തിരുവനന്തപുരം∙ പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണത്തിനായി ജർമൻ വികസന ബാങ്ക് (കെഎഫ്ഡബ്ല്യു) നൽകിയ വായ്പ ഉപയോഗിച്ച് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നത് 481 കിലോമീറ്റർ റോഡ്. ആദ്യഘട്ടമായി 370 കിലോമീറ്റർ റോഡ് നവീകരണത്തിനുള്ള രൂപരേഖ ഉടൻ തയാറാക്കും. ആകെ ചെലവ് 1872 കോടി രൂപ. ജർമൻ വായ്പയിൽ നിന്ന് 1326 കോടിയും സംസ്ഥാന സർക്കാർ വിഹിതമായി 546 കോടി രൂപയും വിനിയോഗിച്ചായിരിക്കും റോഡ് നവീകരണം.
റോഡ് പണിയുടെ ഓരോ ഘട്ടവും പൂർത്തിയാക്കിയ ശേഷം മാത്രമേ കെഎഫ്ഡബ്ല്യു പണം കൈമാറൂ. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ റോഡുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. മരാമത്ത് വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട് പ്രോജക്ട് (കെഎസ്ടിപി) ആയിരിക്കും നിർമാണത്തിനു നേതൃത്വം നൽകുക. അടുത്ത വർഷം ആദ്യം നിർമാണം തുടങ്ങും.
നിർമിക്കുന്നത് ഡിസൈൻ റോഡുകൾ
പ്രളയം ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഡിസൈൻ റോഡുകളാണു നിർമിക്കുക. ഏറ്റവും ചുരുങ്ങിയത് 7 മീറ്റർ വീതിയിലായിരിക്കും റോഡ് വികസിപ്പിക്കുക. കേബിളുകൾക്കായി പ്രത്യേക പൈപ്പുകൾ, നടപ്പാത തുടങ്ങിയവയുണ്ടാവും. കിലോമീറ്ററിന് 5 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 15 വർഷം ഗ്യാരന്റിയോടെയായിരിക്കും റോഡ് നിർമാണം.
ഫുൾ ഡെപ്ത് റിക്ലമേഷൻ എന്ന ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണു റോഡ് നിർമാണം. നിലവിലുള്ള റോഡ് പൊളിച്ച് മിക്സ് ചെയ്ത് താഴേത്തട്ടിൽ വിരിച്ച് ഉറപ്പിക്കും. ഇതിനു മീതെയായിരിക്കും പുതിയ പാളി നിർമിക്കുക.