sections
MORE

കിഫ്ബിയിലെ ചിലർ പദ്ധതികൾ ‌വിഴുങ്ങുന്ന ബകനാണെന്ന് മന്ത്രി സുധാകരൻ

G-Sudhakaran
SHARE

തിരുവനന്തപുരം∙ കിഫ്ബിയെ ഏൽപിച്ച റോഡുകളുടെ ഉത്തരവാദിത്തം മരാമത്ത് വകുപ്പ് ഏറ്റെടുക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ. കിഫ്ബിക്കു കൈമാറിയ റോഡുകളെക്കുറിച്ചുള്ള പരാതി മരാമത്ത് വകുപ്പിനു കേൾക്കേണ്ടി വരുന്നു. മരാമത്ത് വകുപ്പ് എന്തു പദ്ധതി കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അതു വെട്ടുമെന്നും പദ്ധതികൾ വിഴുങ്ങാനിരിക്കുന്ന ബകനെപ്പോലെയാണു ചിലരെന്നും മന്ത്രി കുറ്റപ്പെടുത്തി.

മരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. മരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവത്തെയും മന്ത്രി വിമർശിച്ചു. ദേശീയപാതാ വികസനം ഈ സർക്കാരിന്റെ കാലത്തു പൂർത്തിയാക്കാനാകില്ല. വേണ്ടത്ര കേന്ദ്ര സഹായമില്ല. മന്ത്രി നിതിൻ ഗഡ്കരി സഹായിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരാണു കുഴപ്പം– സുധാകരൻ പറഞ്ഞു.

കിഫ്ബി ടെക്നിക്കൽ കമ്മിറ്റിക്കെതിരെ പരാതികൾ

കിഫ്ബി ടെക്നിക്കൽ കമ്മിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ നടപടികളാണു മന്ത്രി സുധാകരനെ പ്രകോപിപ്പിച്ചത്. പദ്ധതി രൂപരേഖ ഉൾപ്പെടെ അംഗീകരിച്ചു കരാർ നൽകി പ്രവർത്തനം പൂർത്തിയായ ശേഷം രൂപരേഖയിൽ മാറ്റം വരുത്താൻ കിഫ്ബി ടെക്നിക്കൽ കമ്മിറ്റി ആവശ്യപ്പെടുന്നുവെന്ന പരാതി രേഖകൾ സഹിതം മന്ത്രിക്കു ലഭിച്ചിരുന്നു. കമ്മിറ്റിയിലെ ചില ഉദ്യോഗസ്ഥർ ചീഫ് എൻജിനീയർമാരെ ഉൾപ്പെടെ ഭരിക്കുന്നെന്ന പരാതിയും ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കിഫ്ബിക്കു മന്ത്രി നേരത്തെ കത്തു നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.

ധനമന്ത്രാലയത്തിലെ ധനകാര്യ പരിശോധനാ വിഭാഗം ഫയലുകൾ മാസങ്ങളോളം പിടിച്ചുവയ്ക്കുന്നതു മൂലം പദ്ധതികളുടെ അംഗീകാരം വൈകുന്നുവെന്ന പരാതിയും മന്ത്രിക്കു ലഭിച്ചിരുന്നു. കിഫ്ബിക്കെതിരായ സുധാകരന്റെ പരാമർശങ്ങൾ പാർട്ടിയിലെ മറുപക്ഷത്തുള്ള ധനമന്ത്രി തോമസ് ഐസക്കിനെതിരായ വിമർശനമായാണു വിലയിരുത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA