പാലക്കാട് നിന്ന് ഗൂഗിൾ മാപ് നോക്കി യാത്ര; രാത്രി കാർ ചെന്നുവീണത് പുഴയിൽ

google-map
SHARE

കൊണ്ടാഴി (തൃശൂർ) ∙ ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ടവർ വഴി തെറ്റി പുഴയിൽ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാർ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.

കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ഗൂഗിൾ മാപ്പ് നോക്കി കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാർ ആഴമേറിയ ചിറയിൽ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടു മാത്രമാണ്. പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംക്ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.

ഈ റോഡ് അൽപം മുന്നോട്ടുപോയാൽ, 4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാർ ഏറെ പ്രയത്നിച്ചാണു കാർ തിരിച്ചു കയറ്റിയത്.

കഴിഞ്ഞ ഡിസംബറിൽ പാലമറ്റം - നേര്യമംഗലം റോഡിലെ ചാരുപാറയിൽ പുതുക്കിപ്പണിയാൻ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങിൽ കാർ വീണ്‌ മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു. 30 അടിയിലേറെ താഴ്‌ചയിൽ കുഴിച്ചിരുന്ന കുഴിയിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറിൽ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളിൽ 2 പേർ നീന്തി കരകയറി.

നീന്തൽ അറിയാത്ത ഒരാൾ മുങ്ങിയ കാറിന്റെ മുകളിൽ കയറിയാണു രക്ഷപ്പെട്ടത്. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിൾ മാപ് നോക്കിയാണ്‌ യുവാക്കൾ ഇതുവഴി എത്തിയത്. റോഡിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതറിയാതെ വന്ന യുവാക്കൾ അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു.

English Summary: Google Map 'Trap' for Family in Thrissur, Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA