ADVERTISEMENT

കോഴിക്കോട്/തിരുവനന്തപുരം ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർഥികളെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാൻ സിപിഎം തീരുമാനം. കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്, പാറമൽ ബ്രാഞ്ച് അംഗമായ താഹയെയും മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് അംഗമായ അലനെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ഇവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടിയോ സർക്കാരോ ഇടപെടേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചു. വിദ്യാർഥികൾക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിരത്തിയ പൊലീസ് നിഗമനങ്ങളും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

തീരുമാനം പരസ്യമാക്കിയില്ല. യുഎപിഎ നിയമത്തെ വീണ്ടും അപലപിച്ച സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ ‘പന്തീരങ്കാവ്‌ സംഭവത്തിൽ സത്യസന്ധമായി അന്വേഷണം നടത്തി യുഎപിഎ ദുരുപയോഗിക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌’ എന്നു മാത്രമേ പറയുന്നുള്ളൂ.

വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതു തിരുത്തണമെന്നുമുള്ള മുൻ ആവശ്യം സെക്രട്ടേറിയറ്റ് വിഴുങ്ങി. മാവോയിസ്റ്റ് വേട്ട വിവാദത്തിൽ സിപിഐയുടെ പേരു പറയാതെ അവരുടെ ആക്ഷേപങ്ങൾ സെക്രട്ടേറിയറ്റ് തള്ളി.

ആറിനു പേരാമ്പ്രയിൽ ചേർന്ന അടിയന്തര  ജില്ലാ കമ്മിറ്റി യോഗത്തിൽ അലനും താഹയ്ക്കുമെതിരെ നടപടി സ്വീകരിക്കാൻ ധാരണയായിരുന്നു. ഇരുവരും  അംഗങ്ങളായ ബ്രാ‍ഞ്ചുകൾ ഉൾപ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി പി.മോഹനൻ നിലപാട് അറിയിച്ചു.

ഏരിയ കമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിരോധിത സംഘടനകളുമായി ഇരുവർക്കുമുള്ള ബന്ധം വ്യക്തമായതായി ഏരിയ ചുമതലയുള്ള അംഗം അറിയിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാണ് സസ്പെൻഷൻ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com