ADVERTISEMENT

കോട്ടയം ∙ ജോസഫ് വിഭാഗത്തിന് അനുകൂലമായ കട്ടപ്പന സബ് കോടതി വിധി വന്നതോടെ അടുത്ത നീക്കങ്ങളുമായി കേരള കോൺഗ്രസ് വിഭാഗങ്ങൾ.  കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയത്ത് സംസ്ഥാന നേതൃയോഗം ചേർന്നപ്പോൾ ജോസ് കെ. മാണി വിഭാഗം ജില്ലാ നേതൃയോഗവും ചേർന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നൽകേണ്ട മറുപടി, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ നിലപാട് എന്നിവയെപ്പറ്റിയായിരുന്നു ചർച്ച.

കോട്ടയം നഗരത്തിന്റെ രണ്ടു ഭാഗത്തായിരുന്നു യോഗങ്ങൾ. നേതാക്കളിൽ ആരൊക്കെ എവിടെ നിൽക്കുന്നുവെന്നു പരസ്പരം മനസ്സിലാക്കാൻ ഇതു സഹായിച്ചു. ഇരുപക്ഷത്തുമുള്ള ഒരു ഭാഗം നേതാക്കൾ രണ്ടിടത്തും പോയതുമില്ല. 

ഇവരെ കൂട്ടാൻ ഇരുപക്ഷവും ശ്രമം തുടങ്ങി. ജോസ് പക്ഷം എംഎൽഎമാരായ റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജും നിയമസഭയിൽ ആയതിനാൽ പങ്കെടുത്തില്ല. 

ജോസഫ് വിഭാഗം തീരുമാനങ്ങൾ

∙സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള പ്രാരംഭ നടപടികൾ ചർച്ച ചെയ്തു. ജോസ് പക്ഷത്തു നിന്നു മാറാൻ സാധ്യതയുള്ള നേതാക്കളുടെ വിവരം ശേഖരിക്കുന്നു. 

∙ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തും

∙ തദ്ദേശ ജനപ്രതിനിധികൾ ആർക്കൊപ്പം 

നിൽക്കുന്നുവെന്നു കണ്ടെത്തും. 

∙ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനുള്ള 

 മറുപടി ചർച്ച ചെയ്തു. 

∙ ശക്തി തെളിയിക്കാൻ 14നു കോട്ടയത്ത് കർഷക സംഗമം. 

ജോസ് കെ. മാണി വിഭാഗം തീരുമാനങ്ങൾ

∙ പാർട്ടി നിലപാട് ജോസ് കെ. മാണി വിശദീകരിച്ചു. 

വിശദീകരണ യോഗങ്ങൾ നടത്തും.

∙ ആടി നിൽക്കുന്ന നേതാക്കന്മാരെ നേരിട്ടു 

ജോസ് കെ. മാണി കാണും. ഇവരുടെ പട്ടിക തയാറാക്കും.

∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങും. 

പാർട്ടി കേസ് 3 വർഷം വരെ നീളുമെന്നു സംശയം. 

∙ കേസിന്റെ തുടർ നടപടി, ബദൽ സംസ്ഥാന കമ്മിറ്റി 

വിളിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി.

 

പി.ജെ. ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു: ജോസ് കെ. മാണി

കോട്ടയം ∙ കേരള കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെയും പി.ജെ. ജോസഫ് വഞ്ചിക്കുകയാണെന്നു ജോസ് കെ. മാണി എംപി. കോടതി വിധി ബോധപൂർവം മറച്ചുവച്ചു  തെറ്റിദ്ധരിപ്പിക്കുകയാണ്.

 കോട്ടയം ജില്ലയിലെ പാർട്ടി മണ്ഡലം, നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. 

തോമസ് ചാഴികാടൻ എം.പി,  ഇ.ജെ. ആഗസ്തി, പി.ടി.ജോസ്, ജോസ് ടോം, പി.എം.മാത്യു,  എം.എസ്. ജോസ്, ബേബി ഉഴുത്തുവാൽ, പ്രിൻസ് ലൂക്കോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോസഫ് ചാമക്കാല, ജോസ് പുത്തൻകാല, അബേഷ് അലോഷ്യസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോജി കുറുതിയാൻ,ജോസ് കല്ലക്കാവുങ്കൽ, സണ്ണി പാറേപ്പറമ്പിൽ, പ്രദീപ് വലിയപറമ്പിൽ, ജോമി മാത്യു, രാജേഷ് വാളിപ്ലാക്കൽ, ബിജു ചെങ്ങളം, ഷീലാ തോമസ്തുടങ്ങിയവർ പ്രസംഗിച്ചു.

 

ജോസ് കെ. മാണി തെറ്റു തിരുത്തുന്നില്ല: പി.ജെ. ജോസഫ്

കോട്ടയം ∙ തോൽക്കാനായി ജനിച്ചവൻ എന്ന ആക്ഷേപം കേൾക്കും വിധമാണു ചിലരുടെ പ്രവർത്തനമെന്നു കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.  3 കോടതി വിധികളും വർക്കിങ് ചെയർമാൻ എന്ന നിലയിലുള്ള  അധികാരം ഉറപ്പിച്ചു പറഞ്ഞു.

 എന്നാൽ തെറ്റു തിരുത്താൻ ജോസ് കെ. മാണി തയാറാകുന്നില്ല. റോഷി അഗസ്റ്റിനും എൻ. ജയരാജും പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തതിനു പിന്നിൽ അദൃശ്യകരങ്ങളാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ, ചീഫ് വിപ്പ് മോൻസ് ജോസഫ് എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം തോമസ് ഉണ്ണിയാടൻ, ടി.യു, കുരുവിള, അറക്കൽ ബാലകൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ എന്നിവർ പ്രസംഗിച്ചു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com