ADVERTISEMENT

തൃശൂർ ∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അരവിന്ദിന്റെ മൃതദേഹം നേരിട്ടുകണ്ട ബന്ധുക്കൾക്ക് ആദ്യം തിരിച്ചറിയാനായില്ല. മൃതദേഹം അഴുകിയും നിറംമാറിയും കാണപ്പെട്ടതാണു കാരണം. ഒടുവിൽ ഇൻക്വസ്റ്റ് സമയത്തെ ചിത്രങ്ങളിൽ നിന്നു ബന്ധുക്കൾ ഏറെക്കുറെ ഉറപ്പിച്ചു; ഇതു തങ്ങളുടെ സഹോദരൻ ശ്രീനിവാസനാണ്.

സംശയനിവാരണത്തിന് ഡിഎൻഎ ടെസ്റ്റിനു തയാറാണെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. തമിഴ്നാട് സ്വദേശികളായ രാജഗോപാൽ (51), ജയറാം (47), ഹരിനാരായണൻ എന്നിവരാണ് അരവിന്ദിന്റെ സഹോദരങ്ങളെന്ന് അവകാശപ്പെട്ട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. കേശവൻ എന്ന് ഓമനപ്പേരുള്ള സഹോദരൻ ശ്ര‍ീനിവാസന്റെ മൃതദേഹമാണ് അരവിന്ദെന്ന പേരിൽ പൊലീസ് സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ വാദം. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടോടെ മൂവർക്കും മോർച്ചറിക്കുള്ളിലേക്കു പ്രവേശനം അനുവദിച്ചു.

10 മിനിറ്റോളം മൃതദേഹം തിരിച്ചറിയാൻ ഇവർ ശ്രമിച്ചെങ്കിലും 50% ഉറപ്പു മാത്രമേയുള്ളൂവെന്നു പൊലീസിനെ അറിയിച്ചു. പൊലീസിന്റെ കൈവശമുള്ള ഫോട്ടോയും തങ്ങളുടെ കൈവശമുള്ള ഫോട്ടോയും ഒത്തുനോക്കിയപ്പോൾ ഏകദേശ സാമ്യമുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. 6 വർഷം പഴക്കമുള്ള ഫോട്ടോയാണു ബന്ധുക്കളുടെ കൈവശമുണ്ടായിരുന്നത്. ഇൻക്വസ്റ്റ് സമയത്തെ കൂടുതൽ ചിത്രങ്ങൾ കാണിച്ചതോടെയാണു ബന്ധുക്കൾ ഏറെക്കുറെ സ്ഥിരീകരിച്ചത്. തമിഴ്നാട് സ്വദേശിയായ അരവിന്ദ് 8 വർഷം മുൻപാണ് അവസാനമായി വീട്ടിലെത്തിയതെന്നു രാജഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com