ADVERTISEMENT

തൃശൂർ ∙  പുതിയ എസ്ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയ‍ിക്കാനുള്ള ഏർപ്പാടുകളൊന്നും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .  പൊലീസ് സേനയിൽ നേരിട്ട് എസ്ഐമാരായി നിയമിക്കപ്പെടുന്ന വനിതകൾ ഉൾപ്പെട്ട ആദ്യ ബാച്ചിന്റെ പാസിങ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക തുടങ്ങിയവയാണ്  പണ്ടൊക്കെ ചില എസ്ഐമാർ പുതിയൊരു സ്ഥലത്തേക്കു ചെന്നാൽ സ്വീകരിക്കുന്ന നയം. ഇത് ആവശ്യമുള്ള കാര്യമല്ലെന്ന് പിണറായി പറഞ്ഞു. 

മടിയും ഭയവും ലവലേശമില്ലാതെ പൊലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. പക്ഷഭേദമില്ലാതെ, മുഖം നോക്കാതെ നടപടിയെടുക്കണം. പാവപ്പെട്ടവർക്കു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അവർക്ക് അൽപം മുൻഗണന നൽകണം. ജനങ്ങളാണ് ഏതു സേവനത്തിന്റെയും യജമാനന്മാർ എന്ന ധാരണയുണ്ടാകണം. ജനങ്ങളുടെ വിശ്വാസമാർജിക്കാൻ പൊലീസിനു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയർ അജിത വിജയൻ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പൊലീസ് അക്കാദമി ഡയറക്ടർ എഡിജിപി ബി. സന്ധ്യ, ട്രെയ്നിങ് ഡിഐജി അനൂപ് കുരുവിള ജോൺ, റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ, അസി. ഡയറക്ടർ ഉമ ബെഹ്റ, സിബിഐ കോടതി സ്പെഷൽ ജഡ്ജി ഹണി എം. വർഗീസ് തുടങ്ങിയവർ സന്നിഹിതരായി. 121 എസ്ഐമാരുടെ ബാച്ചിൽ 37 പേരാണ് വനിതകൾ. കമാൻഡോ ട്രെയ്നിങ്, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയ്നിങ്, കോസ്റ്റൽ ട്രെയ്നിങ് തുടങ്ങി വിവിധ മേഖലകളിൽ ഇവർക്കു വിദഗ്ധ പരിശീലനം നൽകി.

സംസ്ഥാനത്ത് പബ്ബുകൾ  വന്നേക്കും

തൃശൂർ ∙ ബെംഗളൂരുവിലും മറ്റും ഉള്ളതു പോലെ സംസ്ഥാനത്തു പബ്ബുകൾ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ടിവി പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെപ്പോലെയുള്ളവർക്ക് ജോലി കഴിഞ്ഞ് അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിനു സൗകര്യമില്ലെന്നു പരാതിയുണ്ട്. ചർച്ചയിൽ മദ്യവിമുക്തിയും പരാമർശിച്ചു. അതിനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബവ്റിജസ് കോർപറേഷനിൽ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. ആളുകൾ ക്യൂ നിന്നു പ്രയാസപ്പെടുന്നത് ഒഴിവാക്കാനും നല്ല രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്നു സാധനങ്ങൾ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരാനുമായിരുന്നു നിർദേശം. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com