ചട്ടം ഭേദഗതി ചെയ്യുന്നു: ആശാ വർക്കർമാർക്കും മരുന്നു നൽകാം

HIGHLIGHTS
  • ആരോഗ്യ മേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോപണം
medicine
SHARE

കൊല്ലം ∙ രോഗികൾക്കു മരുന്നു നൽകാൻ ഫാർമസിസ്റ്റുകൾക്കു പുറമേ ആശാ വർക്കർമാർക്കും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും അനുമതി നൽകുന്ന തരത്തിൽ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രം. 

എന്നാൽ ഇത് ആരോഗ്യമേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോപിച്ചു ഫാർമസിസ്റ്റുകളും ഡോക്ടർമാരും രംഗത്തെത്തി. 

‘അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്’ എന്ന ആശാ വർക്കർമാർക്ക് വാർഡ് തലങ്ങളിൽ ആരോഗ്യ ഫീൽഡ് പ്രവർത്തനം, കണക്കെടുപ്പ്, ആരോഗ്യബോധവൽകരണം തുടങ്ങിവയാണു മുഖ്യചുമതലകൾ. സർക്കാർ ആശുപത്രികളിൽ ഒപി സഹായ ചുമതലകളും ഇവർക്കു നൽകിയിട്ടുണ്ട്. ഇവരെ കൂടാതെ നാഷനൽ ഹെൽത്ത് മിഷനു കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് വൊളന്റിയർമാർക്കും മരുന്നു നൽകാമെന്നു കരടിൽ പറയുന്നു.

കരടു രൂപരേഖ സംബന്ധിച്ച് അഭിപ്രായം ശേഖരിച്ച ശേഷമേ അന്തിമ ഉത്തരവുണ്ടാകൂ. പുതിയ കരടു സംബന്ധിച്ച ചർച്ചയ്ക്കായി സംസ്ഥാന ഫാർമസി കൗൺസിൽ 13ന് യോഗം വിളിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്: മാധ്യമങ്ങളോട് മിണ്ടരുത് !

കൊല്ലം ∙ ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫിസർമാരല്ലാതെ ആരും മാധ്യമങ്ങളോടു സംസാരിക്കുകയോ ചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് വകുപ്പു ഡയറക്ടറുടെ ഉത്തരവ്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജില്ലാ മേധാവി മാത്രമേ പ്രതികരിക്കാവൂ. 

ചില ജീവനക്കാർ മാധ്യമ ചർച്ചകളിൽ പങ്കെടുക്കുകയും വകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഉത്തരവിൽ കുറ്റപ്പെടുത്തുന്നു. വകുപ്പു മേധാവിയുടെ അനുവാദം വാങ്ങാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പാലിക്കണമെന്നും എല്ലാ മെഡിക്കൽ ഓഫിസർമാരും ഇതു സംബന്ധിച്ച് നിർദേശം നൽകണമെന്നും ഉത്തരവിലുണ്ട്. ക്രമക്കേടുകൾ മാധ്യമ വാർത്തകളിലൂടെ പുറത്തു വരുന്നതിനെ തുടർന്നാണ് ഉത്തരവ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA