ADVERTISEMENT

67 രാജ്യങ്ങളിലായി, അത്രയും തന്നെ ഭാഷകളിലായി ടിവി പ്രേക്ഷകരുടെ ആവേശമായി മാറിയ ക്വിസ് റിയാലിറ്റി ഷോ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഇന്നു മഴവിൽ മനോരമയിൽ സംപ്രേഷണമാരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9ന്. നടൻ സുരേഷ് ഗോപിയുടെ അവതരണ മികവാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഷോയുടെ മുഖ്യ‌ ആകർഷണം.

അവതരണത്തിലും സംപ്രേഷണത്തിലും ആകർഷകങ്ങളായ ഒട്ടേറെ പുതുമകളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. മലയാളത്തിൽ ഇതാദ്യമായി ഹോട്ട് സീറ്റിലിരിക്കുന്ന മത്സരാർഥിക്കൊപ്പം പ്രേക്ഷകർക്കും സമാന്തരമായി പരിപാടിയുടെ ഭാഗമാകാനുള്ള അവസരം മഴവിൽ മനോരമ ഒരുക്കുന്നു എന്നതാണ് ഇൗ മത്സര സീസണിന്റെ സവിശേഷത.

മത്സര പരിപാടിയുടെ സംപ്രേഷണം കാണുന്ന പ്രേക്ഷകർക്ക്, മനോരമ മാക്സ് ആപ്പിലൂടെ തത്സമയം പരിപാടിയുടെ ഭാഗമാകാനും സമ്മാനങ്ങൾ നേടാനും കഴിയും. മത്സര പരിപാടിയുടെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്ന സമയത്ത് പ്രേക്ഷകരോടുള്ള ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താനും ആകർഷക സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണുള്ളത്.

mazhavil

ഏറ്റവും മികവു പുലർത്തുന്ന ഒരു മത്സരാർഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരമാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഷോയുടെ അടിസ്ഥാനഘടന വാഗ്ദാനം ചെയ്യുന്നത്. ഉത്തരങ്ങൾക്കു വേണ്ടി മത്സരാർഥികൾക്കു പരസഹായം സ്വീകരിക്കാൻ കോൾ എ ഫ്രണ്ട്, ഓഡിയൻസ് പോൾ, ഫിഫ്റ്റി ഫിഫ്റ്റി എന്നീ 3 ലൈഫ് ലൈനുകൾ ഉണ്ട്.

പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന പ്രശസ്തമായ അവതരണ സംഗീതം ബോളിവുഡ് സംഗീത സംവിധായകരായ അജയ്–അതുൽ കൂട്ടുകെട്ടിൽ മലയാളത്തിനായി റീ കംപോസ് ചെയ്ത രൂപത്തിൽ മഴവിൽ പ്രേക്ഷകർക്ക് ഇതാദ്യമായി അനുഭവിക്കാം.  അമിതാഭ് ബച്ചൻ അവതരിപ്പിച്ച ‘കോൻ ബനേഗാ ക്രോർപതി’ ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകൾക്കു വേദിയൊരുക്കിയ വർഷ ജെയിൻ ആണ് മഴവിൽ മനോരമയ്ക്കു വേണ്ടി ദൃശ്യമികവാർന്ന സെറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. കോൻ ബനേഗാ ക്രോർപതി, കോക് സ്റ്റുഡിയോ, എ.െഎ.ബി തുടങ്ങിയ ടിവി ഷോകളുടെ ചിത്രീകരണമികവിനു പിന്നിൽ പ്രവർത്തിച്ച സുധീർ കൗശിക് മലയാളത്തിലും ക്യാമറയ്ക്കു പിന്നിലുണ്ട്. ഒപ്പം, മഴവിൽ മനോരമയിലെ പ്രോഗ്രാം പ്രൊഡക്‌ഷൻ വിഭാഗത്തിന്റെ വിപുലമായ സംഘവും.

‘അറിഞ്ഞൊരുത്തരം, പുതിയൊരു തുടക്കം’ എന്നതാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഇൗ മത്സര സീസണിൽ അവതരിപ്പിക്കുന്ന ആശയം. സമ്മാനം നേടാനുള്ള ഉപാധി എന്നതിലുപരി അറിവ് സ്വാതന്ത്ര്യമേകും, അറിവ് നമ്മെ കൂടുതൽ ശക്തരാക്കും, അറിവ് ഒരാളെ ഹൃദയാലുവുമാക്കും എന്ന സന്ദേശമാണിതു നൽകുന്നതെന്ന് എംഎംടിവി ഡയറക്ടർ ജയന്ത് മാമ്മൻ മാത്യു പറഞ്ഞു. 

മിനി സ്ക്രീനിലും ഒപ്പം വെള്ളിത്തിരയിലും സുരേഷ് ഗോപിക്കിതു ഹൃദ്യമായൊരു തിരിച്ചുവരവിന്റെ കാലം കൂടിയാണിത്.  

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com