ADVERTISEMENT

തിരുവനന്തപുരം ∙ പെരിയയിൽ 2 കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ വെട്ടിക്കൊന്ന കേസ് സിബിഐക്കു വിടരുതെന്നു വാദിക്കാനായി പുറത്തുനിന്നു കൊണ്ടുവന്ന അഭിഭാഷകനു വീണ്ടും സർക്കാർ വക 20 ലക്ഷം രൂപ. കൊല്ലപ്പെട്ട യുവാവിന്റെ പിതാവു സമർപ്പിച്ച ഹർജിക്കെതിരെ ഹൈക്കോടതിയിൽ വാദിക്കാനായി ഡൽഹിയിൽ നിന്നു കൊണ്ടുവന്ന അഭിഭാഷകനു സർക്കാർ 25 ലക്ഷം രൂപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.

വാദത്തിനിടെ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായതോടെയാണു പകരം മറ്റൊരു അഭിഭാഷകനെ കൊണ്ടുവരുന്നത്. പുതിയ അഭിഭാഷകൻ മനീന്ദർ സിങ്ങിന് 20 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒപ്പമെത്തുന്ന സഹായിക്ക് 1 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.

മകനെ കൊലപ്പെടുത്തിയവർക്കെതിരെ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെടുന്ന പിതാവിനെതിരെ വാദിക്കാൻ സർക്കാർ ഖജനാവിൽനിന്ന് ഇതുവരെ ആകെ അനുവദിച്ചത് 46 ലക്ഷം രൂപ. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവു വേറെ.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെ പിതാവ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവായി. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനാണു സർക്കാർ പണം ചെലവിടുന്നത്. 

ഇൗ കാശിന്  പണിയാം 11 വീട്

നാലു ലക്ഷം രൂപയ്ക്കു വീടു വച്ചു നൽകുന്ന സർക്കാരിന്റെ ലൈഫ് പദ്ധതിക്കുവേണ്ടി പരിഗണിച്ചാൽ പെരിയ കേസ് വാദത്തിനായി സർക്കാർ ചെലവാക്കുന്ന പണംകൊണ്ട് 11 വീടുകൾ നിർമിക്കാം. ഒറ്റമുറി ഓലപ്പുരയിൽ കഴിഞ്ഞിരുന്ന കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഇൗഡൻ എംപിയുടെ നേതൃത്വത്തിൽ വീടു നിർമിച്ചു നൽകിയിരുന്നു. ഇതിനു ചെലവായത് 19 ലക്ഷം രൂപ. സർക്കാർ അഭിഭാഷകർക്ക് അനുവദിച്ച പണമുണ്ടെങ്കിൽ ഇതുപോലെ 2 വീടു നിർമിക്കാം. സർക്കാരിനു വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ശമ്പളം നൽകി നിയോഗിച്ചിരിക്കെയാണു ഡൽഹിയിൽ നിന്നുള്ള ഇറക്കുമതി. 

English Summary: Periya twin murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com