കൊണ്ടോട്ടി ∙ ഹജ് കമ്മിറ്റി മുഖേനയുള്ള അടുത്ത വർഷത്തെ ഹജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 5 വരെ നീട്ടി. ഇന്ന് അവസാനിക്കേണ്ടതായിരുന്നു. കേന്ദ്ര ഹജ് കമ്മിറ്റി അപേക്ഷാ തീയതി ഇത്ര ദിവസം നീട്ടുന്നത് ഇതാദ്യമാണ്. രാജ്യത്താകെ, ഹജ് അപേക്ഷകരുടെ എണ്ണത്തിൽ വലിയ കുറവു വന്നതാണു തീയതി നീട്ടാനുണ്ടായ പ്രധാന കാരണം. ഹജ് നയത്തിലുണ്ടായ മാറ്റംമൂലം 2017 മുതൽ അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ട്.
രൂപയുടെ മൂല്യം കുറഞ്ഞതും സബ്സിഡി ഇല്ലാതായതും സൗദിയിൽ ചെലവു കൂടിയതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായി വിലയിരുത്തുന്നുണ്ട്. ഇന്നലെ വൈകിട്ടു വരെ കേരളത്തിൽ ലഭിച്ചത് 19,655 അപേക്ഷകളാണ്. കഴിഞ്ഞ വർഷം നാൽപതിനായിരത്തിലേറെ അപേക്ഷകർ കേരളത്തിലുണ്ടായിരുന്നു. 70 വയസ്സ് വിഭാഗത്തിൽ 712 പേരും 45 വയസ്സിനു മുകളിലുള്ള ആൺതുണയില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 999 പേരും ജനറൽ വിഭാഗത്തിൽ 17,944 പേരുമാണ് അപേക്ഷിച്ചതെന്ന് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.ഡിസംബർ 5ന് ഉള്ളിൽ അനുവദിച്ചതും 2021 ജനുവരി 20 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം. ഹജ് ഹൗസ്: 0483-2710717, 2717571.