എതിർക്കുമ്പോൾ തന്നെ നിയമം കേരളത്തിനു ബാധകമല്ലാതാകുന്നില്ലെന്നും അവർ ഓർമിപ്പിച്ചു.

പാർട്ടി കുടുംബാംഗവും ഉന്നത സിപിഎം നേതാക്കൾക്കെല്ലാം സുപരിചിതനുമായ അലൻ ഷുഹൈബിന്റെ അറസ്റ്റാണ് പാർട്ടിയെ ധർമസങ്കടത്തിലാക്കിയത്. പലരും നേരിട്ട് ഇടപെട്ടതും അതുകൊണ്ടു തന്നെ. എന്നാൽ അലനും സുഹൃത്ത് താഹ ഫസലും മാവോയിസ്റ്റ് സ്വാധീനങ്ങൾക്കു വശംവദരായിരുന്നുവെന്നാണ് പൊലീസും കോഴിക്കോട്ടെ പാർട്ടിക്കാരും പറയുന്നത്. നിഗമനത്തിലെത്താൻ വേണ്ടിയാണു സംസ്ഥാന സെക്രട്ടേറിയറ്റ് കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ റിപ്പോർട്ട് തിരക്കിട്ടു വാങ്ങിയത്.

സിപിഎം ഭരിക്കുന്ന കേരളത്തിൽ കേന്ദ്രത്തെ പഴിച്ചും നിസ്സഹായത അറിയിച്ചും പാർട്ടിയുടെ പ്രഖ്യാപിത നിലപാട് തള്ളുകയാണു പിണറായി സർക്കാർ. കടുത്ത അനിഷ്ടം ആവർത്തിച്ചു സിപിഎമ്മിനെ സിപിഐ കൂടുതൽ സമ്മർദത്തിലുമാക്കുന്നു. കേന്ദ്രം ചെയ്യുന്നതു പിണറായി സർക്കാരും ചെയ്യരുതെന്ന കാനം രാജേന്ദ്രന്റെ പരസ്യവിമർശനം ഇരുതല മൂർച്ചയുള്ളതാണ്. സിപിഎം–സിപിഐ സൗഹൃദത്തിൽ വീണ വിള്ളലും സിപിഎമ്മിനകത്തു തന്നെയുള്ള ചിന്താക്കുഴപ്പവും ഉപതിരഞ്ഞെടുപ്പ് മുന്നേറ്റത്തിനു ശേഷം ഇടതു മുന്നണിയിലുണ്ടായിരുന്ന ഉത്സാഹത്തിനു കാര്യമായ മങ്ങലേൽപ്പിക്കുന്നു.

ജാമ്യാപേക്ഷ വിശദീകരണം തേടി മാറ്റി

കൊച്ചി∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ (നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തി പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, കെ. താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ സർക്കാരിന്റെ വിശദീകരണത്തിനായി ഹൈക്കോടതി 14ലേക്കു മാറ്റി. ഇരുവർക്കും ജാമ്യം നിഷേധിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിനെതിരെയുള്ള ഹർജിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA