ADVERTISEMENT

രാജകുമാരി ∙ ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടിയിൽ ഒരു കുടുംബത്തിലെ 3 പേർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. രാമകൃഷ്ണൻ(32), ഭാര്യ രജനി(30), മകൾ ശരണ്യ(12) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ഏഴോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശരണ്യയെ കൊലപ്പെടുത്തിയ ശേഷം രാമകൃഷ്ണനും രജനിയും തൂങ്ങി മരിച്ചു എന്നു സംശയമുണ്ട്. 

മരണകാരണം വ്യക്തമാക്കുന്ന സൂചനകൾ ലഭിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു. മൂന്നു പേരും തൂങ്ങിമരിച്ച കയറുകളിൽ ഒരേ പോലെയാണ് കുരുക്ക് ഇട്ടിരിക്കുന്നത്.  ഒരാൾ തന്നെയാണ് മൂന്നു കയറുകളിലും കുരുക്കിട്ടത് എന്ന നിഗമനത്തിലാണു പൊലീസ്.  മകളെ കയറിൽ കുരുക്കി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. 

  തമിഴ്നാട് സ്വദേശി  രാമകൃഷ്ണൻ വർഷങ്ങൾക്കു മുൻപാണു സൂര്യനെല്ലിയിൽ എത്തിയത്. സൂര്യനെല്ലിയിൽ ഓട്ടോ ഇലക്ട്രിക് ഷോപ്പ് നടത്തി വരികയായിരുന്നു. രാമകൃഷ്ണന് സാമ്പത്തിക ബാധ്യതകൾ ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട രജനിയെ വിവാഹം ചെയ്തതോടെ രാമകൃഷ്ണൻ ചെമ്പകത്തൊഴുക്കുടിയിൽ താമസം തുടങ്ങി. 

വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഒരു വയസ്സ് ഉള്ള മൂത്ത മകൻ മുറ്റത്ത് വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ ശരണ്യ കലാമത്സരങ്ങളിലും മികവ് തെളിയിച്ചിരുന്നു. ഭാര്യയും മകളുമായി നല്ല സ്നേഹത്തിലായിരുന്നു രാമകൃഷ്ണനെന്നും നാട്ടുകാർ പറയുന്നു. 

ചിന്നക്കനാലിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ശരണ്യ രണ്ടു ദിവസമായി ശരണ്യ സ്കൂളിൽ പോയിരുന്നില്ല. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com