ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബിക്കു കീഴിലെ നിർമാണങ്ങൾക്കു ഗുണനിലവാരം ഉണ്ടായിരിക്കണമെന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അതിനായി ആരും ശുപാർശയുമായി വരേണ്ടെന്നും മന്ത്രി തോമസ് ഐസക്. മരാമത്ത് വകുപ്പ് എന്തു പദ്ധതി നൽകിയാലും കിഫ്ബി വെട്ടുകയാണെന്നും അവിടത്തെ ചിലർ പദ്ധതികൾ വിഴുങ്ങുന്ന ബകൻമാരാണെന്നുമുള്ള മന്ത്രി ജി.സുധാകരന്റെ വിമർശനത്തിനു പിന്നാലെയാണു തോമസ് ഐസക് നിലപാടു വ്യക്തമാക്കിയത്.

കിഫ്ബിക്കു കീഴിലെ 12 പദ്ധതികൾ അസാധ്യമാണെന്നു തിരിച്ചറിഞ്ഞു നിർത്തിവച്ചെന്ന എൻ.ഷംസുദ്ദീന്റെ ആരോപണത്തിനു നിയമസഭയിൽ മറുപടി നൽകുകയായിരുന്നു ഐസക്. മന്ത്രി സുധാകരനും അപ്പോൾ സഭയിലുണ്ടായിരുന്നു. അസാധ്യമെന്നു കണ്ട് ഒരു പദ്ധതിയും നിർത്തിവച്ചിട്ടില്ലെന്ന് ഐസക് പറഞ്ഞു. ഈ പദ്ധതികളുടെ പണി തുടങ്ങിയ ശേഷം ചില അപാകതകൾ കണ്ടെത്തി.

ആദ്യം നോട്ടിസും പിന്നെ മെമ്മോയും നൽ‌കി. എന്നിട്ടും തിരുത്തിയില്ല. അപ്പോഴാണു നിർത്തിവയ്ക്കാൻ പറഞ്ഞത്. അപാകത പരിഹരിക്കുമ്പോൾ നിർമാണം തുടരാൻ അനുമതി നൽകും.

കർശന പരിശോധന തുടരും: കിഫ്ബി

തിരുവനന്തപുരം∙ പദ്ധതികൾ നടപ്പാക്കാൻ പണം മുടക്കുന്ന തങ്ങൾ അതിന്റെ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുമെന്നും കർശന ഗുണനിലവാര പരിശോധന തുടരുമെന്നും കിഫ്ബി. മന്ത്രി ജി.സുധാകരന്റെ വിമർശനത്തിനു പിന്നാലെയാണ്, വർക്കല-പൊന്മുടി ടൂറിസം റോഡിലെ പണി നിർത്തിവച്ചതു വിശദീകരിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റിൽ കിഫ്ബി നിലപാടു വ്യക്തമാക്കിയത്. 

കിഫ്ബി പദ്ധതികളിൽ 2 റോഡുകൾക്ക്  മതിയായ നിലവാരമില്ലെന്ന് കണ്ടെത്തൽ

പത്തനംതിട്ട ∙ കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികളിൽ 2 റോഡുകൾക്ക് മതിയായ നിലവാരമില്ലെന്ന് കണ്ടെത്തി. കിഫ്ബി വഴി നിർമിച്ച 23 റോഡുകളാണ് മൊബൈൽ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് പരിശോധിച്ചത്. 

ഇതിൽ അമരവിള –ഒറ്റശേഖരമംഗലം, ചങ്ങനാശേരി – കവിയൂർ റോഡുകളുടെ നിർമാണത്തിലാണ് പോരായ്മ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ടാറിങിന്റെ ചേരുവയിലും മെറ്റൽ– എംസാൻഡ് അനുപാതത്തിലുമായിരുന്നു പോരായ്മ. ഇതിന്റെ സാംപിൾ കൂടുതൽ പരിശോധനയ്ക്കായി കേന്ദ്രലാബിലേക്ക് നൽകിയിരിക്കുകയുമാണ്. മന്ത്രി തോമസ് ഐസക് നിയമസഭയിൽ വി.എസ്.ശിവകുമാർ എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ആ ‘ബകൻ’ ഐസക്: ചെന്നിത്തല

പദ്ധതികളെല്ലാം വിഴുങ്ങുന്നു എന്നു മന്ത്രി ജി.സുധാകരൻ ആരോപിച്ച കിഫ്ബിയിലെ ബകൻ ധനമന്ത്രി തോമസ് ഐസക് തന്നെയാണെന്നു മനസ്സിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശസ്ഥാപന പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടിസ് ചർച്ചയിലാണു സുധാകരൻ–ഐസക് ശീതസമരത്തിനു നേരെ ചെന്നിത്തല ഒളിയമ്പെയ്തത്.സുധാകരൻ ഇതിനോടു പ്രതികരിച്ചില്ല. മന്ത്രി തോമസ് ഐസക്കും മൗനം ഭജിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com