sections
MORE

ഫൊട്ടോഗ്രഫിയുടെ ആവേശക്കായലിലേക്ക് എടുത്തുചാടിയ എം.കെ. വർഗീസ്

varghese
എം.കെ.വർഗീസ്
SHARE

കൊച്ചി ∙ മലയാള മനോരമ മുൻ പിക്ചർ എഡിറ്റർ കരിങ്ങാച്ചിറ മാലായിൽ എം.കെ.വർഗീസ് (‌80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിനു തൃപ്പൂണിത്തുറ അമ്പിളി നഗർ കിങ്സ് ടൗൺ വസതിയിലെ പ്രാർഥനയ്ക്കുശേഷം 3.30ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ.

ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് റജിസ്ട്രാർ, എംജി സർവകലാശാല) കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം. മക്കൾ: വിനീത് എം.വർഗീസ് ( ബിപിസിഎൽ, കൊച്ചി റിഫൈനറി), വിജിത് എം.വർഗീസ് (ഐബിഎം,ബെംഗളൂരു) മരുമകൾ: മേരി (ഫൈസർ ഫാർമസ്യൂട്ടിക്കൽസ്)

1961ലാണു മനോരമയിൽ ഫൊട്ടോഗ്രഫറായത്. 2012 ൽ വിരമിച്ചു. 1973ലെ പ്രസ് ഫോട്ടോ പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധിയെക്കൊണ്ടു ബോട്ടോടിപ്പിച്ച ഫൊട്ടോഗ്രഫർ

ഇന്ദിരാ ഗാന്ധിയെക്കൊണ്ടു ബോട്ടോടിപ്പിച്ച ഫൊട്ടോഗ്രഫറെ അതിസാഹസികൻ എന്നല്ലാതെ മറ്റെന്തു വിളിക്കും ? 1966ലെ എഐസിസി സമ്മേളനത്തിനു കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് എറണാകുളം കായലിലെ ജലോൽസവം അവിസ്മരണീയമായതിനു പിന്നിൽ എം.കെ. വർഗീസിന്റെ വീരകൃത്യങ്ങളുണ്ട്. കായൽ സവാരിക്കു ബോട്ടിൽ കയറിയ തനിക്കു പിന്നാലെ ചാടിക്കയറിയ ഫൊട്ടോഗ്രഫറെ അംഗരക്ഷകർ പുറത്തേക്കു തള്ളുന്നതു കണ്ട് ഇന്ദിര ഇടപെട്ടതാണു ക്യാമറയ്ക്കു സൗഭാഗ്യമായത്. 

വർഗീസ് ഒപ്പം പോന്നോട്ടെയെന്നു പ്രധാനമന്ത്രി പറഞ്ഞതും ക്യാമറ കൺതുറന്നു. ബോട്ടിന്റെ സ്റ്റിയറിങ് ഒന്നു തിരക്കാമോയെന്നു ചോദിച്ചപ്പോൾ അവർ അതു സന്തോഷത്തോടെ സമ്മതിച്ചു. ആ നിമിഷം അനശ്വരമാകുകയും ചെയ്തു. കേരളീയ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെടുത്തു തരണമെന്നു പിന്നീട് ഇന്ദിര തന്നെ ആവശ്യപ്പെട്ടതും ചരിത്രം.

പുതുമ തേടി ക്യാമറ

ഫ്ലാഷ് ഫോട്ടോസിന്റെയും പോസ് ചെയ്യിച്ചുളള പടങ്ങളുടെയും കാലം വിട്ട് റിയലിസ്റ്റിക് ഫോട്ടോകളുടെ ഫ്രെയിമുകളിലേക്കു മലയാള ന്യൂസ് ഫൊട്ടോഗ്രഫി വഴിമാറിയതിൽ വർഗീസിനുള്ള പങ്കു ചെറുതല്ല.സാങ്കേതിക വിദ്യയുടെ സുപ്രധാന പരിണാമദിശകളിൽ ഫോട്ടോയെടുപ്പിന്റെ പല കാലഘട്ടങ്ങളെ ആശ്ലേഷിച്ചും ആഘോഷിച്ചും അദ്ദേഹം കടന്നുപോയി. ഓരോ എക്സ്പോഷറിനും ശേഷം ബെല്ലോസ് തിരിക്കേണ്ടിയിരുന്ന ജർമൻ നിർമിത സിസിക്കോൺ ഐക്കോണ്ട ക്യാമറ മുതൽ ഫിലിം വേണ്ടാത്ത ഡിജിറ്റൽ ക്യാമറ വരെ അദ്ദേഹത്തിനു വഴങ്ങി.

എന്നും ചെറുപ്പമായ കാഴ്ചകൾ

22– ാമത്തെ വയസ്സിലാണ് എം.കെ. വർഗീസ് മനോരമയുടെ സ്റ്റാഫ് ഫൊട്ടോഗ്രഫറായത്. വിമോചനസമരകാലത്തെ ചിത്രങ്ങൾ പകർത്തിയും ഫോട്ടോഗ്രാഫറായിരുന്ന പിതാവിന്റെ സഹായിയായുമാണു വർഗീസ് ഈ രംഗത്തെത്തിയത്. 1973ൽ പ്രസ് ഫോട്ടോ പുരസ്കാരം ലഭിച്ചു. കടലിൽപ്പോയ ഭർത്താവിനെ കാത്തിരിക്കുന്ന സ്ത്രീയുടെയും മക്കളുടെയും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം.

പെരുമൺ ദുരന്തം, ഇടുക്കി ഡാം ഉദ്ഘാടനം, മാർപാപ്പയുടെ ശ്രീലങ്ക സന്ദർശനം, ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസ്, വിവിധ സ്പോർട്സ് മീറ്റുകൾ എന്നിവയിലൊക്കെ വർഗീസിന്റെ ഫോട്ടോകൾ തരംഗമായി. അദ്ദേഹത്തിന്റെ ‘ഡാർക് റൂമുകളി’ൽ ഓരോ ഫിലിമിലെയും സൃഷ്ടികളുടെ പിറവിക്കു സാക്ഷിയാകാൻ പോലുമുണ്ടായിരുന്നു ആരാധകർ. പ്രായം കൂടി വരുന്തോറും ചെറുപ്പമായി ആ ഫൊട്ടോഗ്രഫർ.

ലോക പ്രസിദ്ധ ഫൊട്ടോഗ്രഫർ നിക് ഉട് ഈയിടെ കേരളത്തി‍ൽ വന്നപ്പോൾ അഭിമാനത്തോടെ പരിചയപ്പെടുത്താവുന്ന ലെജൻഡറി ഫൊട്ടോഗ്രഫർ ആരായിരിക്കണമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല– എം.കെ. വർഗീസ് തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA