ADVERTISEMENT

കോഴിക്കോട് ∙ ഗവ. ഓഫിസുകളിലെ ഫയൽ നീക്കത്തിനുള്ള ഇ–ഓഫിസ് സോഫ്റ്റ്‌വെയറിനു ബദൽ സംവിധാനം കണ്ടെത്താനുള്ള ശ്രമം സിപിഎമ്മിൽ നിന്നുള്ള ശക്തമായ എതിർപ്പിനെത്തുടർന്നു സർക്കാർ തൽക്കാലം ഉപേക്ഷിച്ചു. പുതിയ സംവിധാനത്തിനായി ക്ഷണിച്ച ടെൻഡർ 2 മാസത്തോളം ചർച്ച ചെയ്ത ശേഷം റദ്ദാക്കി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്ന നയത്തിനു വിരുദ്ധമായി, സ്വകാര്യ കുത്തകകൾക്കു തീറെഴുതുന്ന രീതിയിലാകും പുതിയ സംവിധാനമെന്ന പാർട്ടി വിലയിരുത്തലിനെത്തുടർന്നാണു ടെൻഡർ റദ്ദാക്കൽ.

നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഇ–ഓഫിസിനു ബദൽ കണ്ടെത്താനായി കഴിഞ്ഞ ജൂണിലാണ് ഐടി മിഷൻ നടപടി ആരംഭിച്ചത്. 2 കമ്പനികൾ മാത്രമാണു ടെൻഡറിൽ അവസാനമുണ്ടായിരുന്നത്.

ഇടത് അനുകൂല സർവീസ് സംഘടനകളും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡവും പുതിയ സോഫ്റ്റ‌്‌വെയറിനെ എതിർത്തിരുന്നു. സിപിഐയുടെ നേതൃത്വത്തിലുള്ള കൃഷി, റവന്യു വകുപ്പുകളിൽ ഇ–ഓഫിസ് ശക്തമായി നടപ്പാക്കാൻ തീരുമാനിച്ചതും സർക്കാർ നീക്കത്തിനു തിരിച്ചടിയായി.

ഇ–ഓഫിസ്?

ഗവ. ഓഫിസുകളിലെ ഫയൽ – തപാൽ രൂപീകരണം, തുടർനടപടികൾ, ഉത്തരവു പുറപ്പെടുവിക്കൽ തുടങ്ങിയവയ്ക്കായുള്ള സോഫ്റ്റ്‌വെയർ ആണ് ഇ–ഓഫിസ്. ജനങ്ങൾക്കു ഫയലുകളുടെ സ്ഥിതിവിവരം അറിയാനും സർക്കാർ ഉത്തരവുകൾ കാണാനും വിവിധ സർക്കാർ വകുപ്പുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ട്.

English Summary: No replacement for e-office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com