ADVERTISEMENT

രാജകുമാരി∙ ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്നയാളുടെ സഹോദരൻ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ ഫഹാദ് (25) ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.  ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷ്(31) ആണു കൊല്ലപ്പെട്ടത്.

 ഫാം ഹൗസിനു സമീപം മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ ആയിരുന്നു. റിജോഷിന്റെ മരണത്തെ തുടർന്ന് ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ വസീമിന്റെ (32) സഹോദരനാണു ഫഹാദ്. അതേസമയം, കയറോ തുണിയോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണു റിജോഷിനെ കൊലപ്പെടുത്തിയതെന്നാണു   പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 ശരീരത്തിൽ മറ്റു മുറിവുകൾ ഇല്ല. മരണ സമയത്ത് റിജോഷ് അർ‌ധബോധാവസ്ഥയിൽ ആയിരുന്നു എന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ട്.കേസ് അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിച്ചതിനും പ്രതികളെ കടന്നുകളയാൻ സഹായിച്ചതിനുമാണ് ഫഹാദിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

 റിജോഷിനെ കാണാനില്ല എന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഈ മാസം ഒന്നിന് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം 2 തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഫഹാദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. 

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വസീം, ഫഹാദ്, റിജോഷിന്റെ ഭാര്യ ലിജി എന്നിവർ ചേർന്നു നടത്തിയ ശ്രമമായിരുന്നു ഇതെന്നു പൊലീസ് പറയുന്നു. ഇൗ ഫോണുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്. ഫഹാദിനെ ഇന്നു കോടതിയിൽ ഹാജരാക്കും.   

പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ റിജോഷിന്റെ മൃതദേഹം ശാന്തൻപാറ ഇൻഫന്റ് ജീസസ് പള്ളിയിൽ സംസ്കരിച്ചു.    റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് താൻ മാത്രമാണ് എന്നുള്ള വസീമിന്റെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com